ദീപികയുടെ ബിക്കിനിയുടെ നിറം പുലിവാലായി; ഷാരൂഖിന്റെ ‘പത്താന്’ ബഹിഷ്‌കരണാഹ്വാനം

0
342

അടുത്ത വര്‍ഷം ബോളിവുഡ് പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമകളില്‍ ഒന്നാണ് ഷാരൂഖ് ഖാന്റെ ‘പത്താന്‍’. ചിത്രത്തിലെ ഗാനം പുറത്തു വന്നതിന് പിന്നാലെ സിനിമയ്‌ക്കെതിരെ ബഹിഷ്‌ക്കരണാഹ്വാനമാണ് നടക്കുന്നത്. ഷാരൂഖ് ഖാനും ദീപിക പദുക്കോണും അഭിനയിച്ചിരിക്കുന്ന ഗാനമാണ് ഇത്.

‘ബേശരം രംഗ്’ എന്ന ഗാനരംഗത്തില്‍ ദീപിക ധരിച്ചിരിക്കുന്ന ബിക്കിനിയുടെ നിറം ചൂണ്ടിക്കാട്ടിയാണ് ചിത്രത്തിനെതിരെ ബഹിഷ്‌കരണാഹ്വാനം നടക്കുന്നത്. കാവി നിറത്തിലുള്ള ബിക്കിനിയാണ് ദീപിക ഒരു സീനില്‍ ധരിച്ചിരിക്കുന്നത്. ഒപ്പം ബേശരം രംഗ് (ലജ്ജയില്ലാത്ത നിറം) എന്ന വരിയും ചേര്‍ത്തുവച്ചാണ് സോഷ്യല്‍ മീഡിയയില്‍ ചിത്രത്തിനെതിരായ പ്രചരണം.

സംഘപരിവാര്‍ അനുകൂല പ്രൊഫൈലുകളില്‍ നിന്നാണ് കൂടുതല്‍ ട്വീറ്റുകള്‍. വിഎച്ച്പി നേതാവ് സാധ്വി പ്രാചി ഉള്‍പ്പെടെയുള്ളവര്‍ ഈ ടാഗ് ട്വീറ്റ് ചെയ്തിട്ടുണ്ട്. അതേസമയം ഗാനം ഇതിനകം 2.1 കോടിയിലേറെ കാഴ്ചകള്‍ നേടിയിട്ടുണ്ട്. ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് കുമാര്‍ ആണ്.

വിശാല്‍ ദദ്‌ലാനി ആണ് സ്പാനിഷ് ഭാഷയിലെ വരികള്‍ എഴുതിയിരിക്കുന്നത്. വിശാലും ശേഖറും ചേര്‍ന്ന് സംഗീതം പകര്‍ന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ശില്‍പ റാവു, കരാലിസ മോണ്ടെയ്‌റോ, വിശാല്‍, ശേഖര്‍ എന്നിവര്‍ ചേര്‍ന്നാണ്. സ്‌റ്റൈലിഷ് ഗെറ്റപ്പിലാണ് ഷാരൂഖ് ഗാനത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സിദ്ധാര്‍ഥ് ആനന്ദ് ആണ്. ജനുവരി 25 ന് ആണ് ചിത്രത്തിന്റെ റിലീസ്. ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക് പതിപ്പുകളിലും പത്താന്‍ തിയേറ്ററുകളിലെത്തും. അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഷാരൂഖ് നായകനായി തിയേറ്ററിലെത്തുന്ന ചിത്രമാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here