പത്തൊൻപതുകാരിക്ക് പീഡനം: യുവതി ഉൾപ്പെടെ 2 പേർ കൂടി അറസ്റ്റിൽ

0
265

കാസർകോട് ∙ പത്തൊൻപതുകാരിയെ മയക്കുമരുന്ന് നൽകിയും പ്രലോഭിപ്പിച്ചും കൂട്ട പീഡനത്തിനിരയാക്കിയ കേസിൽ യുവതി ഉൾപ്പെടെ രണ്ടുപേർ കൂടി അറസ്റ്റിൽ. ‌കാഞ്ഞങ്ങാട്, കാസർകോട് എന്നിവിടങ്ങളിലായി ലോഡ്ജിലും വാടക മുറികളിലുമായി കഴിയുന്ന ജാസ്മിൻ (22), കാസർകോട് സ്വദേശി ജംഷി എന്ന അബ്ദുൽ സത്താർ (31) എന്നിവരെയാണ് കാസർകോട് പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയെ കാസർകോട്ടുള്ള ലോഡ്ജ് കേന്ദ്രീകരിച്ച് കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ കേസിലാണ് പ്രതികളുടെ അറസ്റ്റ്.

അറസ്റ്റിലായ ജാസ്മിൻ പെൺകുട്ടികളെ വിവിധയിടങ്ങളിൽ എത്തിച്ച് ഇടപാടുകാർക്ക് കൈമാറുന്ന സംഘത്തിലെ കണ്ണിയാണെന്ന് പൊലീസ് അറിയിച്ചു. ഇതോടെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്നവരുടെ എണ്ണം അഞ്ചായി.പട്‌ളയിലെ ജെ.ഷൈനിത്ത് കുമാർ (30), ഉളിയത്തടുക്കയിലെ ക്വാർട്ടേഴ്സിൽ താമസിക്കുന്ന എൻ. പ്രശാന്ത് (43), ഉപ്പള മംഗൽപ്പാടിയിലെ മോക്ഷിത് ഷെട്ടി (27) എന്നിവരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബത്തിൽപെട്ട പെൺകുട്ടിയുടെ കഷ്ടപ്പാടുകൾ ചൂഷണം ചെയ്താണ് പ്രതികൾ പീഡിപ്പിച്ചത്. ചെർക്കള, കാസർകോട്, മംഗളൂരു, തൃശൂർ തുടങ്ങിയ സ്ഥലങ്ങളിലേക്ക് കൊണ്ടുപോയാണ് ഒറ്റയ്ക്കും കൂട്ടമായും പീഡിപ്പിച്ചതെന്നാണ് പെൺകുട്ടിയുടെ മൊഴി. ഒരു തവണ ലഹരിമരുന്ന് നൽകിയാണ് പീഡിപ്പിച്ചതെന്നും പരാതിയിൽ പറയുന്നുണ്ട്. തുടർച്ചയായുള്ള പീഡനം കാരണമുണ്ടായ ആരോഗ്യ-മാനസിക പ്രശ്‌നങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയപ്പോൾ നടത്തിയ കൗൺസിലിങ്ങിലാണ് പെൺകുട്ടി പീഡന വിവരങ്ങൾ വെളിപ്പെടുത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here