ബിരിയാണിയിൽ കോഴിമുട്ടയും പപ്പടവും ഇല്ല ; ഹോട്ടലുടമകളായ ദമ്പതികൾക്ക് മർദ്ദനം

0
276

തൃശൂർ: ബിരിയാണിയിൽ കോഴിമുട്ടയും പപ്പടവും ഇല്ലെന്നാരോപിച്ച് ഹോട്ടൽ ഉടമകളായ ദമ്പതികളെ മർദിച്ച് യുവാവ്. കുന്നംകുളം ചൂണ്ടലിൽ കറി ആൻഡ് കോ എന്ന ഹോട്ടൽ ഉടമകൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. തിരുവനന്തപുരം സ്വദേശിയായ സുധി (42), ഭാര്യ ദിവ്യ (40) എന്നിവരെയാണ് മർദ്ദിച്ചത്. ആക്രമണത്തിൽ ഇരുമ്പ് പൈപ്പ് കൊണ്ട് സുധിയുടെ തലയ്ക്ക് അടിയേറ്റു.

ഇന്നലെ വൈകിട്ട് 3 മണിയോടെയായിരുന്നു സംഭവം. ബിരിയാണിയിൽ കോഴിമുട്ടയും പപ്പടവും ഇല്ലെന്ന് പരാതി പറഞ്ഞപ്പോൾ ദിവ്യ ഇത് നൽകി. പിന്നാലെ കൈ കഴുകുന്ന സ്ഥലം വൃത്തിയല്ലെന്നായി യുവാവ്. ഇതുപറഞ്ഞ് ദിവ്യയുമായി കയർക്കുകയും പിന്നീട് മുഖത്തടിക്കുകയും ചെയ്തു. സുധി ചോദ്യം ചെയ്തതോടെ യുവാവ് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. പുറകെ ഓടിയ സുധിയെ അടിച്ചു വീഴ്ത്തി സമീപത്ത് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലത്ത് നിന്നും ഇരുമ്പ് പൈപ്പ് എടുത്ത് തലക്കടിക്കുകയായിരുന്നെന്നാണ് ദമ്പതികളുടെ മൊഴി.

സുധിയുടെ തലയിൽ ആഴത്തിൽ പരുക്കേറ്റതിനെത്തുടർന്ന് എട്ടോളം തുന്നലുകളുണ്ട്. ഇയാൾ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. ചൂണ്ടൽ പുതുശ്ശേരി സ്വദേശിയാണ് മർദ്ദിച്ചതെന്നാരോപിച്ച് ഇവർ പൊലീസിൽ പരാതി നൽകി. പൊലീസ് പ്രതിക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here