സ്വന്തമായി ഫോണുള്ള സ്ത്രീകളുടെ എണ്ണം വെറും 31 ശതമാനം; രാജ്യത്ത് ഡിജിറ്റൽ അസമത്വം കൂടുന്നതായി റിപ്പോർട്ട്

0
131

ദില്ലി: ഡിജിറ്റൽ ഇന്ത്യയിൽ അസമത്വങ്ങൾ കൂടുന്നതായി റിപ്പോർട്ട്. ജാതി, മതം, ലിംഗം, വർഗം, ഭൂപ്രദേശം എന്നിവയുടെ അടിസ്ഥാനത്തിലാണ് അസമത്വങ്ങൾ നേരിടുന്നത്. 2021 ൽ പുറത്തുവന്ന റിപ്പോർട്ടനുസരിച്ച് സ്വന്തമായി ഫോണുളള പുരുഷൻമാരുടെ എണ്ണം 61 ശതമാനമാണെങ്കിൽ സ്ത്രീകളുടെ എണ്ണം വെറും 31 ശതമാനമാണ്.   ‘ഇന്ത്യ ഇൻഇക്വാലിറ്റി റിപ്പോർട്ട് 2022: ഡിജിറ്റൽ ഡിവൈഡ്’ അനുസരിച്ചാണ് ഈ കണക്കുകൾ പുറത്തുവന്നിരിക്കുന്നത്.

ഓക്‌സ്ഫാം ഇന്ത്യയാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. ഈ ഡാറ്റ പറയുന്നത് അനുസരിച്ച് ഡിജിറ്റൽ സാങ്കേതികവിദ്യകളുടെ വ്യാപനം പുരുഷന്മാർക്കും നഗരങ്ങൾക്കും ഉയർന്ന ജാതിക്കാർക്കും ഉയർന്ന ക്ലാസ് കുടുംബങ്ങൾക്കും വ്യക്തികൾക്കും മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. കൂടാതെ പൊതുവിഭാ​ഗത്തിൽ ഉൾപ്പെട്ട എട്ട് ശതമാനത്തിൽ കമ്പ്യൂട്ടറും ലാപ്ടോപ്പും ഉൾപ്പെട്ടിട്ടുണ്ട്. കമ്പ്യൂട്ടറും ലാപ്ടോപ്പും സ്വന്തമായി ഉള്ള പട്ടികവർ​ഗക്കാരുടെ എണ്ണം വെറും ഒരു ശതമാനമാണുള്ളത്. പട്ടികജാതി വിഭാ​ഗത്തിൽ ഇത് വെറും രണ്ട് ശതമാനമാണ്.

രാജ്യത്തെ പുരുഷന്മാരുമായി താരതമ്യം ചെയ്യുമ്പോൾ സ്ത്രീകൾ മൊബൈൽ ഇന്റർനെറ്റ് ഉപയോഗിക്കാനുള്ള സാധ്യത 33 ശതമാനമാണെന്നാണ് റിപ്പോർട്ട്. ജിഎസ്എംഎയുടെ മൊബൈൽ ജെൻഡർ ഗ്യാപ്പിന്റെ ഡാറ്റ അനുസരിച്ചാണ് റിപ്പോർട്ട്.  2018 ജനുവരി മുതൽ 2021 ഡിസംബർ വരെയുള്ള സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കണോമിയുടെ (CMIE) സർവേയിലും പ്രൈമറി ഡാറ്റയിലും ഈ അസമത്വം വ്യക്തമാക്കുന്നുണ്ട്.2021 ൽ  സ്ഥിരമായി ജോലിയുള്ള തൊഴിലാളികളിൽ 95 ശതമാനം പേർക്കും ഫോൺ ഉണ്ട്. ജോലി തേടുന്നവരിൽ 50 ശതമാനം പേർക്ക് മാത്രമാണ് സ്വന്തമായി ഫോൺ ഉള്ളതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ​ഗ്രാമപ്രദേശങ്ങളിൽ ഉള്ളവരുടെ ഇടയിൽ കമ്പ്യൂട്ടർ ഉപകരണങ്ങളുടെ ഉപയോ​ഗം കുറഞ്ഞിട്ടുണ്ട്. കൊവിഡ് വ്യാപനത്തിന് മുൻപ് ​ഗ്രാമീണ ജനസംഖ്യയുടെ മൂന്ന് ശതമാനം പേരുടെ കൈയ്യിൽ മാത്രമാണ് കമ്പ്യൂട്ടറുള്ളത്. കോവിഡ് കുറഞ്ഞപ്പോഴേക്കും ഇത് വീണ്ടും കുറഞ്ഞ് ഒരു ശതമാനമായി മാറി. ​ന​ഗരപ്രദേശത്തും ഇത് കുറഞ്ഞിട്ടുണ്ടെന്നാണ് റിപ്പോർട്ട്. നിലവിൽ സ്വന്തമായി കമ്പ്യൂട്ടറുള്ളവരുടെ എണ്ണം എട്ട് ശതമാനമാണ്. വിദ്യാഭ്യാസം, ആരോഗ്യം എന്നിങ്ങനെയുള്ള ആവശ്യ സേവനങ്ങളുടെ കാര്യത്തിലെ  ഡിജിറ്റൽ സാങ്കേതികവിദ്യകളുടെ ഉപയോഗത്തെ  രാജ്യത്തിന്റെ ഡിജിറ്റൽ അസമത്വം ബാധിക്കുന്നുണ്ട് എന്നും സൂചനയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here