കാനറികളുടെ ചിറകരിഞ്ഞ് കാമറൂണിന് വിരോചിത മടക്കം; ബ്രസീലിനൊപ്പം സ്വിറ്റ്സർലൻഡും പ്രീക്വാർട്ടറിൽ

0
192

ദോഹ: വമ്പന്മാരായ ബ്രസീലിനെ ലോക വേദിയിൽ തളച്ച് കാമറൂണിന്റെ വിരോചിത മടക്കം. ​ഗ്രൂപ്പ് ജിയിലെ അവസാന പോരാട്ടങ്ങളിൽ ബ്രസീലിന്റെ വിജയ സ്വപ്നങ്ങളെ കരിച്ച് കാമറൂൺ എതിരില്ലാത്ത ഒരു ​ഗോളിന്റെ വിജയമാണ് സ്വന്തമാക്കിയത്. ബ്രസീൽ നേരത്തെ തന്നെ പ്രീ ക്വാർട്ടർ ഉറപ്പിച്ചിരുന്നു. സെർബിയക്കെതിരെ രണ്ടിനെതിരെ മൂന്ന് ​ഗോളുകൾക്ക് വിജയം നേടി സ്വിറ്റ്സർലാൻഡും അവസാന 16ലേക്ക് കുതിച്ചു. വിൻസെന്റ് അബൂബക്കർ നേടിയ മിന്നും ​ഗോളിലാണ് കാമറൂൺ എക്കാലവും ഓർത്തിരിക്കാനാവുന്ന വിജയം പേരിലെഴുതിയത്.

വീരോചിതം കാമറൂൺ

രണ്ടാം നിരയാണ് കളത്തിൽ എന്ന് കടലാസിൽ പറയുമെങ്കിലും ഒന്നിനൊന്ന് മെച്ചപ്പെട്ട താരങ്ങളാണ് ബ്രസീലിന് വേണ്ടി എല്ലാ പൊസിഷനിലും ഉണ്ടായിരുന്നത്. പ്രീക്വാർട്ടർ ഉറപ്പിച്ചെങ്കിലും മിന്നും വിജയം ലക്ഷ്യമിട്ട് തന്നെയാണ് ഇറങ്ങിയതെന്ന് കാനറികളുടെ ആദ്യ കുതിപ്പുകൾ വ്യക്തമാക്കി. ആദ്യ നിമിഷങ്ങളിൽ ആന്റണി, പിന്നീട് മാർട്ടിനെല്ലി, അതു കഴിഞ്ഞ് റോഡ്രി​ഗോ എന്നിവരുടെ അതിവേ​ഗ നീക്കങ്ങൾക്ക് തടയിടാൻ കാമറൂൺ നന്നേ പണിപ്പെട്ടു. പലപ്പോഴും ഫൗളുകളിലൂടെയാണ് കാമറൂൺ അപകടം ഒഴിവാക്കിയത്. മൂന്ന് മഞ്ഞ കാർഡുകൾ ആദ്യ പകുതിയിൽ തന്നെ ആഫ്രിക്കൻ സംഘത്തിന് ലഭിച്ചു. 14-ാം മിനിറ്റിലാണ് മത്സരത്തിലെ ഏറ്റവും മികച്ച അവസരം ബ്രസീലിന് ലഭിക്കുന്നത്.

ഫ്രെഡിന്റെ ഒരു അളന്നു മുറിച്ച ക്രോസിൽ മാർട്ടിനെല്ലി കൃത്യമായി ചാടി തലവെച്ചെങ്കിലും കാമറൂൺ ​ഗോൾകീപ്പർ എപ്പാസി തട്ടിയകറ്റി. ജീവന്മരണ പോരാട്ടത്തിനിറങ്ങിയ കാമറൂണും ചില മികച്ച നീക്കങ്ങൾ നടത്തി. 20-ാം മിനിറ്റിൽ ചുപ്പോ മോട്ടിം​ഗ് ബ്രസീലിയൻ പ്രതിരോധ നിരയെ വെട്ടിയൊഴിഞ്ഞ് മുന്നേറിയെങ്കിലും മിലിറ്റാവോ രക്ഷക്കെത്തി. തൊട്ട് പിന്നാലെ ചുപ്പോ മോട്ടിം​ഗിന്റെ പാസിൽ ടോളോയുടെ ക്രോസിലെ അപകടം എഡേഴ്സൺ കുത്തിയറ്റി. പിന്നീട് ബ്രസീലിന്റെ മികച്ച നീക്കങ്ങൾ നിരവധി കണ്ടെങ്കിലും കാണികളെ ഒന്നാകെ ത്രസിപ്പിച്ചത് ഇഞ്ചുറി ടൈമിലെ മാർട്ടിനെല്ലിയുടെ ഷോട്ടാണ്. എപ്പാസി തന്റെ കഴിവ് മുഴുവൻ പുറത്തെടുത്താണ് അത് ​ഗോളാകാതെ സംരക്ഷിച്ചത്.

