ഷുക്കൂർ വധക്കേസിൽ കുഞ്ഞാലിക്കുട്ടി ഇടപെട്ടെന്ന ആരോപണം; നിയമനടപടി സ്വീകരിക്കുമെന്ന് മുസ്‌ലിം ലീഗ്

0
310

കണ്ണൂർ: അരിയിൽ ഷുക്കൂർ വധക്കേസിൽ പി.ജയരാജനെതിരെ ഗുരുതര വകുപ്പുകൾ ഒഴിവാക്കാൻ പി.കെ കുഞ്ഞാലിക്കുട്ടി ഇടപെട്ടെന്ന ആരോപണം തള്ളി ലീഗ്. ആരോപണം ഉന്നയിച്ച അഭിഭാഷകൻ ടി.പി ഹരീന്ദ്രനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ലീഗിന്റെ അഭിഭാഷക സംഘടനാ നേതാവായ അഡ്വ. മുഹമ്മദ് ഷാ പറഞ്ഞു. ആരോപണം ദുരുദ്ദേശ്യത്തോടെയാണെന്നും ശക്തമായ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും മുഹമ്മദ് ഷാ മീഡിയവണിനോട് പറഞ്ഞു.

അരിയിൽ ഷുക്കൂർ വധക്കേസിൽ പി ജയരാജനെതിരായ ഗുരുതര വകുപ്പുകൾ ഒഴിവാക്കാൻ കുഞ്ഞാലിക്കുട്ടി ഇടപെട്ടെന്ന് കണ്ണൂരിലെ അഭിഭാഷകനായ ടി.പി ഹരീന്ദ്രൻ ആണ് ആരോപിച്ചത്. അരിയിൽ ഷുക്കൂർ വധക്കേസിൽ ആദ്യഘട്ടത്തിൽ പോലീസിന് നിയമോപദേശം നൽകിയ അഭിഭാഷകനാണ് ടി.പി ഹരീന്ദ്രൻ. കേസിൽ പി. ജയരാജനെതിരെ ഗുരുതര വകുപ്പുകൾ ചുമത്തരുതെന്ന് പി.കെ കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. അന്നത്തെ ജില്ലാ പോലീസ് മേധാവി രാഹുൽ ആർ നായരെ ഫോണിൽ വിളിച്ച് കൊലക്കുറ്റം ചുമത്തരുതെന്ന് നിർദേശം നൽകി. ജില്ലാ പൊലീസ് മേധാവി ഇക്കാര്യം അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പിയുമായി സംസാരിക്കുന്നതിന് താൻ ദൃക്‌സാക്ഷിയാണ്.ഗൂഢാലോചനാക്കുറ്റം, കുറ്റകൃത്യം നടക്കുന്നു എന്നറിഞ്ഞിട്ടും തടഞ്ഞില്ലെന്ന വകുപ്പായി മാറിയെന്നും ഇത് സമ്മർദത്തിന്റെ ഭാഗമാണെന്നും ടി.പി ഹരീന്ദ്രൻ ആരോപിക്കുന്നു.

കണ്ണൂരിലെ പ്രമുഖ അഭിഭാഷകനായ ഹരീന്ദ്രൻ ആദ്യം സി.പി.എമ്മിലായിരുന്നു. പാർട്ടിയുമായി തെറ്റിയതോടെ സി.എം.പിയിലും പിന്നീട് കോൺഗ്രസിലും എത്തി. കെ. സുധാകരൻ അടക്കമുള്ള നേതാക്കളുമായും വ്യക്തിപരമായ അടുപ്പം സൂക്ഷിക്കുന്ന ആളാണ് ഹരീന്ദ്രൻ.

LEAVE A REPLY

Please enter your comment!
Please enter your name here