കർണാടക നിയമസഭയിൽ സവർക്കറിന്റെ ചിത്രം സ്ഥാപിച്ച് ബിജെപി സർക്കാർ, എതിർപ്പുമായി പ്രതിപക്ഷം

0
295

ബെംഗളൂരു: കർണാടക നിയമസഭയ്ക്കുള്ളിൽ വി.ഡി. സവർക്കറുടെ ഛായാചിത്രം സ്ഥാപിച്ച് ബിജെപി സർക്കാർ. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയാണ് ചിത്രം അനാഛാദനം ചെയ്തത്. വി.ഡി. സവർക്കറുടെ ചിത്രം സ്ഥാപിച്ചതിനെതിരെ നിയമസഭാ മന്ദിരത്തിന് പുറത്ത് പ്രതിപക്ഷം പ്രതിഷേധം തുടരുകയാണ്. കർണാടക നിയമസഭാ മന്ദിരത്തിൽ വിവാദ വ്യക്തിയെ അവതരിപ്പിക്കേണ്ടതിന്റെ ആവശ്യകത എന്താണെന്ന് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ ചോദിച്ചു. 2023ലെ നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് സവർക്കറുടെ ചിത്രം നിയമസഭയിൽ ഉയർത്തുന്നതെന്നും ആരോപണമുയർന്നു.

സവർക്കറിനെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനുള്ള സംസ്ഥാനവ്യാപകമായ പ്രചാരണത്തിന്റെ ഭാഗമായാണ് ഛായാചിത്രം സ്ഥാപിക്കുന്നതെന്നാണ് ബിജെപിയുടെ പ്രതികരണം. ബെല​ഗാവി നിയമസഭാ മന്ദിരത്തിലാണ് ചിത്രം സ്ഥാപിച്ചത്. മഹാത്മാ ​ഗാന്ധി, ബിആർ അംബേദ്കർ, സർദാർ വല്ലഭായ് പട്ടേൽ, സ്വാമി വിവേകാനനന്ദൻ, ബസവണ്ണ, സുഭാഷ് ചന്ദ്രബോസ് എന്നിവരുടെ ചിത്രങ്ങളും അനാഛാദനം ചെയ്തു. കർണാടക നിയമസഭ ശൈത്യകാല സമ്മേളനം ബെല​ഗാവി മന്ദിരത്തിലാണ് ചേരുന്നത്.

കർണാടകയും അയൽ സംസ്ഥാനമായ മഹാരാഷ്ട്രയും തമ്മിലുള്ള അതിർത്തി തർക്കത്തിന്റെ പ്രഭവകേന്ദ്രമായ ബെലഗാവിയുമായും സവർക്കറിന് ബന്ധമുണ്ട്. 1950ൽ ബെലഗാവിയിലെ ഹിൻഡാൽഗ സെൻട്രൽ ജയിലിൽ സവർക്കർ നാലു മാസത്തോളം കരുതൽ തടങ്കലിലായിരുന്നു. അന്ന് മുംബൈയിൽ വച്ചാണ് അറസ്റ്റ് ഉത്തരവ് പുറപ്പെടുവിച്ചത്, ബെലഗാവിയിൽ എത്തിയപ്പോൾ അറസ്റ്റ് ചെയ്യുകയായിരുന്നു.

അന്നത്തെ പാകിസ്ഥാൻ പ്രധാനമന്ത്രി ലിയാഖത്ത് അലി ഖാന്റെ ദില്ലി സന്ദർശനത്തിനെതിരെയുള്ള പ്രതിഷേധം തടയാനാണ് കരുതൽ തടങ്കലിൽ പാർപ്പിച്ചിരുന്നത്. കുടുംബാംഗങ്ങൾ ഹർജി നൽകിയതിനെ തുടർന്നാണ് സവർക്കറെ വിട്ടയച്ചത്. രാഷ്ട്രീയ പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കുമെന്ന് അന്ന് അദ്ദേഹം ബോംബെ ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. കർണാടക സർക്കാരിന്റെ അവസാന ശീതകാല സമ്മേളനത്തിന്റെ വേദി കൂടിയാണ് ബെലഗാവി.

LEAVE A REPLY

Please enter your comment!
Please enter your name here