ഇഞ്ചുറി സമയത്ത് തന്നെ മഞ്ഞപ്പടയുടെ ബോക്സിലും കാമറൂണിന്റെ വക അതി​ഗംഭീര കടന്നാക്രമണം നടന്നു. ​ഗമേലുവിന്റെ ക്രോസിൽ മാർക്ക് ചെയ്യപ്പെടാതെ നിന്ന് എംബുമോ ഹെഡ് ചെയ്തെങ്കിലും ഒരു ഫുൾ ലെം​ഗ്ത് ഡൈവിലൂടെ എഡേഴ്സൺ പന്ത് വലയിൽ കയറാതെ സംരക്ഷിച്ചു. ഈ ലോകകപ്പിൽ ബ്രസീലിനെതിരെ ഓൺ ടാർ​ഗറ്റ് വന്ന ആദ്യ ഷോട്ട് കൂടി ആയിരുന്നു ഇത്. കാമറൂണിന്റെ മുന്നേറ്റങ്ങളോടെയാണ് രണ്ടാം പകുതി തുടങ്ങിയത്. അബൂബക്കറിന്റെ ഷോട്ട് നേരിയ വ്യത്യാസത്തിലാണ് പുറത്ത് പോയത്. ഇതിനിടെ പരിക്കേറ്റ് അലക്സ് ടെല്ലസ് പുറത്ത് പോയത് ബ്രസീലിന് വൻ തിരിച്ചടിയുണ്ടാക്കി. 56-ാം മിനിറ്റിൽ സൂപ്പർ സ്ട്രൈക്കുമായി മാർട്ടിനെല്ലി വീണ്ടും എപ്പാസിയെ പരീക്ഷിച്ചെങ്കിലും കാമറൂൺ ​ഗോളി കാനറികളുടെ വിജയ സ്വപ്നങ്ങളെ തടുത്തുക്കൊണ്ടേയിരുന്നു.

മികച്ച മുന്നേറ്റങ്ങൾ ഏവേ ജേഴ്സിയായ നീലയിലും വെള്ളയിലും ഇറങ്ങിയ ബ്രസീലിൽ നിന്ന് ഉണ്ടായെങ്കിലും ഫിനിഷിം​ഗിലെ പിഴവുകൾ കാരണം ​ഗോളുകൾ മാത്രം പിറന്നില്ല. ജയിച്ചില്ലെങ്കിൽ ലോകകപ്പ് സ്വപ്നങ്ങൾ തന്നെ അവസാനിക്കുമെന്നതിനാൽ കാമറൂൺ ആകുന്ന വിധം ഒക്കെ ആക്രമണം നടത്തി. ബ്രൂണോയെയും റിബെറോയുമെല്ലാം വരിഞ്ഞുള്ള കാമറൂൺ പ്രതിരോധ നിരയുടെ പരിശ്രമങ്ങൾ കാനറികൾക്ക് ചെറിയ തലവേദനയൊന്നുമല്ല ഉണ്ടാക്കിയത്. ഇഞ്ചുറി ടൈമിലാണ് കാമറൂൺ കാനറികളുടെ ചിറകരിഞ്ഞ ​ഗോൾ സ്വന്തമാക്കിയത്. നായകൻ വിൻസെന്റ് അബൂബക്കറിന്റെ തലപ്പാകത്തിനാണ് എംബെക്കലിയുടെ ക്രോസ് എത്തിയത്. എഡേഴ്സണെ വെറും നോക്കുകുത്തിയാക്കി അബൂബക്കർ പന്ത് ​ഗോൾ വര കടത്തി.

ഇഞ്ചോടിഞ്ച്, ഒടുവിൽ സ്വിസ് വിജയം 

ആദ്യ പകുതിയിൽ ഇഞ്ചോടിഞ്ച് പൊരുതുന്ന സെർബിയയും സ്വിറ്റ്സർലാൻഡുമായിരുന്നു കളത്തിൽ. സെർബിയൻ സ്വപ്നങ്ങൾക്ക് മേൽ പടർന്നു കയറി സ്വിസ്സിന് വേണ്ടി 20-ാം മിനിറ്റിൽ തന്നെ ഷാഖിരി ആദ്യ പ്രഹരം ഏൽപ്പിച്ചു. സൗവ്വിന്റെ പാസിൽ നിന്നായിരുന്നു ​ഗോൾ. വെറും ആറേ ആറ് മിനിറ്റുകൾ മതിയായിരുന്നു സെർബിയക്ക് അതിന് മറുപടി കൊടുക്കാൻ. ടാ‍‍ഡിച്ചിന്റെ ക്രോസിൽ ഹെ‍ഡ്ഡറിലൂടെ ​ഗോൾ നേടിയ മിട്രോവിച്ച് സെർബിയയുടെ എക്കാലത്തെയും ടോപ്പ് സ്കോറർ എന്ന നേട്ടവും കൂടെ പേരിലെഴുതി.

സമനില ​ഗോളിന്റെ ആരവം ​ഗാലറിയിൽ ഒടുങ്ങുന്നതിന് മുമ്പ് വ്‍‍ലാഹോവിച്ചിലൂടെ സെർബിയ മുന്നിലെത്തി. ഒന്ന് വിയർത്തെങ്കിലും ആദ്യ പകുതിയിൽ തന്നെ സമനില കണ്ടെത്തിയാണ് സ്വിസ് നിര തിരികെ കയറിയത്. 44-ാം മിനിറ്റിൽ എംബോളോയാണ് സ്വിറ്റ്സർലാൻഡിന്റെ രക്ഷകനായത്. ആദ്യ പാതിയിൽ നിർത്തിയിടത്ത് നിന്നാണ് സ്വിസ് സംഘം രണ്ടാം പകുതിയിൽ തുടങ്ങിയത്. വർ​ഗാസ് ഒരുക്കി തന്ന അവസരത്തിൽ ഫ്രൂളർക്ക് ലക്ഷ്യം പിഴച്ചില്ല, സ്വിറ്റ്സർലാൻഡ് മുന്നിലെത്തി. അവസാന നിമിഷം വരെ പൊരുതിയെങ്കിലും സെർബിയക്ക് ഇതിന് മറുപടി നൽകാനായില്ല.

LEAVE A REPLY

Please enter your comment!
Please enter your name here