ന്യൂഡൽഹി: ചൈനീസ് സൈന്യം ഇന്ത്യൻ പ്രദേശത്തേക്ക് നുഴഞ്ഞുകയറിയത് അപൂർവ ഹിമാലയൻ ഔഷധമായ ‘കീഡ ജഡി’ (കോർഡിസെപ്സ്) ശേഖരിക്കുന്നതിന് വേണ്ടിയെന്ന് ഇൻഡോ-പസഫിക് സെന്റർ ഫോർ സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷൻസിന്റെ (ഐപിസിഎസ്സി) റിപ്പോർട്ട്.
ചൈനയിലെ വിലകൂടിയ ഔഷധമാണ് കോർഡിസെപ്‌സ്. കാറ്റർപില്ലർ ഫംഗസ് അല്ലെങ്കിൽ ഹിമാലയൻ ഗോള്‍ഡ് എന്നും ഈ ചെടി അറിയപ്പെടുന്നെന്ന് വാർത്താ ഏജൻസിയായ ഐ.എ.എൻ.എസ് റിപ്പോർട്ട് ചെയ്തു. ചൈനയിലും നേപ്പാളിലും ഔഷധ സസ്യം ‘യാർസഗുംബ’ എന്നും ഇന്ത്യയിൽ ‘കീഡ ജഡി’ എന്നും അറിയപ്പെടുന്നു. കോർഡിസെപ്‌സ് അഥവാ കാറ്റർപില്ലർ ഫംഗസിന്റെ ശാസ്ത്രീയ നാമം ‘ഒഫിയോകോർഡിസെപ്‌സ് സിനെൻസിസ്’ എന്നാണ്.
കോർഡിസെപ്‌സ് സാധാരണയായി തെക്കുപടിഞ്ഞാറൻ ചൈനയിലെയും ഇന്ത്യൻ ഹിമാലയത്തിലെയും പീഠഭൂമിയുടെ ഉയർന്ന പ്രദേശത്താണ് കാണപ്പെടുന്നത്. ഐപിസിഎസ്സി റിപ്പോർട്ട് അനുസരിച്ച്, ഔഷധ സസ്യം തേടി ചൈനീസ് സൈനികർ അരുണാചൽ പ്രദേശിൽ അനധികൃതമായി പ്രവേശിച്ചത്. അന്താരാഷ്ട്ര വിപണിയിൽ ഇതിന് കിലോയ്ക്ക് ഏകദേശം 10-12 ലക്ഷം രൂപയാണ് വില. 2022ൽ കോർഡിസെപ്‌സിന്റെ മാർക്കറ്റ് വില 1072.50 മില്യൺ യു.എസ് ഡോളറാണ്.
ചൈനയാണ് ഏറ്റവും വലിയ കയറ്റുമതിക്കരും ഉത്പാദകരും. ഐപിസിഎസ്സി റിപ്പോർട്ട് പ്രകാരം, കഴിഞ്ഞ കുറച്ച് വർഷങ്ങളായി കോർഡിസെപ്സ് വിളവെടുപ്പ് ചൈനയിൽ കുറഞ്ഞു. വംശനാശ ഭീഷണിയും വിലക്കൂടുതലും കൊണ്ട് പ്രത്യേക പാസുള്ളവർക്ക് മാത്രമേ ഇത് ശേഖരിക്കാൻ അനുവാദമുള്ളൂ. എന്നാൽ ഇന്ത്യയിൽ ഇതിന്റെ ഉത്പാദനം കുറഞ്ഞതുമില്ല. ഇതാണ് നുഴഞ്ഞുകയറ്റത്തിന് കാരണമായതെന്നാണ് റിപ്പോർട്ടില്‍ പറയുന്നു. ശാസ്ത്രീയ തെളിവുകളില്ലെങ്കിലും ചൈനയിൽ വൃക്ക തകരാറുകൾ മുതൽ വന്ധ്യതയടക്കമുള്ള എല്ലാ പ്രശ്‌നങ്ങൾക്കും കോർഡിസെപ്‌സാണ് മരുന്നായി ഉപയോഗിക്കുന്നത്.