നിരോധിച്ചത് 74 ടിവി ചാനലുകള്‍; 104 ഓണ്‍ലൈന്‍ ചാനലുകള്‍; പൂട്ടിച്ചത് 25 വെബ്സൈറ്റുകള്‍; മാധ്യമ വിലക്കിന്റെ കണക്കുമായി കേന്ദ്ര സര്‍ക്കാര്‍

0
231

ന്യൂഡൽഹി: അഞ്ചു വർഷത്തിനുള്ളിൽ കേന്ദ്ര സർക്കാർ 74 ടി.വി ചാനലുകൾ നിരോധിച്ചു. രണ്ടു വർഷത്തിനുള്ളിൽ 104 ഓൺലൈൻ വാർത്ത ചാനലുകളും നിരോധിച്ചുവെന്ന് വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാകുർ രാജ്യസഭയിൽ അറിയിച്ചു. ഡോ. വി. ശിവദാസൻ എംപിയുടെ ചോദ്യത്തിനാണ് മന്ത്രി മറുപടി നൽകിയത്.

2018ൽ 23 , 2019ൽ 10 , 2020ൽ 12 , 2021ൽ 23 , 2022ൽ 6 എന്നിങ്ങനെയാണ് ടി.വി ചാനലുകൾ നിരോധിച്ചത്. അതേസമയം, 2021ൽ 20ഉം 2022ൽ 84ഉം ഓൺലൈൻ വാർത്താ ചാനലുകൾ നിരോധിച്ചു. ഈ രണ്ടു വർഷങ്ങളിൽ 25 വെബ്‌സൈറ്റുകൾക്കും പൂട്ടിട്ടു.

കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരുടെ സമിതിയാണ് നിരോധനത്തിന്റെ നടപടിക്രമങ്ങൾ തീരുമാനിക്കുന്നത്. കേബിൾ ടെലിവിഷൻ നെറ്റ് വർക്ക് റൂൾസ് 2021 പ്രകാരം വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിലെ അഡീഷനൽ സെക്രട്ടറിയും, വനിത-ശിശു വികസനം, ആഭ്യന്തര മന്ത്രാലയം, ഇലക്ട്രോണിക്സ്, ഇൻഫർമേഷൻ ടെക്നോളജി, വിദേശകാര്യ മന്ത്രാലയം, പ്രതിരോധ മന്ത്രാലയം ഉൾപ്പെടെയുള്ളവയുടെ പ്രതിനിധികളും കേന്ദ്രസർക്കാർ നിയമിക്കുന്ന വിദഗ്ധരും ഉൾപ്പെട്ട സമിതിയാണിത്. ജുഡീഷ്യൽ അർധ ജുഡീഷ്യൽ സംവിധാനങ്ങൾക്കോ പാർലമെന്റ് സമിതികൾക്കോ ഈ പ്രക്രിയയിൽ സ്ഥാനമില്ലെന്നും മന്ത്രി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here