റൊണാള്‍ഡോ ഇന്നും ബെഞ്ചില്‍; സൂപ്പര്‍താരമില്ലാതെ വീണ്ടും പോര്‍ച്ചുഗല്‍ ഇലവന്‍

0
208

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇല്ലാതെ വീണ്ടും പോര്‍ച്ചുഗല്‍ ആദ്യ ഇലവനെ പ്രഖ്യാപിച്ചു. കഴിഞ്ഞ മത്സരത്തില്‍ ഇറക്കിയ ലൈനപ്പില്‍ മാറ്റമില്ലാതെയാണ് പോര്‍ച്ചുഗല്‍ ടീം പ്രഖ്യാപിച്ചിരിക്കുന്നത്.

സ്വിറ്റ്സര്‍ലന്‍ഡിനെതിരായ കഴിഞ്ഞ പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ ഗോണ്‍സാലോ റാമോസിനെയാണ് റൊണാള്‍ഡോക്ക് പകരം ഇറക്കിയത്. അന്ന് ഹാട്രിക്കുമായാണ് റോമോസ് തിരിച്ചുകയറിയത്. 2008ന് ശേഷം റൊണാള്‍ഡോ ഇല്ലാതെ ആദ്യമായാണ് കഴിഞ്ഞ മത്സരത്തില്‍ പോര്‍ച്ചുഗല്‍ സ്റ്റാര്‍ട്ടിങ് ഇലവനെ പ്രഖ്യാപിക്കുന്നത്. പിന്നീട് മത്സരത്തിന്‍റെ അവസാന മിനുട്ടുകളിലാണ് റോണോയെ കോച്ച് ഫെർണാണ്ടോ സാന്‍റോസ് ഇറക്കിയത്.

എന്നാല്‍ കിട്ടിയ അവസരം മുതലെടുത്ത റാമോസ് ഒരൊറ്റ മത്സരത്തോടെ ടീമിന്‍റെ ഒഴിച്ചുകൂടാനാകാത്ത ഘടകമായി. പെലേക്ക് ശേഷം നോക്കൗട്ട് ഘട്ടത്തിൽ ഹാട്രിക് നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരമായി ആണ് റാമോസ് അന്ന് റെക്കോര്‍ഡ് ബുക്കില്‍കയറിപ്പറ്റിയത്. കൂടാതെ ഖത്തർ ലോകകപ്പിലെ ആദ്യ ഹാട്രികും റാമോസിന്റെ പേരിലാണ് അടയാളപ്പെടുത്തപ്പെട്ടത്.

പോര്‍ച്ചുഗല്‍ ഇലവന്‍

കോസ്റ്റ, ഡാലോട്ട്, പെപ്പെ, റൂബന്‍‌ ഡിയാസ്, റാഫേല്‍, റൂബന്‍ നവാസ്, ഒട്ടാവിയോ, ബ്രൂണോ ഫെര്‍ണാണ്ട്, ബര്‍ണാഡോ സില്‍വ, ജാവോ ഫെലിക്സ്, ഗോണ്‍സാലോ റാമോസ്

പ്രീക്വാർട്ടർ മത്സരത്തിൽ സ്വിസ് മടയിൽ പറങ്കിപ്പടയുടെ തേരോട്ടമാണ് ലോകം കണ്ടത്. ആറു ഗോൾക്കായിരുന്നു പോർച്ചുഗലിന്‍റെ വിജയം. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പകരക്കാരനായെത്തിയ യുവതാരം ഗോൺസാലോ റാമോസ് ഹാട്രിക്കടിച്ചു. നായകൻ പെപേയും റാഫേൽ ഗ്വിറേറോയും റാഫേൽ ലിയോയും ഓരോന്നും ഗോളുകളടിച്ചു.

മാന്വൽ അകഞ്ചി സ്വിറ്റ്സർലൻഡിനായി ഒരു ഗോൾ നേടി.ഖത്തറിൽ നടക്കുന്ന ലോകകപ്പിലെ ആദ്യ ഹാട്രിക്കാണ് 21 കാരനായ റാമോസ് നേടിയിരിക്കുന്നത്. ജാവോ ഫെലിക്സിന്റെ അസിസ്റ്റിൽ മത്സരത്തിന്റെ 17ാം മിനുട്ടിലാണ് ഗോൺസാലോ റാമോസ് ആദ്യ ഗോളടിച്ചത്. ഫെലിക്സിൽ നിന്ന് ത്രോ ഇൻ വഴി പന്ത് സ്വീകരിച്ച് പോസ്റ്റിന്റെ മുകളിലെ ഇടതുമൂലയിലേക്ക് അടിച്ചിടുകയായിരുന്നു.

51ാം മിനുട്ടിൽ ഡാലോട്ടിന്റെ പാസിലായിരുന്നു രണ്ടാം ഗോൾ. 67ാം മിനുട്ടിൽ റാമോസ് തന്റെ മൂന്നാം ഗോളടിച്ചു. റാഫേൽ 55ാം മിനുട്ടിലാണ് ഗോളടിച്ചത്. മത്സരത്തിലുടനീളം തിളങ്ങിയ ഗോൺസാലോ റാമോസായിരുന്നു അസിസ്റ്റ്. 32ാം മിനുട്ടിൽ പെനാൽട്ടി കോർണറിൽ നിന്നായിരുന്നു പെപേയുടെ ഗോൾ. ഇതോടെ നോക്കൗട്ട് ഘട്ടത്തിൽ ഗോൾ നേടുന്ന എക്കാലത്തെയും പ്രായമേറിയ താരമായി പെപേ മാറി. 39 വർഷവും 283 ദിവസവുമാണ് താരത്തിന്റെ പ്രായം.

സ്വിറ്റ്‌സർലൻഡിനായി അകുഞ്ചി ഗോൾ നേടിയത് 58ാം മിനുട്ടിലായിരുന്നു. 92ാം മിനുട്ടിൽ ഗ്വരീറോയായുടെ അസിസ്റ്റിലായിരുന്നു ലിയോയുടെ ഗോൾ.

73ാം മിനുട്ടിൽ ജാവോ ഫെലിക്സിനെ പിൻവലിച്ച് ക്രിസ്റ്റിയാനോ റൊണാൾഡോയെയിറക്കി. റാമോസിനെയും ഒട്ടാവിയയെയും പിൻവലിച്ച് റിക്കാർഡോ ഹോർതയെയും വിതിൻഹയെയും ഇറക്കി. 43ാം മിനുട്ടിൽ സ്വിറ്റ്സർലൻഡിന്റെ ഫാബിയൻ സഞ്ചർ മഞ്ഞക്കാർഡ് കണ്ടു. ഫെലിക്സിനെ ഫൗൾ ചെയ്തതിനാണ് നടപടി നേരിട്ടത്. പിന്നീട് റൊണാൾഡോ ഒരുവട്ടം സ്വിസ് വല കുലുക്കിയെങ്കിലും ഓഫ്‌സൈഡ് കൊടിയുയർന്നു.

LEAVE A REPLY

Please enter your comment!
Please enter your name here