2021 ൽ 3,922 കേസ്; ഈ വർഷം ഇതുവരെ 6,038 കേസ്: ലഹരിയിൽ മുങ്ങി കേരളം

0
144

തിരുവനന്തപുരം ∙ സംസ്ഥാനത്ത് എക്സൈസ് പിടികൂടുന്ന ലഹരി വസ്തുക്കളുടെ അളവിൽ വൻ വർധന. റജിസ്റ്റർ ചെയ്ത എൻഡിപിഎസ് കേസുകളുടെ എണ്ണം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഏകദേശം ഇരട്ടിയായി. 2021ൽ 3,922 കേസുകളാണു റജിസ്റ്റർ ചെയ്തതെങ്കിൽ, ഈ വർഷം ഡിസംബർ 26 വരെ 6,038 കേസ് റജിസ്റ്റർ ചെയ്തു. എൻഡിപിഎസ് കേസുകളിൽ കഴിഞ്ഞ വർഷം 3,916 പേരെയാണ് അറസ്റ്റു ചെയ്ത്. ഈ വർഷം ഡിസംബർ 26 വരെ അറസ്റ്റിലായത് 5,961 പേർ.

ഈ വർഷം പിടിച്ചെടുത്ത ബ്രൗൺ ഷുഗർ, എംഡിഎംഎ, എൽഎസ്ഡി സ്റ്റാംപുകൾ എന്നിവയിൽ വലിയൊരളവും കണ്ടെടുത്തത് ഓഗസ്റ്റ് മുതൽ ഡിസംബർ വരെയുള്ള കാലയളവിലാണ്. പിടിച്ചെടുത്ത കഞ്ചാവിന്റെ അളവ് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കുറഞ്ഞിട്ടുണ്ട്. 2021ൽ പിടിച്ചത് 5,632 കിലോ കഞ്ചാവാണ്. ഈ വർഷം ഡിസംബർ വരെ 3,597 കിലോ കഞ്ചാവ് പിടികൂടി.

നശിപ്പിച്ച കഞ്ചാവ് ചെടികളുടെ എണ്ണം കൂടി. കഴിഞ്ഞ വർഷം നശിപ്പിച്ചത് 760 കഞ്ചാവ് ചെടികളാണെങ്കിൽ, ഈ വർഷമത് 1,896 ചെടികളായി. പിടിച്ചെടുത്ത ഹഷീഷ് ഓയിലിന്റെ അളവ് കുത്തനെ കൂടിയിട്ടുണ്ട്. കഴിഞ്ഞ വർഷം പിടികൂടിയത് 16,062 ഗ്രാം ഹഷീഷ് ഓയിൽ; ഈ വർഷം 37,449 ഗ്രാം. കഴിഞ്ഞ വർഷം 18 ഗ്രാം ഹെറോയിൻ പിടിച്ചെടുത്തപ്പോൾ ഈ വർഷം 438 ഗ്രാം പിടികൂടി.

കഴിഞ്ഞ വർഷം 103 ഗ്രാം ബ്രൗൺ ഷുഗർ പിടിച്ച സ്ഥാനത്ത് ഈ വർഷം പിടിച്ചത് 127 ഗ്രാമാണ്. കഴിഞ്ഞ വർഷം 6130 ഗ്രാം എംഡിഎംഎ പിടികൂടിയപ്പോൾ, ഈ വർഷം പിടികൂടിയത് 7570 ഗ്രാം. 3.6 ഗ്രാം എൽഎസ്ഡിയുടെ സ്ഥാനത്ത് ഈ വർഷം പിടികൂടിയത് 42 ഗ്രാം. കഴിഞ്ഞ വർഷം പിടികൂടിയത് 172 ഗ്രാം ചരസ്. ഈ വർഷം പിടികൂടിയത് 255 ഗ്രാം. ഓഗസ്റ്റ് മുതൽ ഡിസംബർ വരെയുള്ള മൂന്നു മാസത്തെ കണക്കെടുത്താലും വലിയ വർധനയാണുള്ളത്. ഈ കാലയളവിൽ പിടിച്ചെടുത്ത ലഹരി വസ്തുക്കളുടെ അളവ് ഇങ്ങനെ: ബ്രൗൺ ഷുഗർ – 80.66 ഗ്രാം, എംഡിഎംഎ – 2493 ഗ്രാം, എൽഎസ്ഡി സ്റ്റാംപ് – 19.36 ഗ്രാം.

LEAVE A REPLY

Please enter your comment!
Please enter your name here