കൊച്ചി: സ്കൂൾ വിദ്യാർത്ഥിനിക്കു ലഹരി മിഠായി നൽകി വശത്താക്കാൻ ശ്രമിച്ചെന്ന പരാതിയെ തുടർന്നു യുവാവിനെ മാതാപിതാക്കളും നാട്ടുകാരും ചേർന്ന് പിടികൂടി പൊലീസിൽ എൽപ്പിച്ചു. മൂവാറ്റുപുഴ കെഎസ്ആർടിസി കവലയിൽ വിദ്യാർത്ഥിനിക്ക് മിഠായി നൽകാൻ കാത്തു നിൽക്കുമ്പോഴാണ് യുവാവിനെ പിടികൂടിയത്.
എന്നാൽ വിദ്യാർത്ഥിനിയോട് ഇഷ്ടം തോന്നിയതു കൊണ്ടു മാത്രമാണ് മിഠായി നൽകിയതെന്നും ഇതിൽ ലഹരിയൊന്നും ഇല്ലെന്നും യുവാവ് വ്യക്തമാക്കി. പ്രാഥമിക പരിശോധനയിൽ മിഠായിയിൽ ലഹരി ഇല്ലെന്നു വ്യക്തമായതോടെ യുവാവിനെതിരെ കേസ് എടുത്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.
സ്കൂളുകളിലും മറ്റും ലഹരി വസ്തുക്കളെ കുറിച്ചും അതു കൈമാറുന്നവരെ കുറിച്ചുമുള്ള ക്ലാസുകൾ കേട്ടിരുന്ന വിദ്യാർത്ഥിനിക്കു സംശയം തോന്നിയതു കൊണ്ടാണ് സ്കൂളിൽ നിന്നു വീട്ടിലെത്തിയപ്പോൾ മിഠായി മാതാപിതാക്കളെ ഏൽപ്പിച്ചത്.
ഇതേ തുടർന്നു അടുത്ത ദിവസം വിദ്യാർത്ഥിനിയെ മാതാപിതാക്കൾ അനുഗമിച്ചു. തലേന്നു മിഠായി നൽകിയ സ്ഥലത്ത് യുവാവ് കാത്തു നിൽക്കുന്നുണ്ടായിരുന്നു. മിഠായി നൽകിയ ഉടനെ യുവാവിനെ പിടികൂടുകയായിരുന്നു.