ദോഹ: ഖത്തര്‍ ലോകകപ്പിൽ മറ്റൊരു ടീമിനും ഇനി അവകാശപ്പെടാനാവാത്ത സമ്പൂര്‍ണ ജയമെന്ന നേട്ടം സ്വന്തമാക്കാൻ കൂടിയാണ് ബ്രസീലും പോര്‍ച്ചുഗലും ഇന്നിറങ്ങുക. 2006ലാണ് അവസാനം ബ്രസീലും പോര്‍ച്ചുഗലും ഗ്രൂപ്പ് ഘട്ടത്തിൽ എല്ലാ കളിയും ജയിച്ചത്. ഗ്രൂപ്പ് ജിയിൽ നിന്നാണ് ബ്രസീൽ റെക്കോര്‍ഡടിക്കാന്‍ ഇറങ്ങുന്നതെങ്കില്‍ ഗ്രൂപ്പ് എച്ചിൽ നിന്നാണ് പോർച്ചുഗൽ റെക്കോര്‍ഡിലേക്ക് കിക്കോഫ് ചെയ്യുന്നത്.
ഗ്രൂപ്പിലെ മൂന്നിൽ മൂന്ന് കളികളും ജയിച്ച് സമ്പൂർണ ആധിപത്യത്തോടെ നോക്കൗട്ട് റൗണ്ടിലെത്താനാണ് ഇരു ടീമുകളും ഇന്നിറങ്ങുന്നത്. ആദ്യ മത്സരത്തിൽ സെർബിയയെ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തിയാണ് കാനറികൾ തുടങ്ങിയത്. പിന്നാലെ സ്വിറ്റ്സർലന്‍ഡിനെ ഏകപക്ഷീയമായ ഒരു ഗോളിനും തകർത്ത് മഞ്ഞപ്പട ആധിപത്യം തുടർന്നു. ഇന്ന് കാമറൂണിനെതിരെ ഇറങ്ങുമ്പോഴും കാനറികൾ ജയത്തിൽ കുറഞ്ഞൊന്നും പ്രതീക്ഷിക്കുന്നുണ്ടാകില്ല. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ നെയ്മർ കളത്തിലുണ്ടാകുമോ എന്നതിൽ മാത്രമാണ് ആരാധകർക്ക് ഇത്തിരിയെങ്കിലും ആശങ്ക.
കരുത്തരെ തകർത്തെറിഞ്ഞാണ് പോർച്ചുഗലിന്‍റെ പടയോട്ടം.ആദ്യ മത്സരത്തിൽ വീഴ്ത്തിയത് ആഫ്രിക്കൻ കരുത്തരായ ഘാനയെ.3-2ന്. ശക്തരായ ഉറുഗ്വെയെ 2-0 ത്തിനും പറങ്കികൾ കെട്ടുകെട്ടിച്ചു.ഏഷ്യൻ സാന്നിധ്യമായ ദക്ഷിണ കൊറിയ ക്രിസ്റ്റ്യാനോയ്ക്കും സംഘത്തിനും വലിയ വെല്ലുവിളിയുയർത്തില്ലെന്നാണ് പ്രതീക്ഷിക്കുന്നത്.
2006ലും സമാന രീതിയിലായിരുന്നു ഇരു ടീമുകളുടെയും മുന്നേറ്റം. ക്രൊയേഷ്യയും ഓസ്ട്രേലിയേയും ജപ്പാനെയും പരാജയപ്പെടുത്തി ബ്രസീൽ നോക്കൗട്ടിലെത്തി. പക്ഷെ പ്രീക്വാർട്ടറിൽ ഘാനയെ തകർത്ത ബ്രസീൽ ക്വാർട്ടറിൽ ഫ്രാൻസിന് മുന്നിൽ വീണു.
അംഗോള ,ഇറാൻ, മെക്സിക്കോ എന്നിവരെ തോൽപ്പിച്ചാണ് പോർച്ചുഗൽ 2006ൽ ഗ്രൂപ്പ് ഘട്ടം അവസാനിപ്പിച്ചത്. പ്രീക്വാർട്ടറിൽ നെതർലാൻഡ്സിനെ വീഴ്ത്തിയ പറങ്കിപ്പട ക്വാർട്ടറിൽ ഇംഗ്ലണ്ടിനെയും പരാജയപ്പെടുത്തി സെമിയിലെത്തി. പക്ഷേ ബ്രസീലിനെ വീഴ്ത്തിയെത്തിയ ഫ്രാൻസിന് മുന്നിൽ പോർച്ചുഗലും അന്ന് അടിയറവ് പറഞ്ഞു. ഫൈനലില്‍ ഫ്രാന്‍സാകട്ടെ ഇറ്റലിക്ക് മുന്നില്‍ വീണു. ഫ്രാന്‍സിന്‍റെ നായകനായിരുന്ന സിനന്ദിന്‍ സിദാന്‍ ഇറ്റാലിയന്‍ ഡിഫന്‍ഡര്‍ മാര്‍ക്കോ മറ്റെരാസിയെ തലകൊണ്ട് ഇടിച്ചിട്ടതിന് ചുവപ്പു കാര്‍ഡ് വാങ്ങി പുറത്തുപോയതാണ് ഫൈനലില്‍ നിര്‍ണായകമായത്.