കേരളത്തിന്റെ റോഡ് വികസനത്തില്‍ വലിയ സഹകരണം ലഭിക്കുന്നുണ്ട്; കേന്ദ്ര സര്‍ക്കാരിനെ നിയമസഭയില്‍ പുകഴ്ത്തി മുഖ്യമന്ത്രി പിണറായി

0
203

കേരളത്തിലെ റോഡ് വികസനത്തില്‍ കേന്ദ്ര സര്‍ക്കാറിനെ നിയമസഭയില്‍ പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. ഔട്ടര്‍ റിങ് റോഡ് കേരളത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട പദ്ധതിയാണ്. തലസ്ഥാന നഗരിയിലെ പ്രധാനപ്പെട്ട റോഡായാണ് പദ്ധതി വരുന്നത്, മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. കേന്ദ്രം ഇക്കാര്യത്തില്‍ ആവശ്യമായ സഹകരണം നല്‍കുന്നുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. റോഡിന്റെ ഇരുവശങ്ങളിലായി വലിയ തോതില്‍ മറ്റു പദ്ധതികള്‍ ആരംഭിക്കാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, വിഴിഞ്ഞം-നാവായിക്കുളം, തേക്കട-മംഗലപുരം ഔട്ടര്‍ റിങ് റോഡ് പദ്ധതിക്ക് സ്ഥലമേറ്റെടുക്കാന്‍ ദേശീയപാത അതോറിറ്റി വിജ്ഞാപനമിറക്കി. 324.75 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കുന്നതു സംബന്ധിച്ച വിജ്ഞാപനമാണ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയത്. നെയ്യാറ്റിന്‍കര, കാട്ടാക്കട, തിരുവനന്തപുരം, നെടുമങ്ങാട്, ചിറയിന്‍കീഴ്, വര്‍ക്കല താലൂക്കുകളിലെ 30 വില്ലേജുകളിലെ ഭൂമിയാണ് റോഡിനായി ഏറ്റടുക്കുന്നത്. ജില്ലയിലെ ഏറ്റവും വലിയ സ്ഥലമെടുപ്പിനാണ് ഇതോടെ കളമൊരുങ്ങുന്നത്.

ജനുവരിയില്‍ റോഡ് നിര്‍മിക്കാനുള്ള കേന്ദ്ര അംഗീകാരം ലഭിച്ചതോടെയാണ് ഭൂമിയേറ്റെടുക്കലിന് നടപടികള്‍ തുടങ്ങിയത്. കേന്ദ്ര സര്‍ക്കാറിന്റെ ഭാരത് മാല പരിയോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് റോഡ് നിര്‍മാണം. 4871 കോടി രൂപയുടേതാണ് പദ്ധതി. സ്ഥലമേറ്റെടുക്കലിന്റെ 50 ശതമാനം തുക സംസ്ഥാന സര്‍ക്കാറാണ് വഹിക്കുന്നത്. ഭൂമിയേറ്റെടുക്കലിനും മറ്റുമായി 2222 കോടി രൂപയാണ് കണക്കാക്കുന്നത്.

വന്‍ വികസനം ലക്ഷ്യമിട്ടാണ് പദ്ധതി ഒരുക്കിയിരിക്കുന്നത്. വിഴിഞ്ഞം തുറമുഖത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്താനും തലസ്ഥാനത്തിന് വ്യാപാര-വാണിജ്യ ഉപഗ്രഹനഗരം നിര്‍മിക്കാനും ലക്ഷ്യമിട്ടുള്ളതാണ് 70 മീറ്റര്‍ വീതിയില്‍ ആറുവരിയില്‍ നിര്‍മിക്കുന്ന വിഴിഞ്ഞം-നാവായിക്കുളം ഔട്ടര്‍ റിങ് റോഡ്.

റോഡിന് തേക്കടനിന്ന് മംഗലപുരത്തേക്ക് 14 കിലോമീറ്റര്‍ റിങ് റോഡുമുണ്ടാകും. റോഡ് നിര്‍മാണത്തിനുശേഷം രണ്ടാം ഘട്ടമായി റോഡിന്റെ ഇരുവശത്തുമായി ലോജിസ്റ്റിക് ഹബുകളും ഇക്കണോമിക്കല്‍ ആന്‍ഡ് കൊമേഴ്‌സ്യല്‍ സോണുകളും നിര്‍മിക്കാനാണ് പദ്ധതി.

വിഴിഞ്ഞം ബൈപാസ്, വെങ്ങാനൂര്‍, അതിയന്നൂര്‍, ബാലരാമപുരം, പള്ളിച്ചല്‍, മലയിന്‍കീഴ്, മാറനല്ലൂര്‍, കാട്ടാക്കട, വിളപ്പില്‍, അരുവിക്കര, വേങ്കോട്, പൂവത്തൂര്‍, തേക്കട, തേമ്പാംമൂട്, പുളിമാത്ത്, നാവായിക്കുളം വഴി പാരിപ്പള്ളിയില്‍ പ്രവേശിക്കുന്ന റോഡില്‍ തേക്കടനിന്ന് വെമ്പായം, മാണിക്കല്‍, പോത്തന്‍കോട് വഴി മംഗലപുരത്തേക്കാണ് ബൈപാസുള്ളത് .

ദേശീയപാത-66, നാല് സംസ്ഥാനപാതകള്‍ (എസ്.എച്ച് 46, എസ്.എച്ച് 1, എസ്.എച്ച് 47, എസ്.എച്ച് 2), സംസ്ഥാന ഹൈവേ എന്നിവയെ ബന്ധിപ്പിക്കുന്നതാണ് 77.773 കി.മീറ്റര്‍ ദൈര്‍ഘ്യത്തിലുള്ള റിങ് റോഡ്. 39 മേല്‍പാതകള്‍, 24 അടിപ്പാതകള്‍, ഒരു വലിയ പാലം,11 ചെറുപാലങ്ങള്‍ എന്നിവയുണ്ടാകും.

LEAVE A REPLY

Please enter your comment!
Please enter your name here