2022 : കേരളത്തിലെ മുസ്ലിം രാഷ്ട്രീയത്തിൽ നിർണായക മാറ്റങ്ങളുണ്ടായ വർഷം

0
204

കോഴിക്കോട് : കേരളത്തിലെ മുസ്ലിം രാഷ്ട്രീയത്തിൽ നിർണ്ണായക മാറ്റങ്ങൾ സംഭവിച്ച വർഷമാണ് കടന്ന് പോയത്. ഇടനിലക്കാരില്ലാതെ മുസ്ലിം സംഘടനകളുമായി ഇടതുപക്ഷം നേരിട്ട് ആശയവിനിമയം നടക്കാൻ തുടങ്ങിയത് മാത്രമല്ല മുസ്ലിം ലീഗിന് ഇടത് പക്ഷത്തേക്ക് ചായാനുള്ള അവസരവുമൊരുങ്ങി. പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചതാണ് പോയ വർഷം ന്യൂനപക്ഷ ങ്ങൾക്കിടിൽ ഏറ്റവും ചർച്ചാ വിഷയമായ രാഷ്ട്രീയ നീക്കം.

വഖഫ് ബോർഡ് നിയമനങ്ങൾ പിഎസ്സിക്ക് വിട്ടതിൽ മുസ്ലിം സംഘടനകളെ സ‍ർക്കാരിനെതിരെ ഒന്നിപ്പിച്ച് നിർത്താൻ ലീഗിനായില്ല. കാരണം ഇകെ സുന്നിവിഭാഗം അധ്യക്ഷൻ ജിഫ്രിതങ്ങൾ മുഖ്യമന്ത്രിയുമായി നേരിട്ട് നടത്തിയ ആശയവിനിമയമായിരുന്നു. ഇതോടെ ലീഗിനെ അവഗണിച്ച് ഇകെ സുന്നിവിഭാഗം സ്വതന്ത്രമായി നിലയുറപ്പിച്ചു. വാക്ക് പാലിച്ച് സർക്കാർ സെപ്റ്റംബർ മാസത്തിൽ ബില്ല് റദ്ദാക്കിയതോടെ ഇകെ സുന്നി- ഇടത് സർക്കാർ ബന്ധം ശക്തമായി.

ഇതിന് ശേഷമാണ് സമീപകാല കേരള രാഷ്ട്രീയം കണ്ട ഏറ്റവും വലിയ ട്വിസ്റ്റ് സംഭവിച്ചത്. മുസ്ലിം ലീഗ് വർഗ്ഗീയകക്ഷിയല്ലെന്ന് പറഞ്ഞതോടെ എം വി ഗോവിന്ദൻ തിരുത്തിയത് മുപ്പത് വർഷത്തിലേറെയായി തുട‍ർന്ന സിപിഎം പാർട്ടി നിലപാടായിരുന്നു. ഇപി ജയരാജൻ അതിനുമുമ്പേ ഇതേ നിലപാട് പറഞ്ഞിരുന്നുവെങ്കിലും ഗോവിന്ദൻ നടത്തിയ പ്രസ്താവന ലീഗിനെ ത്രിശങ്കുവിലാക്കി. കെ റെയിലിൽ മയപ്പെട്ടും ഗവർണ്ണറോട് കടുപ്പിച്ചും ഇതിനകം സിപിഎമ്മുമായി അടുത്ത ലീഗിന് ഗോവിന്ദന്റെ പ്രസ്താവന അംഗീകാരമായി. കെ സുധാകരന്റെ ആ‍ർഎസ്എസ് ശാഖകൾക്ക് സംരക്ഷണം നൽകിയെന്ന പ്രസ്താവന ലീഗ് കോൺഗ്രസ് ബന്ധത്തിൽ വിള്ളലുണ്ടാക്കി. സിപിഎമ്മും ലീഗും എപ്പോൾ വേണമെങ്കിലം ഒന്നിക്കാമെന്ന അവസ്ഥയിലാണിപ്പോൾ.

സെപ്റ്റംബർ 28 ന് പോപ്പുലർ ഫ്രണ്ടിനെയും പോഷകസംഘടനകളെയും കേന്ദ്രസ‍ർക്കാ‍ർ നിരോധിച്ചു. ആറ് ദിവസം മുമ്പ് രാജ്യത്തെ 70 കേന്ദ്രങ്ങളിൽ വ്യാപക റെയ്ഡ് നടത്തി കൃത്യമായ സൂചന നൽകിയാണ് കേന്ദ്രസ‍ർക്കാ‍ർ നിരോധനം പ്രഖ്യാപിച്ചത്. രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് ഭീഷണിയാണ് സംഘടന എന്നായിരുന്നു സ‍‍ർക്കാരിന്റെ വാദം. വിദേശഫണ്ടുകളും സിഎഎ സമരത്തിന് നിൽകിയ വഴിവിട്ട നീക്കങ്ങളും ചൂണ്ടിക്കാട്ടിയുള്ള ഈ നീക്കത്തെ നിയമപരമായി നേരിടാനുള്ള പോപ്പുലർ ഫ്രണ്ടിന്റെ നീക്കം ഫലം കണ്ടില്ല.

കോഴിക്കോട്ടെ മുജാഹിദ് സംഘടനാ വേദിയിൽ ബിജെ പി നേതാവ് കൂടിയായ പിഎസ് ശ്റീധരൻ പിള്ള എത്തിയതോടെ കേരളത്തിലെ ക്രിസ്ത്യൻ സംഘടനകൾക്ക് പിന്നാലെ മുസ്ലിം സമുദായിക സംഘടനകളും കടുംപിടുത്തം മാറുന്നതിന്റെ സൂചനകൾ നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here