രാജ്യത്ത് തത്കാലം കടുത്ത കൊവിഡ് നിയന്ത്രണങ്ങളില്ല; മാസ്ക് ധരിക്കണമെന്നും ആൾക്കൂട്ടമൊഴിവാക്കണമെന്നും കേന്ദ്രം

0
171

ദില്ലി: ക്രിസ്മസ് പുതുവത്സരാഘോഷങ്ങളിൽ ജാഗ്രത കൈവിടരുതെന്ന് ആരോഗ്യ മന്ത്രാലയം. വലിയ ആൾക്കൂട്ടങ്ങളൊഴിവാക്കാൻ സംസ്ഥാനങ്ങൾക്ക് ആരോഗ്യ സെക്രട്ടറി കത്തയച്ചു. കേന്ദ്ര ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ആരോഗ്യമന്ത്രിമാരുടെ യോഗത്തിൽ സംസ്ഥാനങ്ങളിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തി.

ചൈനയേയും ജപ്പാനിനേയും ഉലച്ച കൊവിഡ് തരംഗം രാജ്യത്ത് എത്താതിരിക്കാൻ മുൻകരുതലുകൾ ശക്തമാക്കുകയാണ് കേന്ദ്ര സർക്കാർ. വരാനിരിക്കുന്ന ക്രിസ്മസ് പുതുവത്സരാഘോഷങ്ങളിൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ സെക്രട്ടറി സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. മാസ്ക് ഉപയോഗിക്കാനും , വലിയ ആൾക്കൂട്ടങ്ങൾ ഒഴിവാക്കാനും കത്തിൽ നിർദേശമുണ്ട്. എല്ലാ ആശുപത്രികളിലും കൊവിഡ് സാഹചര്യം കൈകാര്യം ചെയ്യാനുള്ള പ്രത്യേക മോക്ഡ്രിൽ നടത്താനും ആരോഗ്യമന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്.

ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവിയ ഒരു സർക്കാർ ആശുപത്രിയിൽ നേരിട്ടെത്തി മോക്ഡ്രിൽ നിരക്ഷിക്കും. സംസ്ഥാനങ്ങളിൽ കൊവിഡ് ചികിത്സാ സൌകര്യങ്ങൾ സജ്ജമാക്കാൻ ഇന്ന് നടന്ന ആരോഗ്യ മന്ത്രിമാരുടെ യോഗത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രി നിർദേശം നൽകി. ചൈനയിലെ വ്യാപനത്തിനിടയാക്കിയ ബിഎഫ് ഏഴിൻ്റെ വ്യാപനവും സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. അന്താരാഷ്ട്ര വിമാനങ്ങളിലെ രണ്ട് ശതമാനം യാത്രക്കാരെ പരിശോധനയ്ക്ക് വിധേയരാക്കും.

രോഗം സ്ഥിരീകരിക്കുന്ന സാമ്പിളുകൾ ജനിതക ശ്രേണീകരണത്തിന് അയക്കും. അന്താരാഷ്ട്ര യാത്രക്കാരുടെ ശരിരോഷ്മാവ് പരിശോധിക്കാനും തീരുമാനമായി. ജാഗ്രത കൂട്ടണമെന്നാവർത്തിക്കുമ്പോഴും കൂടുതൽ കർശനമായ നിയന്ത്രണങ്ങളിലേക്ക് തത്ക്കാലം കടക്കേണ്ടതില്ലെന്നാണ് കേന്ദ്രത്തിൻറെ നിലവിലെ വിലയിരുത്തൽ. ഒരാഴ്ച്ചത്തെ കൊവിഡ് സാഹചര്യം വിലയിരുത്തിയ ശേഷമാകും തുടർനടപടി. വാക്സിനേഷൻ ഊർജ്ജിതമാക്കുന്നതിൻറെ ഭാഗമായി മൂക്കിലൂടെ നൽകുന്ന കൊവിഡ് വാക്സിൻ ഇന്ന് മുതൽ കൊവിൻ ആപ്പിൽ ലഭ്യമാക്കും.

LEAVE A REPLY

Please enter your comment!
Please enter your name here