കോവിഡ് ആ​ഗോള ആരോ​ഗ്യ അടിയന്തിരാവസ്ഥ അടുത്ത വർഷത്തോടെ അവസാനിച്ചേക്കും- ലോകാരോ​ഗ്യസംഘടന

0
183

ജനീവ: കോവിഡ് 19 മഹാമാരി ലോകമെമ്പാടും അതിതീവ്രം വ്യാപിച്ച സാഹചര്യത്തിലാണ് ലോകാരോ​ഗ്യസംഘടന ആ​ഗോള ആരോ​ഗ്യ അടിയന്തിരാവസ്ഥയായി പ്രഖ്യാപിച്ചത്. ഇപ്പോഴിതാ അടുത്ത വർഷത്തോടെ ഈ സ്ഥിതിയിൽ മാറ്റം വരുമെന്ന് വ്യക്തമാക്കുകയാണ് ലോകാരോ​ഗ്യസംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അഥനോ ​ഗെബ്രിയേസുസ്.

അടുത്ത വർഷത്തോടെ കോവിഡ് മഹാമാരി ആ​ഗോള ആരോ​ഗ്യ അടിയന്തിരാവസ്ഥ അല്ലെന്ന് പ്രഖ്യാപിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നാണ് അദ്ദേഹം പറഞ്ഞത്. ആരോ​ഗ്യ അടിയന്തിരാവസ്ഥ അവസാനിപ്പിക്കുന്നത് പ്രഖ്യാപിക്കുന്നതിനെക്കുറിച്ച് അടുത്തമാസം ചേരുന്ന കോവിഡ് 19 എമർജൻസി കമ്മിറ്റി ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ കോവിഡിനു കാരണക്കാരനായ SARS-CoV-2 വൈറസ് അത്രയെളുപ്പം ഇവിടം വിട്ടുപോകില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

മഹാമാരികളെയും രോ​ഗവ്യാപനങ്ങളെയും തിരിച്ചറിയാനും പ്രതിരോധിക്കാനും നേരിടാനും എല്ലാരാജ്യങ്ങളിലെയും ആരോ​ഗ്യസംവിധാനങ്ങൾ കൂടുതൽ ശക്തമാകണമെന്നാണ് കോവിഡ് മഹാമാരിക്കാലം പഠിപ്പിച്ച പ്രധാന പാഠമെന്നും അദ്ദേഹം പറയുന്നു. അതോടൊപ്പം പലയിടങ്ങളിലും ഇപ്പോൾ പടർന്നുകൊണ്ടിരിക്കുന്ന ശ്വാസകോശ സംബന്ധമായ രോ​ഗങ്ങൾ തടയാനുള്ള നടപടികളും രാജ്യങ്ങൾ കൈക്കൊള്ളണമെന്ന് ടെഡ്രോസ് അഥനോ ​ഗെബ്രിയേസുസ് പറയുന്നു.

എന്നാൽ SARS-CoV-2 ഭാവിയിൽ എപ്രകാരമായിരിക്കും പരിണമിക്കുക എന്ന് ലോകത്തിന് ഇപ്പോഴും അറിയില്ലെന്നും അത്തരം അനിശ്ചിതാവസ്ഥകൾ അപകടസാധ്യത വർധിപ്പിക്കുമെന്നും ലോകാരോ​ഗ്യസംഘടനയുടെ ആരോ​ഗ്യ അടിയന്തിരാവസ്ഥ പദ്ധതിയുടെ എക്സിക്യൂട്ടീവ് ഡയറക്ടറായ മൈക് റയാൻ പറഞ്ഞു.

അതേസമയം ചൈന, ബ്രിട്ടൻ ഉൾപ്പെടെ ലോകത്തെ പലരാജ്യങ്ങളിലും ഇപ്പോഴും കോവിഡ് നിരക്കുകൾ ഉയർന്നുകൊണ്ടിരിക്കുകയാണ്. ഒമിക്രോണിന്റെ വ്യാപനശേഷിയാണ് പുതിയ രോ​ഗികൾ ഉയരുന്നതിന് പിന്നിൽ.

LEAVE A REPLY

Please enter your comment!
Please enter your name here