ഖത്തറില്‍ അര്‍ജന്‍റീനയ്ക്കുണ്ടൊരു 12-ാമന്‍; ഫ്രാന്‍സിന് ഈ വെല്ലുവിളി കൂടി മറികടക്കണം, അത് ചില്ലറകാര്യമല്ല!

0
246

ദോഹ: ഫ്രാൻസിനെ നേരിടാൻ അർജന്‍റീൻയിറങ്ങുമ്പോള്‍ ഫൈനൽ വേദിയായ ലുസൈൽ സ്റ്റേഡിയം ഒരു നീലക്കടലായി മാറുമെന്നതിൽ സംശയം വേണ്ട. ആരാധകരുടെ കണക്കുകൾ സൂചിപ്പിക്കുന്നതും അത് തന്നെയാണ്. ഒരു കാൽപ്പന്തിന്‍റെ സഞ്ചാരത്തിനനുസരിച്ചാണ് ഈ ആൾക്കൂട്ടത്തിന്‍റെ ശ്വാസഗതിപോലും. അത്രമേൽ അലിഞ്ഞു ചേർന്നൊരു പ്രണയമുണ്ട് ഈ നീലയും വെള്ളയും നിറത്തോടവര്‍ക്ക്.

അതുകൊണ്ടാണ് അർജന്‍റീന പന്ത് തട്ടാനിറങ്ങുമ്പോഴൊക്കെ ഗ്യാലറിയൊരു നീലക്കടലായി മാറുന്നത്. നാൽപതിനായിരത്തോളം അർജന്‍റീനക്കാർ ഇപ്പോൾ ഖത്തറിൽ ഉണ്ടെന്നാണ് ഔദ്യോഗിക കണക്ക്. ഫൈനലിന് തൊട്ടുമുൻപ് ആറായിരം മുതൽ എണ്ണായിരം പേർക്കൂടി ഖത്തറിലേക്ക് എത്തുമെന്നാണ് കണക്കാക്കുന്നത്. അങ്ങനെയാണെങ്കിൽ ഒരു രാജ്യത്ത് നിന്ന് ലോകകപ്പ് മത്സരത്തിനായി മാത്രം മറ്റൊരു രാജ്യത്തേക്കെത്തുന്ന ഏറ്റവും വലിയ ആരാധകരുടെ കൂട്ടമാകും അത്.

മറ്റ് രാജ്യത്ത് നിന്നുള്ള അർജന്‍റൈൻ ആരാധകരെക്കൂടി കൂട്ടിയാൽ മെസിപ്പടയ്ക്ക് വേണ്ടി ആരവം ഉര്‍ത്താന്‍ എത്തുന്നവരുടെ എണ്ണം അരലക്ഷമെത്തും. 88,966 പേർക്കാണ് ലുസൈൽ സ്റ്റേഡിയത്തിൽ കളി കാണാനാവുക. നാലായിരത്തോളം നീല ബലൂണുകളും ആറായിരത്തോളം അർജന്‍റൈൻ പതാകകളും രണ്ടായിരത്തോളം സ്കാർഫുകളും ആരാധകരുടെ കൈവശം ഇപ്പോഴേ തയ്യാറാണ്. അതായത് നാളെ ലുസൈൽ ഒരു നീലക്കടലാകുമെന്ന് ഉറപ്പ്. ഇതിഹാസ പൂര്‍ണതയ്ക്ക് ലോകകപ്പിന്‍റെ മേമ്പൊടി കൂടി വേണമെന്ന് വാശി പിടിക്കുന്നവര്‍ക്ക് ഈ ആരാധകക്കൂട്ടത്തിന് മുന്നില്‍ തന്നെ മറുപടി നല്‍കാനുള്ള അവസരമാണ് മെസിക്ക് മുന്നിലുള്ളത്.

കിലിയന്‍ എംബാപ്പെയും ലിയോണല്‍ മെസിയും തമ്മിലുള്ള പോരാട്ടത്തിനൊപ്പം മധ്യനിര പിടിച്ചടിക്കാന്‍ അന്‍റോണിയോ ഗ്രീസ്‌മാനും എന്‍സോ ഫെര്‍ണാണ്ടസും തമ്മിലുള്ള പോരാട്ടം കൂടിയായി ഇന്നത്തെ മത്സരം മാറും. തന്ത്രങ്ങളുടെ ആശാനായ ദെഷാമും അര്‍ജന്‍റീനയെ കൈ പിടിച്ചുയര്‍ത്തിയ ലിയോണല്‍ സ്കലോണിയും തമ്മിലുള്ള മികവിന്‍റെ മാറ്റുരയ്ക്കല്‍ കൂടിയാണ് ഇന്നത്തെ ലോക പോരാട്ടം.

LEAVE A REPLY

Please enter your comment!
Please enter your name here