ബാബരി മസ്ജിദ്: പോരാടാൻ തീരുമാനിച്ച് മുസ്ലിം പേഴ്‌സണൽ ലോ ബോർഡ്; അദ്വാനിയടക്കമുള്ളവരെ വെറുതെവിട്ടതിനെതിരേ സുപ്രിംകോടതിയെ സമീപിക്കും

0
203

ലഖ്‌നൗ: ഉത്തർപ്രദേശിലെ അയോധ്യയിൽ സ്ഥിതിചെയ്തിരുന്ന ബാബരി മസ്ജിദ് തകർത്ത കേസിൽ മുൻ ഉപപ്രധാനമന്ത്രി എൽ.കെ അദ്വാനിയുൾപ്പെടെയുള്ള പ്രതികളെ വെറുതെവിട്ടതിനെതിരേ നിയമയുദ്ധം തുടരാൻ തീരുമാനിച്ച് അഖിലേന്ത്യ മുസ്ലിം പേഴ്‌സണൽ ലോ ബോർഡ്. പ്രതികളെ ഗൂഢാലോചനാകുറ്റത്തിൽ നിന്നൊഴിവാക്കി ലഖ്‌നൗവിലെ പ്രത്യേക സി.ബി.ഐ കോടതി പുറപ്പെടുവിച്ച ഉത്തരവ് സുപ്രിംകോടതിയിൽ ചോദ്യംചെയ്യുമെന്ന് ബോർഡ് അറിയിച്ചു. വിഷയത്തിൽ നിയമവിദഗ്ധരുമായി ആലോചിച്ചുവരികയാണെന്നും ഇക്കാര്യത്തിൽ ഉടൻ ഹരജി ഫയൽചെയ്യുമെന്നും ബോർഡ് വ്യക്തമാക്കി.

1992 ഡിസംബർ ആറിന് ബാബരി മസ്ജിദ് തകർത്തതുമായി ബന്ധപ്പെട്ട് രജിസ്റ്റർചെയ്ത ആദ്യ കേസാണിത്. അദ്വാനിയെക്കൂടാതെ യു.പി മുൻ മുഖ്യമന്ത്രി കല്യാൺ സിങ്, മുൻ കേന്ദ്രമന്ത്രി ഉമാഭാരതി, സംഘ്പരിവാരിന്റെ പ്രധാനനേതാക്കളായ അശോക് സിംഗാൾ, മുരളീമനോഹർ ജോഷി, സാധ്വി ഋതംഭര, നിത്യഗോപാൽ ദാസ്, വിനയ് സിങ് തുടങ്ങിയ 32 പേർക്കെതിരെയും ബാബരി പള്ളിക്ക് സമീപത്തുണ്ടായിരുന്ന ലക്ഷക്കണക്കിന് കർസേവകർക്കുമെതിരെയായിരുന്നു കേസെടുത്തത്. ഇതിൽ അദ്വാനയടക്കമുള്ളവർക്കെതിരേ ഗൂഢാലോചനാകുറ്റമായിരുന്നു ചുമത്തിയത്. കേസിലെ 32 പ്രതികളിൽ 15 പേർ മാത്രമാണ് നിലവിൽ ജീവിച്ചിരിക്കുന്നത്.

ആദ്യം യു.പി പൊലിസ് അന്വേഷിച്ച ഈ കേസ് പിന്നീട് സി.ബി.ഐ ഏറ്റെടുക്കുകയായിരുന്നു. എന്നാൽ മസ്ജിദ് തകർത്ത സംഭവം യാദൃശ്ചികമായി സംഭവിച്ചതാണെന്നും യാതൊരു ആസൂത്രണമോ ഗൂഢാലോചനയോ ഇല്ലെന്നുമാണ് സി.ബി.ഐ തീർപ്പിലെത്തിയത്. ഇതോടെയാണ് 2020 സെപ്റ്റംബർ 30ന് അദ്വാനിയുൾപ്പെടെയുള്ളവരെ ഗൂഢാലോചനാകുറ്റത്തിൽ നിന്നൊഴിവാക്കി ലഖ്‌നൗവിലെ പ്രത്യേക സി.ബി.ഐ കോടതി ഉത്തരവിറക്കിയത്.

പലതവണ നീട്ടിവയ്ക്കുകയും വിചാരണനീണ്ടുപോവുകയും ചെയ്ത ഈ കേസിൽ ഏറ്റെടുത്ത് രണ്ടുപതിറ്റാണ്ടിന് ശേഷമായിരുന്നു സി.ബി.ഐ കോടതി വിധിപറഞ്ഞത്. ബാബരി മസ്ജിദ് നിലനിന്ന ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച പ്രധാനകേസിൽ ഹിന്ദു വിഭാഗത്തിന് അനുകൂലമായി സുപ്രിംകോടതി വിധി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സി.ബി.ഐ കോടതി പള്ളി തകർത്ത കേസിൽ വിധി പറഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here