കഴിഞ്ഞ കുറിച്ച് ദിവസങ്ങളായി ദീപിക പദുക്കോൺ ആണ് ബോളിവുഡിലെ ചർച്ചാ വിഷയം. പഠാൻ എന്ന ചിത്രത്തിലെ ആദ്യഗാനമായിരുന്നു ഇതിന് കാരണം. ബേഷരം രംഗ് എന്ന ഗാനത്തിൽ ദീപിക ധരിച്ച കാവി നിറത്തിലുള്ള ബിക്കിനി ഒരു വിഭാഗത്തെ ചൊടിപ്പിക്കുകയും സിനിമ ബഹിഷ്കരിക്കണമെന്ന ആവശ്യവുമായി അവർ രംഗത്തെത്തുകയും ചെയ്തു. ദീപികയ്ക്ക് എതിരെ സൈബർ ആക്രമണങ്ങളും വന്നു. എന്നാൽ ഈ വിവാദങ്ങൾക്ക് ഇടയിലും കഴിഞ്ഞ ദിവസം നടന്ന ഫിഫ വേൾഡ് കപ്പ് ഫൈനലിൽ ട്രോഫി അനാവരണം ചെയ്യാന്‍ ദീപിക എത്തിയപ്പോൾ, അത് ഓരോ ഇന്ത്യക്കാരനും അഭിമാന നിമിഷമായി മാറി. സമൂഹമാധ്യമങ്ങളിൽ ദീപികയെ പ്രശംസിച്ചും പുകഴ്ത്തി കൊണ്ടുമുള്ള പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു.
‘ഇതാണ് സ്ത്രീ, ഈയിടെയായി രാജ്യം ദിവസവും ശല്യപ്പെടുത്തുകയും ദുരുപയോഗം ചെയ്യപ്പെടുകയും ചെയ്തവർ. ഇന്ത്യക്ക് അഭിമാനമായി മാറിയവർ, വെറുപ്പിന്റെ നടുവിൽ തലയുയർത്തി നിൽക്കുന്ന ദീപിക. അവിടെ ആരും ബിക്കിനിയുടെ നിറം നോക്കിയില്ല, ഇന്ത്യയെ ലോകം അറിയുന്നത് ദീപിക പദുകോണിലൂടെയും ഷാരൂഖ് ഖാനിലൂടെയുമാണ്, ദീപിക ഇന്ത്യയുടെ മകൾ, വിമർശകർക്കുള്ള കടുത്ത മറുപടി’, എന്നിങ്ങനെ പോകുന്നു കമന്റുകൾ.
അഭിനന്ദന പ്രവാഹങ്ങൾ ഒരുഭാഗത്ത് നടക്കുമ്പോൾ, താരത്തിനെതിരെ വിമർശനവും ഉയരുന്നുണ്ട്. ‘എന്തുകൊണ്ടാണ് ദീപിക പദുക്കോണിൻ ഇവിടെ വന്നപ്പോൾ എല്ലാം മൂടിവെച്ചിരിക്കുന്നത്??സൗദി അറേബ്യയിൽ കട്ടി കുറഞ്ഞ വസ്ത്രങ്ങളും തൂങ്ങുന്ന നെക്‌ലൈനുകളും ഇല്ലേ??’ എന്ന് ചോദിച്ച് ചിലര്‍ രംഗത്തെത്തിയിട്ടുണ്ട്.
മുന്‍ സ്പാനിഷ് ഫുട്‌ബോള്‍ താരം കാസില്ലസും ദീപികയും ചേര്‍ന്നാണ് ലോകകപ്പ് ട്രോഫി അനാവരണം ചെയ്തത്.
അര്‍ജന്റീനയും ഫ്രാന്‍സും തമ്മിലുള്ള ഫൈനല്‍ മത്സരത്തിന് തൊട്ടുമുന്‍പായാണ് ദീപിക പദുക്കോണും കാസില്ലസും ചേര്‍ന്ന് ലോകകപ്പ് ട്രോഫി വേദിയില്‍ അനാവരണം ചെയ്തത്. വിഖ്യാതമായ കാന്‍ ചലച്ചിത്രോത്സവം ഉള്‍പ്പെടെ നിരവധി ലോകവേദികളിൽ തിളങ്ങിയ ദീപികയ്ക്ക് കാൽപന്തിന്‍റെ മാമാങ്കത്തിലും രാജ്യത്തിന്‍റെ അഭിമാനം ഉയർത്താനുള്ള അവസരമാണ് ഖത്തറില്‍ ലഭിച്ചത്.
മുൻകാലങ്ങളിൽ കഴിഞ്ഞ ലോകകപ്പില്‍ കിരീടം നേടിയ ടീമിന്‍റെ നായകനും, ആതിഥേയ രാജ്യത്തെ പ്രമുഖ മോഡലുകളും ചേർന്നാണ് സ്റ്റേഡിയത്തിലേക്ക് ട്രോഫി എത്തിച്ചിരുന്നത്. ലോകം മുഴുവൻ ഉറ്റുനോക്കിയ വേദിയിലെ ഇന്ത്യൻ സാന്നിധ്യമായ താരത്തിന് എങ്ങും അഭിനന്ദന പ്രവാഹമാണ്.
2018 ല്‍ പുറത്തെത്തിയ സീറോയ്ക്കു ശേഷം ഷാരൂഖ് ഖാന്‍ നായകനായി എത്തുന്ന ചിത്രമാണ് പഠാന്‍. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ചിത്രത്തിലെ ബേഷരം രംഗ് ഗാനം റിലീസ് ചെയ്തത്. ചിത്രത്തിലെ ഒരു ഗാനരംഗത്ത് ദീപിക കാവി നിറത്തിലുള്ള ബിക്കിനി ധരിച്ചിരുന്നു. ഇതേ ചൊല്ലി ആയിരുന്നു വിവാദങ്ങൾ ഉയർന്നത്. ഹിന്ദുത്വത്തെ അപമാനിക്കാനാണ് ഗാനത്തിൽ കാവി നിറം ഉപയോഗിച്ചതെന്ന ആരോപണം ഹിന്ദുസംഘടനകളും ഏറ്റെടുക്കുക ആയിരുന്നു. പിന്നാലെ മുംബൈ പൊലീസ് പഠാനെതിരെ കേസെടുക്കുകയും ചെയ്തു.