പിന്നിട്ടത് മണിക്കൂറുകള്‍ മാത്രം; 28 ലക്ഷം കടന്ന് അല്‍ നസറിന്റെ ഇന്‍സ്റ്റാ ഫോളോവേഴ്‌സ്

0
225

റിയാദ്: കഴിഞ്ഞ ദിവസമാണ് പോര്‍ച്ചുഗീസ് താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ സൗദി അറേബ്യന്‍ ക്ലബ് അല്‍-നസര്‍ ഔദ്യോഗികമായി അവതരിപ്പിച്ചത്. ക്രിസ്റ്റ്യാനോയെ കൊണ്ടുവരുന്നതിലൂടെ ഫുട്‌ബോള്‍ ലീഗിനെ മുഴുവന്‍ പ്രചോദിപ്പിക്കാന്‍ കഴിയുമെന്നാണ് കരുതുന്നതെന്ന് ക്ലബ് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ആശ്ചര്യപ്പെടുത്തുന്ന മറ്റൊരു സംഭവമുണ്ടായത് അല്‍- നസറിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലുണ്ടായ മാറ്റമാണ്. 

മണിക്കൂറുകള്‍ക്കുള്ളില്‍ മൂന്നും നാലും ഇരട്ടി ഫോളോവര്‍മാരാണ് ക്ലബിന് കൂടിയത്. ക്രിസ്റ്റിയാനോയെ അവതരിപ്പിക്കുന്നതിന് മുമ്പ് അല്‍-നസറിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ 8.60 ലക്ഷം ഫോളോവര്‍മാരായിരുന്നു ഉണ്ടായിരുന്നത്. പ്രഖ്യാപനത്തിനുശേഷം മണിക്കൂറുകള്‍ മാത്രം പിന്നിട്ടപ്പോള്‍ 3.2 മില്യണാണ് ഫോളോവര്‍മാരുടെ എണ്ണം. ഫേസ്ബുക്ക് അക്കൗണ്ടില്‍ ഫോളോവര്‍മാരുടെ എണ്ണം 1.74 ലക്ഷത്തില്‍നിന്ന് ഒറ്റയടിക്ക് 6.61 ലക്ഷം ആയാണ് ഉയര്‍ന്നിരിക്കുന്നത്. ഏകദേശം അഞ്ചിരട്ടിയോളം വരും ഈ കുതിച്ചുചാട്ടം. അതേസമയം, ട്വിറ്ററില്‍ ഇന്നലെ പ്രഖ്യാപനത്തിനു തൊട്ടുമുന്‍പ് 90,000 ഫോളോവര്‍മാരാണ് ഉണ്ടായിരുന്നത്. 4.37 ലക്ഷമാണ് ഇപ്പോഴത്തെ കണക്ക്.

ക്രിസ്റ്റിയാനോയുടെ പേര് പതിച്ച ക്ലബിന്റെ ജഴ്‌സികള്‍ ചൂടപ്പം പോലെയാണ് വിറ്റുപോകുന്നത്. മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വിട്ടതിന് ശേഷവും താരത്തിന്റെ ബ്രാന്‍ഡ് മൂല്യത്തില്‍ തകര്‍ച്ചയൊന്നുണ്ടായിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് പുതിയ കണക്കുകള്‍. ക്ലബ് ഫുട്ബോള്‍ ചരിത്രത്തിലെ റെക്കോര്‍ഡ് തുക നല്‍കിയാണ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ അല്‍-നസ്ര്‍ സ്വന്തമാക്കിയത്. 200 മില്യന്‍ ഡോളര്‍ (ഏകദേശം 1,950 കോടി രൂപ) ആണ് താരത്തിന് ക്ലബ് നല്‍കാനിരിക്കുന്ന വാര്‍ഷിക പ്രതിഫലം.

യുനൈറ്റഡില്‍ 100 മില്യന്‍ ഡോളറായിരുന്നു താരത്തിന്റെ പ്രതിഫലം. എന്നാല്‍ അല്‍ നസറില്‍ എത്തിയപ്പോള്‍ ഇരട്ടിയോളം രൂപയുടെ കുതിപ്പുണ്ടായി. പിഎസ്ജിയുടെ കിലിയന്‍ എംബാപ്പെയ്ക്ക് 128 മില്യന്‍ ഡോളറാണ് വാര്‍ഷിക പ്രതിഫലം. മൂന്നാം സ്ഥാനത്തുള്ള ലയണല്‍ മെസിയുടെ പ്രതിഫലം 120 മില്യന്‍ ഡോളറുമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here