Wednesday, November 27, 2024
Home Kerala എല്‍ഡിഎഫ് ഭരണത്തില്‍ പോലീസുകാര്‍ക്കെതിരെ 828 കേസുകള്‍; എട്ടുപേരെ പിരിച്ചുവിട്ടെന്ന് മുഖ്യമന്ത്രി

എല്‍ഡിഎഫ് ഭരണത്തില്‍ പോലീസുകാര്‍ക്കെതിരെ 828 കേസുകള്‍; എട്ടുപേരെ പിരിച്ചുവിട്ടെന്ന് മുഖ്യമന്ത്രി

0
155

തിരുവനന്തപുരം:  സംസ്ഥാനത്ത് പോലീസ് ഉദ്യോഗസ്ഥർ പ്രതികളായി 2016 മുതൽ 828 ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തരത്തിൽ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട വിവിധ റാങ്കുകളിൽപ്പെട്ട എട്ട് പോലീസ് ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് പിരിച്ചുവിട്ടെന്നും മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചു. സംസ്ഥാനത്തെ പോലീസ് ക്രിമിനൽവത്കരിക്കപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉന്നയിച്ച അടിയന്തര പ്രമേയത്തിന് മറുപടി നൽകുന്നതിനിടെയാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങൾ പറഞ്ഞത്.

കേരളത്തിലെ ക്രമസമാധാനം മികച്ചതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊതുശ്രദ്ധ പിടിച്ചുപറ്റിയ എല്ലാ കേസുകളിലും അന്വേഷണം ഫലപ്രദമാണ്. പൊലീസിനെ താറടിച്ചു കാണിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. പൊലീസിനെ താറടിച്ചു കാണിക്കുന്ന സമീപനം അംഗീകരിക്കില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. പൊലീസില്‍ ക്രിമിനലുകള്‍ കൂടുകയല്ല, കുറയുകയാണ് ചെയ്യുന്നത്. കേസ് അന്വേഷണത്തില്‍ പൊലീസ് ഇടപെടല്‍ കാര്യക്ഷമമാണ്. പൊലീസില്‍ രാഷ്ട്രീയവല്‍ക്കരണമെന്ന പ്രതിപക്ഷ ആരോപണം അടിസ്ഥാനരഹിതമാണ്.

പൊലീസ് ചെയ്യുന്ന തെറ്റ് സര്‍ക്കാര്‍ ന്യായീകരിക്കില്ല. തെറ്റു ചെയ്താല്‍ നടപടി സ്വീകരിക്കും. ഇതില്‍ ഒരു വിട്ടുവീഴ്ചയുമില്ല. ലോക്കപ്പ് കശാപ്പുശാലയല്ല. മൂന്നാംമുറ പാടില്ല. ജനകീയ സമരങ്ങളെ അടിച്ചമര്‍ത്തരുത് എന്നതാണ് സര്‍ക്കാര്‍ നയം. ഇത് സമൂഹത്തിനും ബോധ്യമുണ്ട്. തിരുവഞ്ചൂരിന്റെ അടിയന്തരപ്രമേയം ചീറ്റിപ്പോയി. വിഷയം ഗൗരവത്തോടെ അവതരിപ്പിക്കാനായില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

തെറ്റായ വിവരങ്ങള്‍ നല്‍കി പൊലീസ് മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. തെറ്റു ചെയ്യുന്ന പൊലീസിനെ മുഖ്യമന്ത്രി ന്യായീകരിക്കുന്നത് ശരിയല്ല. വഴിവിട്ട പൊലീസിനെ സര്‍ക്കാര്‍ സംരക്ഷിച്ചാല്‍ എവിടെ പോയി നില്‍ക്കും?. പിങ്ക് പൊലീസ് പരാജയമാണെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

പൊലീസ് പ്രതികളായ കേസുകള്‍ 828 എണ്ണമാണ്.ഇതില്‍ 28 എണ്ണം പീഡനക്കേസുകളാണെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. അമിതമായ രാഷ്ട്രീയവത്കരണമാണ് പൊലീസ് സേനയിലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കുറ്റപ്പെടുത്തി. മാങ്ങാമോഷണക്കേസില്‍ പോലും പൊലീസ് പ്രതിയാകുന്നുവെന്നും പ്രതിപക്ഷം ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here