236 കോടി മുടക്കി സംസ്ഥാനമൊട്ടാകെ എ.ഐ. ക്യാമറകള്‍ സ്ഥാപിച്ചിട്ട് എട്ടുമാസം; ഇതുവരെ ഉദ്ഘാടനം നടന്നില്ല

0
228

തിരുവനന്തപുരം: സംസ്ഥാനമൊട്ടാകെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ.ഐ.) ക്യാമറകള്‍ സ്ഥാപിച്ചിട്ട് എട്ടുമാസമായെങ്കിലും ഉദ്ഘാടനം ഇതുവരെ നടന്നിട്ടില്ല. ആകെ സ്ഥാപിച്ച 726 ക്യാമറകള്‍ക്കായി സര്‍ക്കാര്‍ ഇതുവരെ മുടക്കിയത് 236 കോടി രൂപയാണ്. എന്നാല്‍ ഇവയുടെ ഉദ്ഘാടനം ഇതുവരെ കഴിഞ്ഞിട്ടില്ല. എ.ഐ. ക്യാമറകളുടെ കണ്‍സള്‍ട്ടേഷന്‍ ഫീസുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ഉദ്ഘാടനത്തിന് തടസ്സം നില്‍ക്കുന്നത്.

സര്‍ക്കാര്‍ കമ്പനിയായ കെല്‍ട്രോണാണ് ക്യാമറകള്‍ സ്ഥാപിച്ചത്. ഇതിന്റെ കണ്‍സള്‍ട്ടേഷന്‍ ഫീസായി അഞ്ച് കോടി രൂപയാണ് കെല്‍ട്രോണ്‍ ചോദിച്ചത്. എന്നാല്‍ ധനകാര്യവകുപ്പ് ഇതിനെ ശക്തമായി എതിര്‍ത്തതോടെയാണ് തര്‍ക്കമായത്. മോട്ടോര്‍വാഹനവകുപ്പിന്റെ കണക്കുകള്‍ പ്രകാരം, വാഹനങ്ങളുടെ പിഴയിനത്തില്‍നിന്ന് പ്രതിമാസം 22 കോടി രൂപയാണ് സര്‍ക്കാരിന് നേടാനാവുക. ഒരു വര്‍ഷം 261 കോടിയില്‍ അധികം രൂപയും നേടാനാകും. ചെറിയ ഫീസിന്റെ പേരിലുള്ള തര്‍ക്കം മൂലം കഴിഞ്ഞ എട്ട് മാസങ്ങളായി സര്‍ക്കാര്‍ ഈ തുക നഷ്ടപ്പെടുത്തിയതില്‍ മോട്ടോര്‍വാഹനവകുപ്പിന് കടുത്ത അതൃപ്തിയുണ്ട്. എത്രയും പെട്ടന്ന് ക്യാമറകളുടെ പ്രവര്‍ത്തനം ആരംഭിക്കണമെന്നതാണ് മോട്ടോര്‍വാഹനവകുപ്പിന്റെ ആവശ്യവും.

കാറിനുള്ളിലിരിക്കുന്നയാള്‍ സീറ്റ്‌ ബെല്‍റ്റിട്ടിട്ടുണ്ടോയെന്ന് വരെ സൂക്ഷ്മനിരീക്ഷണം നടത്തി വിവരം കണ്‍ട്രോള്‍ റൂമിലേക്കയച്ച് വ്യക്തിയുടെ മൊബൈലില്‍ ഫൈനടയ്ക്കാനുള്ള സന്ദേശമെത്തിക്കുന്ന അത്യാധുനികസംവിധാനമാണ് നിസ്സാരതര്‍ക്കത്തിന്റെ പേരില്‍ സര്‍ക്കാര്‍ നീട്ടിവെയ്ക്കുന്നത്. ഇനി എന്നാണ് ഈ ക്യാമറകള്‍ പ്രവര്‍ത്തിക്കുക എന്നതിനെക്കുറിച്ച് ആര്‍ക്കും യാതൊരു സൂചനയുമില്ല. ക്യാമറകളെല്ലാം ഘടിപ്പിച്ച് ഉദ്ഘാടനത്തിനായി കാത്തിരുന്ന വേളയിലാണ് കണ്‍സള്‍ട്ടേഷന്‍ തുകയുടെ പേരില്‍ ധനകാര്യവകുപ്പ് തര്‍ക്കമുണ്ടാക്കിയത്. ആദ്യവര്‍ഷത്തില്‍ തന്നെ 261 കോടിയിലധികം രൂപ പിഴയിനത്തില്‍ ലഭിക്കുമെന്ന പ്രതീക്ഷയാണ് ഇതോടെ ഇല്ലാതായത്.

എട്ടുമാസം മുന്‍പ്‌ ക്യാമറകള്‍ ഘടിപ്പിച്ച സമയത്തുതന്നെ പല പരീക്ഷണങ്ങളും നടത്തി ഇവ പ്രവര്‍ത്തനക്ഷമമാണെന്ന് ഉറപ്പുവരുത്തിയിരുന്നു. ഇനി ഉദ്ഘാടനസമയമാകുമ്പോഴേക്കും മഴയും വെയിലുമൊക്കെ കൊണ്ട് ഇവ തകരാറിലാവാനുള്ള സാധ്യതയുമുണ്ട്. അതിനായി വീണ്ടും പരീക്ഷണങ്ങള്‍ നടത്തണമെങ്കില്‍ നല്ല തുക ചെലവാകും. കൂടാതെ, കേടുപാടുകള്‍ നന്നാക്കാന്‍ അധികതുകയും ആവശ്യംവരും. സംസ്ഥാനം വലിയ കടബാധ്യതയിലേക്ക് നീങ്ങുന്ന സമയത്ത് സര്‍ക്കാരിന് എളുപ്പത്തില്‍ ഈടാക്കാമായിരുന്ന ഈ തുക നഷ്ടപ്പെടുത്തിയെന്ന് മാത്രമല്ല, ക്യാമറകളുടെ പ്രവര്‍ത്തനത്തിന് ഇനിയും പൈസ ചെലവഴിക്കേണ്ട സ്ഥിതിയുമാണ്.

 

LEAVE A REPLY

Please enter your comment!
Please enter your name here