കുമ്പള: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പണ്ഡിതസഭയുടെ ഉപാധ്യക്ഷനും ലോകപ്രശസ്ത പണ്ഡിതൻമാരില്‍ ഒരാളുമായിരുന്ന ഖാസി ചെമ്പരിക്ക സി.എം അബ്ദുല്ല മൗലവിയുടെ കൊലപാതകം നടന്നിട്ട് ഒരു പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും ആധികാരിക പണ്ഡിത സഭകളോ സമുദായ രാഷ്ട്രീയ പ്രസ്ഥാനങ്ങളോ മറ്റു സമുദായ നേതൃത്വങ്ങളോ കാര്യമായ ഇടപെടലോ നീതിക്കുവേണ്ടിയുള്ള പോരാട്ടങ്ങളോ നടത്തിയില്ല എന്നുള്ളത് അതീവ ഗൗരവവും ആശങ്കാജനകവുമാണെന്ന് പിഡിപി നേതാക്കള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ അനുയായികളുടെ പിന്തുണകള്‍ തെരഞ്ഞെടുപ്പുകളില്‍ ലഭിക്കുന്നതിന് വേണ്ടി സമുദായ സ്നേഹവും സമുദായത്തിന്‍റെ കുത്തകയും അവകാശപ്പെടാറുള്ള ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് നേതൃത്വം ചെമ്പരിക്ക സിഎം അബ്ദുല്ല മൗലവി കൊലപാതക വിഷയത്തില്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന മൗനം അക്ഷന്തമ്യമായ അപരാധമാണ് എന്ന് പിഡിപി നേതാക്കള്‍ ആരോപിച്ചു. സിഎം അബ്ദുല്ല മൗലവിയുടെ കൊലപാതകികളെ നിയമത്തിന്‍റെ മുന്നിലെത്തിക്കാന്‍ സമരം നടത്തുന്ന കുടുംബത്തിന് പിഡിപി പിന്തുണ പ്രഖ്യാപിക്കുകയും, നിരന്തരം സമരം നടത്തുകയും അതേ രീതിയില്‍ ഉറച്ചു നില്‍ക്കുകയും ചെയ്യുന്നു.
സിഎം അബ്ദുല്ല മൗലവിയുടെ കൊലപാതകത്തിന് ശേഷം അബ്ദുല്ല മൗലവിയുടെ കുടുംബങ്ങള്‍ നേരിടേണ്ടിവന്ന പ്രയാസങ്ങള്‍ സമൂഹത്തിന് മുന്നില്‍ പരസ്യമായി അവര്‍ തന്നെ ആവര്‍ത്തിച്ചു പറഞ്ഞിട്ടും സമുദായ നേതൃത്വത്തിന് ഒരു അനക്കവും ഉണ്ടായിട്ടില്ല എന്നുള്ളത് ആശങ്കാജനകമാണ്. സിഎം അബ്ദുല്ല മൗലവി കൊലപാതകത്തില്‍ പുതിയ വഴിത്തിരിവുകളും പ്രതികളെല്ലാം നിയമത്തിന്‍റെ മുന്നില്‍ എത്തപ്പെടും എന്ന സാഹചര്യങ്ങള്‍ ഉണ്ടാകുന്ന ഘട്ടത്തില്‍ അന്വേഷണത്തിന്‍റെ വഴിമാറുകയും പ്രതികള്‍ രക്ഷപ്പെടുകയും ചെയ്യുന്ന സാഹചര്യങ്ങള്‍ കാലമിത്രയായി സംഭവിക്കുന്നു. ഇത്തരം സാഹചര്യങ്ങള്‍ ഇനി അനുവദിക്കരുത് എന്നും പ്രസ്തുത വിഷയത്തില്‍ അടുത്തിടെ ഉണ്ടായിട്ടുള്ള കുറ്റക്കാര്‍ നിയമത്തിന്‍റെ മുന്നിലെത്തും എന്ന പ്രതീക്ഷ ഉളവാക്കുന്നതാണെങ്കിലും കൃത്യമായ അന്വേഷണം അനിവാര്യമാണെന്ന് പിഡിപി നേതാക്കള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
വാർത്താ സമ്മേളനത്തിൻ പി.ഡി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി അജിത് കുമാര്‍ അസാദ്, എസ്.എം ബഷീര്‍ അഹമ്മദ്, യൂനുസ് തളങ്കര,ജാസി പൊസോട്ട്,ഇബ്രാഹിം തൊക്കെ, കെ.പി മുഹമ്മദ് ഉപ്പള എന്നിവർ സംബന്ധിച്ചു