ദോഹ: സൗദി അറേബ്യന്‍ ക്ലബ്ബായ അൽ നാസറിലേക്ക് ചേക്കേറുമെന്ന വാർത്തകൾ തളളി പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. പ്രീ ക്വാര്‍ട്ടറില്‍ സ്വിറ്റ്സര്‍ലാന്‍ഡിനെതിരായ മത്സരശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ‘ഇല്ല, അക്കാര്യം ശരിയല്ല’ എന്നായിരുന്നു പുതിയ ക്ലബ്ബുമായി ബന്ധപ്പെട്ട ചോദ്യത്തോടുള്ള ക്രിസ്റ്റ്യാനോയുടെ മറുപടി. അതേസമയം അല്‍ നാസര്‍ തനിക്ക് ഓഫര്‍ നല്‍കിയ കാര്യം അദ്ദേഹം സ്ഥിരീകരിച്ചു.
അടുത്ത വർഷം ജനുവരി ഒന്നിന് തുറക്കുന്ന ട്രാൻസ്‌ഫർ വിന്‍ഡോയിലൂടെ റൊണാൾഡോ അൽ നാസറിലെത്തുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. രണ്ടു സീസണിലേക്കായി 400 മില്യണ്‍ യൂറോ (ഏതാണ്ട് 3454 കോടി രൂപ) ക്രിസ്റ്റ്യാനോയ്ക്കായി ചെലവിടുമെന്നായിരുന്നു വാര്‍ത്തകള്‍. സംഭവിക്കുകയായിരുന്നുവെങ്കില്‍ ചരിത്രത്തിലെ ഉയര്‍ന്ന ട്രാന്‍സ്ഫര്‍ തുകകളിലൊന്നാകുമായിരുന്നു.
മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായുള്ള ബന്ധം അവസാനിപ്പിച്ച റൊണാൾഡോ നിലവില്‍ ഫ്രീ ഏജന്‍റാണ്. പല യൂറോപ്യന്‍ ക്ലബുകളും കയ്യൊഴിഞ്ഞ 37കാരനായി തുടക്കം മുതല്‍ ഗൗരവമായി താത്‌പര്യം പ്രകടിപ്പിച്ച ഒരേയൊരു ക്ലബ്ബാണ് അൽ നാസർ. നേരത്തെ, റൊണാൾഡോയുടെ ഏജന്‍റ് ജോർജ്ജ് മെൻഡസ് ബയേൺ മ്യൂണിക്ക്, ചെൽസി, അത്‌ലറ്റിക്കോ മാഡ്രിഡ് തുടങ്ങി യൂറോപ്പിലെ നിരവധി ക്ലബ്ബുകളുമായി സംസാരിച്ചിരുന്നുവെന്നും ഔദ്യോഗികമായി സ്ഥിരീകരിക്കാന്‍ മാത്രം ഒന്നും നടന്നില്ലെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
ലോകകപ്പിനുശേഷം മാത്രമേ പുതിയ ടീം സംബന്ധിച്ച വിവരങ്ങള്‍ പറയൂവെന്നാണ് ക്രിസ്റ്റ്യാനോ നേരത്തെ അറിയിച്ചിരുന്നത്. നിലവിൽ ലോകകപ്പിലാണ് താരം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. സ്വിറ്റ്‌സർലാൻഡിനെ ഗോളുകൾകൊണ്ട് തകർത്ത പോർച്ചുഗൽ, മൊറോക്കോയ്‌ക്കെതിരെ ക്വാർട്ടർ കളിക്കാനുള്ള തയ്യാറെടുപ്പിലാണ്. അതേസമയം സ്വിറ്റ്‌സർലാൻഡിനെതിരായ മത്സരത്തിൽ ക്രിസ്റ്റ്യാനോയെ ആദ്യ ഇലവനിൽ ഉൾപ്പെടുത്തിയിരുന്നില്ല. ടീം തന്ത്രത്തിന്റെ ഭാഗമായാണ് ക്രിസ്റ്റ്യാനോയെ ബെഞ്ചിലിരുത്തിയതെന്നായിരുന്നു പരിശീലകന്റെ വിശദീകരണം.