ഇന്ത്യയിലെ ഓഫ്‌റോഡ് സ്‌നേഹികളുടെ ഏറ്റവും പ്രിയപ്പെട്ട വാഹനമാണ് മഹീന്ദ്ര ഥാർ. കരുത്തുറ്റ എഞ്ചിനും 4X4 സാങ്കേതികവിദ്യയുമായി വന്ന ഥാറിന്റെ എല്ലാ മോഡലുകൾക്കും മികച്ച പ്രതികരണമാണ് ഇന്നോളം ഇന്ത്യയിൽ നിന്ന് ലഭിച്ചിട്ടുള്ളത്. എന്നാൽ ഥാർ വാങ്ങാൻ ആഗ്രഹിക്കുന്നവരെ പിന്നോട്ടടിപ്പിക്കുന്ന ചില ഘടകങ്ങളിൽ ഒന്നാണ് അതിന്റെ വില. 15 ലക്ഷത്തിനടുത്ത് വില വരുന്ന വാഹനത്തിൽ ഓഫ്‌റോഡ് സവിശേഷത ഒഴിച്ചുനിർത്തിയാൽ ആ വിലയ്ക്ക് ലഭിക്കുന്ന ചില സംവിധാനങ്ങൾ ലഭ്യമല്ല എന്നത് കുടുംബ കാർ എന്ന ഇമേജ് ഥാറിന് സൃഷ്ടിക്കാൻ വെല്ലുവിളി സൃഷ്ടിച്ചിരുന്നു.
ഇപ്പോൾ ഥാറിന്റെ പുതിയ പവറും വിലയും കുറഞ്ഞ മോഡൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് മഹീന്ദ്ര. ഇതുവരെ 2.2 ലിറ്റർ ഡീസൽ, 2.0 ലിറ്റർ പെട്രോൾ എഞ്ചിനുമാണ് ഥാറിന് കരുത്ത് പകർന്നിരുന്നത്. എന്നാൽ പുതിയ 1.5 ലിറ്റർ ഡീസൽ എഞ്ചിൻ കൂടി ഈ നിരയിലേക്ക് വരും. ഈ എഞ്ചിൻ വരുന്നതോടെ സബ് 4 മീറ്റർ വാഹനങ്ങൾക്ക് ലഭിക്കുന്ന നികുതി ഇളവ് ഈ മോഡലിന് ലഭിക്കും. ഇത് വാഹനത്തിന്റെ വില കുറയാൻ സഹായിക്കും.
നിലവിൽ അവരുടെ എംപിവിയായ മരാസോയിൽ ഉപയോഗിക്കുന്ന 1497 സിസി കരുത്തുള്ള അതേ എഞ്ചിൻ തന്നെയാണ് ഇതിന് ഉപയോഗിക്കുന്നത്. 117 ബിഎച്ച്പി പവർ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ് ഈ എഞ്ചിൻ. വില പിടിച്ചുനിർത്തുന്നതിന്റെ ഭാഗമായി ഈ മോഡലിൽ 4X4 സാങ്കേതികവിദ്യ ഉണ്ടാകില്ല. ഇതൊരു 2 വീൽ ഡ്രൈവ് വാഹനമായിരിക്കുമെന്നാണ് സൂചന.
എഞ്ചിൻ ശേഷി കുറച്ചതും 4 വീൽ ഡ്രൈവ് ഒഴിവാക്കിയതും വഴി ഥാറിന്റെ ഈ മോഡലിന്റെ വില 10-11 ലക്ഷത്തിനും ഇടയിൽ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് കൂടുതൽ ഉപഭോക്തക്കളെ ഥാർ വാങ്ങാൻ പ്രേരിപ്പിക്കാനുള്ള സാധ്യത മഹീന്ദ്ര കാണുന്നുണ്ട്.
2023 ജനുവരിയിൽ വാഹനം പുറത്തിറക്കാനാണ് മഹീന്ദ്രയുടെ നീക്കം. ഇതേ മാസം തന്നെ മാരുതി സുസുക്കിയുടെ മിനി ഓഫ് റോഡ് വാഹനമായ ജിംമ്‌നിയും ഇന്ത്യയിൽ അവതരിപ്പിക്കുമെന്നാണ് സൂചന.