ക്രൊയേഷ്യക്കെതിരായ മത്സരത്തിന് മുമ്പ് അര്‍ജന്റീനക്ക് ആശ്വാസ വാര്‍ത്ത; വ്യക്തമാക്കി കോച്ച് സ്‌കലോനി

0
297

ദോഹ: ഖത്തര്‍ ലോകകപ്പ് സെമി ഫൈനലില്‍ നാളെ ക്രൊയേഷ്യയെ നേരിടാനൊരുങ്ങുകയാണ് അര്‍ജന്റീന. ബ്രസീലിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മറികടന്നാണ് ക്രൊയേഷ്യ അവസാന നാലിലെത്തിയത്. അര്‍ജന്റീനയ്ക്ക്, നെതര്‍ലന്‍ഡ്‌സിനെ മറികടക്കാനും പെനാല്‍റ്റി ഷൂട്ടൗട്ട് വേണ്ടിവന്നു. നിശ്ചിത സമയത്തും അധിക സമയത്തും ഇരുവരും രണ്ട് ഗോള്‍ വീതം നേടിയിരുന്നു. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ പരാജയപ്പെട്ടെങ്കിലും ശക്തമായ തിരിച്ചുവരവാണ് അര്‍ജന്റീന നടത്തിയത്. പിന്നീടുള്ള മത്സരങ്ങളില്‍ മെകിസ്‌ക്കോ, പോളണ്ട്, ഓസ്‌ട്രേലിയ എന്നിവരും അര്‍ജന്റീനയ്ക്ക് മുന്നില്‍ വീണു.

നാളെ ക്രോയേഷ്യക്കെതിരെ കടുത്ത മത്സരമായിരിക്കുമെന്നാണ് അര്‍ജന്റൈന്‍ കോച്ച് ലിയോണല്‍ സ്‌കലോനി പറയുന്നത്. എയ്ഞ്ച്ല്‍ ഡി മരിയ, ഡി പോള്‍ എന്നിവര്‍ കളിക്കുമെന്ന് സൂചനയാണ് അദ്ദേഹം നല്‍കുന്നത്. ഇന്ന് വാര്‍ത്താസമ്മേളത്തില്‍ അദ്ദേഹം പറഞ്ഞതിങ്ങനെ… ”ഡി മരിയയും ഡി പോളും മത്സരത്തിന് ലഭ്യമാണ്. പക്ഷെ അവര്‍ക്ക് എത്ര മിനിറ്റുകള്‍ കളിക്കുമെന്നുള്ള കാര്യം ഉറപ്പ് പറയാന്‍ കഴിയില്ല. മത്സരത്തെ കുറിച്ചും എതിരാളിയെ കുറിച്ചും ടീമിലെ ഓരോ താരങ്ങളും ചര്‍ച്ച ചെയ്യാറുണ്ട്. ക്രൊയേഷ്യ വളരെ മികച്ച എതിരാളികളാണ്. ഈ മത്സരം വളരെ ബുദ്ധിമുട്ടേറിയതാവും. അവര്‍ക്ക് ഒരുപിടി മികച്ച താരങ്ങളുണ്ട്. അത്തരമൊരു ടീമിനെതിരെ കളിക്കണമെന്നുള്ള വ്യക്തമായ ബോധ്യം ഞങ്ങള്‍ക്കുണ്ട്.” സ്‌കലോണി പറഞ്ഞു.

”ലൂക്ക മോഡ്രിച്ചിനെ പോലൊരു താരത്തിന്റെ പ്രകടനം കാണുന്നത് സന്തോഷമുള്ള കാര്യമാണ്. ഗ്രൗണ്ടിന് അകത്തും പുറത്തും അദ്ദേഹം ഏറെ ബഹുമാനമര്‍ഹിക്കുന്നു. ക്രൊയേഷ്യക്കെതിരെ പരമാവധി ഞങ്ങല്‍ നല്‍കും. ഞങ്ങള്‍ ചെയ്യേണ്ട കാര്യങ്ങള്‍ കൃത്യമായി ചെയ്താല്‍ മുന്നോട്ടുള്ള പാതകള്‍ നമുക്ക് അനുകൂലമാകും.” അദ്ദേഹം വ്യക്തമാക്കി. മെസിയുടെ അവസാന ലോകകപ്പായിരിക്കുമിതെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ”മെസ്സിയുടെ അവസാന വേള്‍ഡ്കപ്പ് ആവും ഇതെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. അദ്ദേഹം ജേതാവാണ്. ഇനിയും ഒരുപാട് മത്സരങ്ങള്‍ കളിക്കുകയും ഫുട്ബാള്‍ ആരാധകരെ ആനന്ദിപ്പിക്കുകയും ചെയ്യും.” സ്‌കലോനി പറഞ്ഞു.

 

നെതര്‍ലന്‍ഡ്‌സിനെതിരായ മത്സരത്തെ സ്‌കലോനി പറഞ്ഞതിങ്ങനെ… ”വിജയവും തോല്‍വിയും മത്സരത്തിന്റെ ഭാഗമാണ്. ഞങ്ങള്‍ എപ്പോഴും എതിരാളിയെ ബഹുമാനിക്കുന്നു. കോപ്പ അമേരിക്ക ഫൈനലിന് ശേഷം മറക്കാനയിലും അത് കണ്ടതാണ്. ബ്രസീലിയന്‍ താരങ്ങളായ നെയ്മറുമൊത്ത് വലിയൊരു സമയം പങ്കിടാന്‍ ഞങ്ങള്‍ക്ക് സാധിച്ചിരുന്നു. സൗദിക്കെതിരായ തോല്‍വിക്ക് ശേഷവും ഞങ്ങള്‍ അഭിപ്രായം നടത്തിയിട്ടില്ല. നെതര്‍ലന്‍ഡ്‌സിനെതിരായ മത്സരത്തിലും വലിയ വിമര്‍ശനങ്ങള്‍ക്ക് സാധ്യതയില്ല. അങ്ങനെയായിരുന്നു ആ മത്സരം കളിക്കേണ്ടിയിരുന്നത്.” സ്‌കലോനി പറഞ്ഞുനിര്‍ത്തി.

LEAVE A REPLY

Please enter your comment!
Please enter your name here