കാസർകോട് : പത്തൊൻപതുകാരിയെ മയക്കുമരുന്ന് നൽകിയും പ്രലോഭിപ്പിച്ചും കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസിൽ അറസ്റ്റിലായവരുടെ എണ്ണം പത്തായി. ഞായർ, തിങ്കൾ ദിവസങ്ങളിലായി മൂന്നുപേരെ കൂടി ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. എ. സതീഷ്‌കുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. കാസർകോട് കോട്ടക്കണ്ണിയിലെ വാടക ക്വാർട്ടേഴ്സിൽ താമസക്കാരിയും ഇടനിലക്കാരിയുമായ എൻമകജെ കുടുവാവീട്ടിലെ ബീഫാത്തിമ (42), ഉദുമ ഇച്ചിലങ്കാലിലെ ഫയാസ് മൊയ്തീൻ കുഞ്ഞി (29), മാങ്ങാട് ബാര ആര്യടുക്കത്തെ എൻ. മുനീർ (29) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബത്തിലെ കഷ്ടപ്പാടുകൾ ചൂഷണം ചെയ്താണ് പെൺകുട്ടിയെ പ്രതികൾ പീഡനങ്ങൾക്ക് ഇരയാക്കിയത്. ചെർക്കള, കാസർകോട്, മംഗളൂരു, തൃശ്ശൂർ തുടങ്ങിയ സ്ഥലങ്ങളിലുമെത്തിച്ച് ഒറ്റയ്ക്കും കൂട്ടമായും പീഡിപ്പിച്ചുവെന്നാണ് പരാതി. തുടർച്ചയായുള്ള പീഡനം കാരണമുണ്ടായ ആരോഗ്യ-മാനസിക പ്രശ്നങ്ങളെ തുടർന്ന് ആസ്പത്രിയിൽ ചികിത്സ തേടിയപ്പോൾ നടത്തിയ കൗൺസലിങ്ങിലാണ് പെൺകുട്ടി ഞെട്ടിപ്പിക്കുന്ന പീഡനവിവരം വെളിപ്പെടുത്തിയത്. തുടർന്നാണ് കാസർകോട് വനിതാ പോലീസ് കേസെടുത്തതും തുടരന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിനു കൈമാറിയതും.
പീഡനപരമ്പരയുമായി ബന്ധപ്പെട്ട് ആറ് കേസുകളാണ് ഇതുവരെ എടുത്തിരിക്കുന്നത്. കേസുകളിൽ 18 പ്രതികളാണുള്ളതെന്നും ബാക്കിയുള്ള പ്രതികൾ വരും ദിവസങ്ങളിൽ അറസ്റ്റിലാവുമെന്നും പോലീസ് അറിയിച്ചു.