കാസര്‍കോട്: വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന് പരിധിയിലെ പത്തൊന്‍പതുകാരിയെ മയക്കുമരുന്ന് നല്‍കിയും പ്രലോഭിപ്പിച്ചും കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസില്‍ അറസ്റ്റിലായ മൂന്നുപ്രതികളെ കോടതി റിമാണ്ട് ചെയ്തു. പട്ളയിലെ ജെ. ഷൈനിത്ത് കുമാര്‍ (30), ഉളിയത്തടുക്കയിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന എന്‍. പ്രശാന്ത് (43), ഉപ്പള മംഗല്‍പ്പാടിയിലെ മോക്ഷിത് ഷെട്ടി (27) എന്നിവരെയാണ് കാസര്‍കോട് ജുഡീഷ്യല്‍ മജിസട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാണ്ട് ചെയ്തത്. ഇന്നലെയാണ് കാസര്‍കോട് വനിതാ ഇന്‍സ്പെക്ടര്‍ പി. ചന്ദ്രികയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മൂന്നുപേരെയും അറസ്റ്റ് ചെയ്തത്.
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബത്തില്‍പെട്ട പെണ്‍കുട്ടിയുടെ കഷ്ടപ്പാടുകള്‍ ചൂഷണം ചെയ്താണ് പ്രതികള്‍ പീഡിപ്പിച്ചത്. വിശപ്പ് സഹിക്കാന്‍ കഴിയാതെ ഭക്ഷണം കഴിക്കാന്‍ പണം കടം ചോദിച്ചെത്തിയപ്പോള്‍ അയല്‍ക്കാരനായ യുവാവാണ് തന്നെ ആദ്യമായി പീഡിപ്പിച്ചതെന്ന് പെണ്‍കുട്ടി പൊലീസില്‍ മൊഴി നല്‍കി. തുടര്‍ന്ന് പ്രണയം നടിച്ച് ഈ യുവാവ് പല സ്ഥലത്തേക്കും കൊണ്ടു പോയി ലൈംഗികമായി ഉപയോഗിക്കുകയും മറ്റുള്ളവര്‍ക്ക് പങ്കു വെക്കുകയും ചെയ്തുവെന്നും പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു.
ചെര്‍ക്കള, കാസര്‍കോട്, മംഗളൂരു, തൃശൂര്‍ തുടങ്ങിയ സ്ഥലങ്ങളിലേക്ക് കൊണ്ടുപോയാണ് ഒറ്റയ്ക്കും കൂട്ടമായും പീഡിപ്പിച്ചതെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. ഒരു തവണ മയക്കുമരുന്ന് നല്‍കിയാണ് പീഡിപ്പിച്ചതെന്നും പരാതിയില്‍ പറയുന്നുണ്ട്. തുടര്‍ച്ചയായുള്ള പീഡനം കാരണമുണ്ടായ ആരോഗ്യ-മാനസിക പ്രശ്നങ്ങളെ തുടര്‍ന്ന് ആസ്പത്രിയില്‍ ചികിത്സ തേടിയപ്പോള്‍ നടത്തിയ കൗണ്‍സിലിങ്ങിലാണ് പെണ്‍കുട്ടി ഞെട്ടിപ്പിക്കുന്ന പീഡന വിവരങ്ങള്‍ വെളിപ്പെടുത്തിയത്. തുടര്‍ന്ന് കാസര്‍കോട് വനിതാ പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു.
പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നതിന് ഒത്താശ നല്‍കിയ ഇടനിലക്കാരിയായ കാഞ്ഞങ്ങാട് സ്വദേശിനിയെ വനിതാ പൊലീസ് കസ്റ്റഡിയിലെടുത്തു. ഈ സ്ത്രീയെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. സംഭവത്തിന് പിന്നില്‍ വലിയ സംഘം പ്രവര്‍ത്തിച്ചിരുന്നതായും അന്വേഷണം പുരോഗമിക്കുന്നതോടെ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകുമെന്നുമാണ് പൊലീസ് നല്‍കുന്ന സൂചന. മുമ്പ് പെണ്‍കുട്ടി രണ്ടുതവണ പ്രണയക്കുരുക്കില്‍പെട്ടിരുന്നു. ഈ പ്രണയങ്ങള്‍ തകര്‍ന്നതിലെ മനോവിഷമത്തില്‍ കഴിയുന്നതിനിടെയാണ് മൂന്നാമതൊരാള്‍ പ്രണയത്തില്‍ കുടുക്കി ബലാത്സംഗത്തിന് വഴിയൊരുക്കിയത്.