കേരളത്തില്‍ നിന്നും ബി.ജെ.പിക്ക് 3.4 കോടി സംഭാവന; ഒരു കോടി നല്‍കിയത് പേര് മാത്രമുള്ള മുഹമ്മദ് മജീദ്

0
322

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മിഷന് നല്‍കിയ പട്ടിക പ്രകാരം ബി.ജെ.പിക്ക് കഴിഞ്ഞ വര്‍ഷം (2021-2022) സംഭാവനയായി ലഭിച്ചിരിക്കുന്നത് 614 കോടി രൂപ. ഇതില്‍ കേരളത്തില്‍ നിന്നും സംഭാവനയായി ലഭിച്ചിരിക്കുന്നത് 3.4 കോടി രൂപയാണ്.

ബി.ജെ.പിയുടെ കേരളത്തില്‍ നിന്നുള്ള സംഭാവനപ്പട്ടികയില്‍ 27 പേരുകളാണുള്ളത്. ഇതില്‍ ഒരു കോടി നല്‍കിയിരിക്കുന്നത് മുഹമ്മദ് മജീദ് എന്ന പേരുള്ള ഒരാളാണ്. പട്ടികയിലെ മറ്റ് കൂടിയ തുകകള്‍ നല്‍കിയിരിക്കുന്നതില്‍ അധികവും ജ്വല്ലറികളും ധനകാര്യസ്ഥാപനങ്ങളുമാണ്.

എന്നാല്‍ ഏറ്റവും കൂടിയ തുക സംഭാവനയായി നല്‍കിയിരിക്കുന്ന മുഹമ്മദ് മജീദിനെ സംബന്ധിക്കുന്ന, പേരല്ലാതെയുള്ള മറ്റ് വിവരങ്ങളൊന്നും പട്ടികയിലില്ല. മറ്റ് ചില വ്യക്തികളുടെ പേരും സമാനമായ രീതിയില്‍ ഇതിലുണ്ടെങ്കിലും അവരില്‍ നിന്നും ലഭിച്ചിട്ടുള്ള ഏറ്റവും കൂടിയ തുക ഒരു ലക്ഷം മാത്രമാണ്.

20,000 രൂപയില്‍ കൂടുതല്‍ സംഭാവന ചെക്കായോ ഓണ്‍ലൈനായോ കൈമാറിയവരുടെ വിവരങ്ങളാണ് വിവിധ പാര്‍ട്ടികള്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് പട്ടികയായി കൈമാറിയിരിക്കുന്നത്. ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥയനുസരിച്ചാണ് പാര്‍ട്ടികള്‍ സംഭാവന നല്‍കിയവരുടെ പട്ടിക തെരഞ്ഞെടുപ്പ് കമ്മിഷന് നല്‍കുന്നത്.

ഈ വര്‍ഷം നല്‍കിയിരിക്കുന്ന പട്ടിക പ്രകാരം കോണ്‍ഗ്രസിന് വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി ആകെ സംഭാവനയായി ലഭിച്ചിരിക്കുന്നത് 95 കോടി രൂപയാണ്. സി.പി.ഐ.എമ്മിന് രാജ്യവ്യാപകമായി ലഭിച്ചിട്ടുള്ളത് 10 കോടി രൂപയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here