ഉംറ തീര്‍ത്ഥാടകരുടെ തിരക്കേറുന്നു; അഞ്ച് മാസത്തിനിടെ അനുവദിച്ചത് 40 ലക്ഷം വിസകൾ

0
204

റിയാദ്: അഞ്ചു മാസത്തിനിടെ 40 ലക്ഷം ഉംറ വിസകൾ അനുവദിച്ചതായി സൗദി ഹജ് – ഉംറ മന്ത്രാലയം അറിയിച്ചു. മുഹറം ഒന്നു മുതൽ കഴിഞ്ഞ ദിവസം വരെ വിദേശ തീര്‍ത്ഥാടകർക്ക് അനുവദിച്ച വിസകളുടെ കണക്കാണിത്. തീർഥാടകരുടെ യാത്ര എളുപ്പമാക്കാനും ഉയര്‍ന്ന ഗുണനിലവാരമുള്ള സേവനങ്ങൾ അവർക്ക് ലഭ്യമാക്കാനും സൗദി ഹജ്ജ് – ഉംറ മന്ത്രാലയവും ബന്ധപ്പെട്ട മറ്റ് സർക്കാർ വകുപ്പുകളും സ്വകാര്യ സ്ഥാപനങ്ങളും പരസ്‍പര സഹകരണത്തോടെയും ഏകോപനത്തോടെയുമുള്ള നിരന്തര ശ്രമങ്ങളാണ് നടത്തുന്നത്.

ഉംറ വിസ ലഭിക്കാനുള്ള മാർഗങ്ങൾ സൗദി ഹജ്ജ് – ഉംറ മന്ത്രാലയത്തിന്റെ വെബ്‍സൈറ്റ് വഴി വിദേശ തീർഥാടകർക്ക് അറിയാൻ സാധിക്കും. നുസുക്, മഖാം പ്ലാറ്റ്ഫോമുകൾ വഴി ഉംറ പാക്കേജുകൾ വാങ്ങാനും ഇവക്കുള്ള പണമടക്കാനും സാധിക്കും. ടൂറിസ്റ്റ്, സന്ദർശന, വ്യക്തിഗത വിസകൾ അടക്കം എല്ലായിനം വിസകളിലും സൗദിയിൽ പ്രവേശിക്കുന്ന മുസ്ലിംകൾക്ക് നുസുക് പ്ലാറ്റ്ഫോം വഴി മുൻകൂട്ടി ബുക്ക് പെയ്ത് പെർമിറ്റുകൾ നേടി ഉംറ നിർവഹിക്കാനും മദീന സന്ദർശനം നടത്താനും മസ്ജിദുന്നബവിയിലെ പ്രവാചക ഖബറിടത്തിൽ നമസ്കാരം നിർവഹിക്കാനും സാധിക്കും.

ഉംറ വിസാ കാലാവധി 30 ദിവസത്തിൽ നിന്ന് 90 ദിവസമായി ദീർഘിപ്പിക്കുകയും ചെയ്തിട്ടുണ്ട്. സൗദി അറേബ്യയിലെ ഏത് കര അതിർത്തി പോസ്റ്റുകളും തുറമുഖങ്ങളും വഴിയും രാജ്യത്തെ ഏത് എയർപോർട്ടുകള്‍ വഴിയും ഉംറ തീർഥാടകർക്ക് രാജ്യത്ത് പ്രവേശിക്കാനും സൗദിയിലെങ്ങും സ്വതന്ത്രമായി സഞ്ചരിക്കാനും സാധിക്കുമെന്നും ഹജ്‍ജ് – ഉംറ മന്ത്രാലയം അറിയിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here