ഓടുന്ന ബൈക്കിലിരിക്കുമ്പോൾ കെട്ടിപ്പിടിക്കണമെന്ന് തോന്നി, യുവ ദമ്പതികളെ പൊലീസ് പൊക്കി, വീഡിയോ

0
257

ഹൈദരാബാദ്: തിരക്കേറിയ റോഡിൽ ഓടുന്ന ബൈക്കിലിരുന്ന് പരസ്പരം ആലിംഗനം ചെയ്ത ദമ്പതികൾക്കെതിരെ പൊലീസ് കേസെടുത്തു. ആന്ധ്രാ സ്വദേശികളായ യുവദമ്പതികളാണ് അപകടകരമായ സ്നേഹപ്രകടനത്തിന് കേസിൽ കുടുങ്ങിയത്. ചോടവാരം സ്വദേശിയും പത്തൊമ്പതുകാരിയുമായ ശൈലജയാണ് ബൈക്കോടിക്കുകയായിരുന്ന ഭർത്താവ് അജയ് കുമാറിനെ (22) ആവേശം കയറി ഇറുകെ കെട്ടിപ്പിടിച്ചത്. അജയ്‌കുമാർ ബൈക്ക് ഓടിക്കുമ്പോൾ അയാൾക്ക് അഭിമുഖമായി പ്രെട്രോൾ ടാങ്കിൽ കയറിയിരുന്നായിരുന്നു കെട്ടിപ്പിടിത്തം. ഇവർക്ക് തൊട്ടുപുറകേ കാറിൽ വന്നവരാണ് ദൃശ്യങ്ങൾ പകർത്തി സോഷ്യൽമീഡിയയിൽ പോസ്റ്റുചെയ്തത്. മിനിട്ടുകൾക്കകം വൈറലായി.

ദൃശ്യങ്ങൾ കണ്ട് പൊലീസ് വളരെപ്പെട്ടെന്നുതന്നെ നടപടി സ്വീകരിക്കുകയായിരുന്നു. ട്രാഫിക്ക് നിയമങ്ങൾ ലംഘിച്ചു, മറ്റുള്ളവർക്ക് അപകടമുണ്ടാക്കുന്ന രീതിയിൽ വാഹനം ഓടിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. തുടർന്ന് സ്റ്റീൽ പ്ലാന്റ് പൊലീസ് വാഹനം പിടിച്ചെടുത്തു. രക്ഷിതാക്കൾക്കൊപ്പം കൗൺസിലിംഗിന് ഹാജരാകാനും നിർദ്ദേശമുണ്ട്.

ഹൈദരാബാദിലുണ്ടായത് ആദ്യ സംഭവമല്ലെന്നാണ് അധികൃതർ പറയുന്നത്. 2019 ലുണ്ടായ സമാന സംഭവത്തിൽ ഡൽഹി സ്വദേശികളായ ദമ്പതികൾക്കെതിരെ അധികൃതർ നടപടി സ്വീകരിച്ചിരുന്നു. ബൈക്കിന്റെ പെട്രോൾ ടാങ്കിന് മുകളിൽ ഇരിക്കുന്ന സ്ത്രീ വാഹനം ഓടിക്കുന്ന യുവാവിനെ കെട്ടിപ്പിടിക്കുകയും ചുംബിക്കുകയും ചെയ്യുന്ന 18 സെക്കൻഡ് ദൈർഘ്യമുള്ള ദൃശ്യങ്ങൾ അന്ന്പുറത്തുവന്നിരുന്നു. ഇത് ‌ഏറെ കോളിളക്കമുണ്ടാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here