ആം ആദ്മിയുടെ വരവ്, ഗുജറാത്തില്‍ മുസ്ലീം വോട്ടുകള്‍ ഭിന്നിച്ചു; ബിജെപി നേട്ടം കൊയ്തു, കോണ്‍ഗ്രസ് തകര്‍ന്നു

0
172

അഹമ്മദാബാദ്: ഗുജറാത്തിലെ ബിജെപി വിജയത്തില്‍ മുസ്ലീം ഭൂരിപക്ഷ മണ്ഡലങ്ങള്‍ ചെറുതല്ലാത്ത പങ്കാണ് വഹിച്ചത്. ഒരു മുസ്ലീം സ്ഥാനാര്‍ത്ഥിയെ പോലും മത്സരിപ്പിക്കാതെയാണ് പാര്‍ട്ടി ഈ വിജയം കൈവരിച്ചത് എന്നതും ശ്രദ്ധേയമാണ്.

ഗുജറാത്തിൽ മുസ്ലീം ആധിപത്യമുള്ള പല സീറ്റുകളിലും കോൺഗ്രസിന്റെ പതനം അവസരമാക്കി ബിജെപി വിജയിക്കുന്ന അവസ്ഥയാണുണ്ടായത്. ഉയർന്ന മുസ്ലീം ജനസംഖ്യയുള്ള 17 സീറ്റുകളിൽ 12-ലും ബിജെപി ലീഡ് ചെയ്തു. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ആറ് സീറ്റുകളുടെ വർദ്ധനയാണുണ്ടായത്.  കോൺഗ്രസിന് വെറും അഞ്ച് സീറ്റുകളിലേ വിജയിക്കാനായുള്ളു.  ഈ സീറ്റുകളിൽ ഭൂരിഭാഗവും കോൺഗ്രസിന് വോട്ട് ചെയ്ത ചരിത്രമാണുണ്ടായിരുന്നത്. ഇതാണ് ഇക്കുറി ബിജെപി തിരുത്തിയെഴുതിയത്. ദരിയാപൂർ ഒരുദാഹരണമാണ്. 10 വർഷമായി കോൺഗ്രസ് കൈവശം വച്ചിരുന്ന മുസ്ലീം ആധിപത്യ സീറ്റാണിത്. പക്ഷേ,  കോൺഗ്രസ് എംഎൽഎ ഗ്യാസുദ്ദീൻ ഷെയ്ഖ് ബിജെപി സ്ഥാനാർഥി കൗസിക് ജെയിനിനോട് ഇക്കുറി പരാജയപ്പെട്ടു.

ആം ആദ്മി പാർട്ടിക്ക്, മത്സരിച്ച 16 മുസ്ലീം ആധിപത്യ സീറ്റുകളിൽ ഒന്നിലും വിജയം നേടാനായില്ല. എങ്കിലും, പരമ്പരാഗത വോട്ടുകൾ ഭിന്നിപ്പിക്കുന്നതിൽ അസദുദ്ദീൻ ഒവൈസിയുടെ എഐഎംഐഎമ്മിനൊപ്പം ചേര്‍ന്ന് വലിയ പങ്കുവഹിക്കാന്‍ പത്ത് വര്‍ഷം മാത്രം പഴക്കമുള്ള പാര്‍ട്ടിക്കായി. ജമാൽപൂർ-ഖാദിയ, വദ്‌ഗാം തുടങ്ങിയ മുസ്‌ലിം ആധിപത്യമുള്ള സീറ്റുകളിൽ   രണ്ട് അമുസ്‌ലിംകളടക്കം 13 സ്ഥാനാർത്ഥികളാണ് ഐഎംഐഎമ്മിനുണ്ടായിരുന്നത്. ഇരുകൂട്ടരും പിളര്‍ന്നത് കോണ്‍ഗ്രസ് വോട്ടുകളാണ്. ജമാൽപൂർ-ഖാദിയയിൽ കോൺഗ്രസിന്റെ ഇമ്രാൻ ഖേദാവാല പരാജയപ്പെട്ടു. വദ്ഗാമിൽ ജിഗ്നേഷ് മേവാനി ചെറിയ വോട്ടുകളുടെ വ്യത്യാസത്തിൽ പിന്നിലാണ്.

ഗുജറാത്തിൽ  കോൺഗ്രസ്, ബിൽക്കിസ് ബാനോ കേസിലെ 11 പ്രതികളെ നേരത്തെ വിട്ടയച്ചതിൽ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി വോട്ട് സമ്പാദിക്കാന്‍ ശ്രമിച്ചിരുന്നു.  ഗുജറാത്ത് സർക്കാർ സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 15 നാണ് ബിൽക്കിസ് ബാനോ കേസിലെ  കുറ്റവാളികളെ മോചിപ്പിച്ചത്. ഈ നീക്കം രാജ്യവ്യാപകമായി വൻ പ്രതിഷേധത്തിന് കാരണമായിരുന്നു.  ബലാത്സംഗം ചെയ്തവരെ ഒരു ഹിന്ദു സംഘടന മാല ചാർത്തുകയും വീരന്മാരെപ്പോലെ സ്വാഗതം ചെയ്യുകയും ചെയ്യുന്ന ചിത്രങ്ങള്‍ പുറത്തുവന്നത് പ്രതിഷേധം വര്‍ധിപ്പിച്ചു. എന്നാല്‍ ഇതൊന്നും കോണ്‍ഗ്രസിന് അനുകൂല വോട്ടായി മാറിയില്ലെന്നതാണ് ഇപ്പോള്‍ കണക്കുകള്‍ തെളിയിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here