പന്തയം വച്ച് വിവാഹവേദിയില്‍ വധുവിനെ ചുംബിച്ച് യുവാവ്; വിവാഹം വേണ്ടെന്ന് വച്ച് പെണ്‍കുട്ടി

0
252

ബറെയ്‌ലി∙ വിവാഹത്തിനു ക്ഷണിക്കപ്പെട്ട 300 അതിഥികൾക്കുമുന്നിൽ വച്ച് വധുവിനെ വരൻ ചുംബിച്ചു. ഇതിനു പിന്നാലെ വധു വിവാഹത്തിൽനിന്നു പിന്മാറി. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. വിവാഹ ചടങ്ങിനിടെ ഇരുവരും പരസ്പരം മാല ചാർത്തിയ ഉടനെയായിരുന്നു വധുവിനു വരൻ അപ്രതീക്ഷിതമായി ചുംബനം നൽകിയത്. ഇതേത്തുടർന്ന് വധു വേദിയിൽനിന്ന് ഇറങ്ങിപ്പോയി. പിന്നീട് പൊലീസിനെ വിളിക്കുകയും ചെയ്തു. യുപിയിലെ സംഭാലിൽ ആണ് സംഭവം.

സുഹൃത്തുക്കളുമായി പന്തയം വച്ചാണ് വരൻ ചുംബിച്ചതെന്ന് ബിരുദധാരിയായ പെൺകുട്ടി(23) പറഞ്ഞു. വരന്റെ (26) സ്വഭാവത്തെക്കുറിച്ചു സംശയം ഉണ്ടെന്നും ഇവർ കൂട്ടിച്ചേർത്തു. പൊലീസ് ഇടപെട്ട് ഒത്തുതീർപ്പിനു ശ്രമിച്ചെങ്കിലും വധു വഴങ്ങിയില്ല. ഇതേത്തുടർന്ന് വിവാഹം റദ്ദാക്കി.

‘‘വേദിയിൽ എന്റെ ശരീരത്തിൽ അപമര്യാദയായി സ്പർശിച്ച് മോശമായി പെരുമാറി. പക്ഷേ, ഞാനത് അവഗണിച്ചു. പിന്നീടാണ് അപ്രതീക്ഷിതമായതു സംഭവിച്ചത്. ഞെട്ടിപ്പോയി. എല്ലാവരുടെയും മുൻപിൽ നാണംകെട്ടു. ഇത്രയും അതിഥികളുടെ മുന്നിൽ എന്റെ സ്വാഭിമാനത്തെ പരിഗണിക്കാത്ത, മോശമായി പെരുമാറിയ ആൾ ഭാവിയിൽ എങ്ങനെയാകും പെരുമാറുക? അതുകൊണ്ട് അയാൾക്കൊപ്പം ജീവിക്കില്ലെന്നു ഞാൻ തീരുമാനം എടുത്തു’’ – വധു പറഞ്ഞു.

‘‘സുഹൃത്തുക്കളുടെ പ്രേരണയാലാണ് വരൻ ഇങ്ങനെ ചെയ്തത്. എന്റെ മകൾക്ക് ഇപ്പോൾ അയാൾക്കൊപ്പം ‌ജീവിക്കേണ്ടെന്നാണ് അഭിപ്രായം. കുറച്ചുദിവസം അവൾക്കു ചിന്തിക്കാൻ സമയം നൽകിയശേഷം തീരുമാനം എടുക്കും’’ – വധുവിന്റെ അമ്മ പറഞ്ഞു.

ആചാരപരമായി വിവാഹം കഴിഞ്ഞെന്നും എന്നാൽ വധു വരനെ ഉപേക്ഷിച്ചിരിക്കുകയാണെന്നും പൊലീസ് പറഞ്ഞു. കാര്യങ്ങൾ ശാന്തമായി കുറച്ചു ദിവസങ്ങൾക്കുശേഷം തീരുമാനം എടുക്കുമെന്നും പൊലീസ് വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here