‘ഒരാൾ തീവ്രവാദിയാണെന്ന് വെറുതെ പറയാമോ, ഇത് ബിജെപി തന്ത്രമാണ്’; മം​ഗളുരു സ്ഫോടനത്തിൽ ഡി കെ ശിവകുമാർ

0
125

ബം​ഗളൂരു: മം​ഗളൂരുവിൽ ഓട്ടോറിക്ഷയിലുണ്ടായ സ്ഫോടനം തീവ്രവാദ പ്രവർത്തനമാണെന്ന കണ്ടെത്തൽ തെറ്റായിരിക്കാമെന്ന് കോൺ​ഗ്രസ് നേതാവ് ഡി കെ ശിവകുമാർ. മം​ഗളൂരുവിലെ കുക്കർബോംബ് സ്ഫോടനം വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു. എൻഐഎ അന്വേഷണം ഏറ്റെടുത്തിട്ടുമുണ്ട്.

കുക്കർ ബോംബുമായി ഓട്ടോറിക്ഷയിൽ കയറിയ യാത്രക്കാരനെ, സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താതെ തീവ്രവാദിയെന്ന് വിളിച്ചതിൽ ചോദ്യം ഉന്നയിച്ചാണ് ഡി കെ ശിവകുമാർ  ഇപ്പോൾ രം​ഗത്തെത്തിയിരിക്കുന്നത്. “ആരാണ് ഈ തീവ്രവാദികൾ? എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളത്? അന്വേഷണമില്ലാതെ അവർ (അന്വേഷണ ഏജൻസി)  എങ്ങനെയാണ് ഒരാളെ തീവ്രവാദി എന്ന് വിളിക്കുക? അവർ വിശദമായി പറഞ്ഞിരുന്നെങ്കിൽ നമുക്ക് അറിയാമായിരുന്നു. മുംബൈ, ദില്ലി, പുൽവാമ എന്നിവിടങ്ങളിൽ നടന്നത് പോലെയുള്ള തീവ്രവാദ പ്രവർത്തനമാണോ ഇത്. ഡികെ ശിവകുമാർ ചോദിച്ചു. ബോംബ് സ്‌ഫോടനത്തെ വേറെ രീതിയിൽ നിർവ്വചിച്ചതാകാം. ആർക്കെങ്കിലും അതിൽ തെറ്റു പറ്റിയതാകാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബിജെപി ഈ സ്ഫോടനത്തെ വോട്ട് നേടാനുള്ള കാരണമായി ഉപയോ​ഗിക്കുകയാണെന്നും ശിവകുമാർ ആരോപിച്ചു. വോട്ട് ആകർഷിക്കാനാണ് അവർ ഇത് ചെയ്യുന്നത്. കൂടുതൽ വോട്ട് നേടാനുള്ള അവരുടെ തന്ത്രം മാത്രമാണിത്. ഇത്തരമൊരു പരീക്ഷണം ആരും ഇതുവരെ നടത്തിയിട്ടില്ലെന്നും ഇത് രാജ്യത്തിന്റെ ചരിത്രത്തിന് നാണക്കേടാണെന്നും ഡികെ ശിവകുമാർ പറഞ്ഞു. അതേസമയം, ഡി കെ ശിവകുമാറിന്റെ പ്രസ്താവനയ്‌ക്കെതിരെ ആഞ്ഞടിച്ച് ബിജെപി വക്താവ് എസ് പ്രകാശ്, കോൺഗ്രസ് നേതാവ് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടു. “ആരാണ് തീവ്രവാദിയെന്ന് പൊലീസ് അന്വേഷണത്തിന് ശേഷം തീരുമാനിക്കും. ഇത്രയും വർഷം മന്ത്രിയായിട്ടും ഡി കെ ശിവകുമാറിന് അടിസ്ഥാനകാര്യങ്ങൾ അറിയില്ലെങ്കിൽ അത് ദൗർഭാഗ്യകരമാണ്. ഭീകരപ്രവർത്തനം നടത്തിയവർക്ക് പിന്തുണയുമായി രംഗത്തുവരുന്നത് വളരെ അപകടകരമാണ്. കർണാടകയിലെ ജനങ്ങളുടെ ജീവനാണ് ഇയാൾ അപകടത്തിലാക്കുന്നത്. തന്റെ അശ്രദ്ധമായ പരാമർശത്തിന് അദ്ദേഹം മാപ്പ് പറയണം. ബിജെപി നേതാവ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here