ന്യൂഡൽഹി: കൂറുമാറി ആം ആദ്മിയിൽ ചേർന്ന് മണിക്കൂറുകൾ പിന്നിടുന്നതിന് മുൻപ് തന്നെ കോൺഗ്രസിലേക്ക് തിരികെയെത്തി ഡൽഹി കോൺഗ്രസ് വൈസ് പ്രസിഡന്റ് അലി മെഹ്ദി. ഇന്ന് പുലർച്ചെ രണ്ടുമണിക്ക് ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിലൂടെ ക്ഷമാപണം നടത്തിക്കൊണ്ടായിരുന്നു മഹ്ദിയുടെ തിരിച്ചുവരവ്.
‘ഞാൻ ഒരു വലിയ തെറ്റുചെയ്തു. എന്റെ അച്ഛൻ 40 വർഷമായി കോൺഗ്രസിന് വേണ്ടി പ്രവർത്തിക്കുന്നു. ഞാൻ രാഹുൽ ഗാന്ധിയുടെ പ്രവർത്തകനാണ് അങ്ങനെ തന്നെ തുടരുകയും ചെയ്യും’; കൈകൂപ്പിക്കൊണ്ട് മെഹ്ദി പറഞ്ഞു. തന്റെയൊപ്പം ആം ആദ്മിയിൽ ചേർന്ന ബ്രിജ്പുരിയിൽ നിന്നുള്ള കൗൺസിലർ നാസിയ ഖാട്ടൂൻ, മുസ്തഫാബാദിൽ നിന്നുള്ള കൗൺസിലർ സബീലാ ബീഗം, 300 വോട്ടിന് തോറ്റ ബ്ലോക്ക് പ്രസിഡന്റ് അലീം അൻസാരി എന്നിവരും കോൺഗ്രസിലേക്ക് തിരികെയെത്തിയതായി മഹ്ദി പറഞ്ഞു.
मैं राहुल गांधी जी का कार्यकर्ता हू 🙏 pic.twitter.com/sA9LPuk0kn
— Ali Mehdi🇮🇳 (@alimehdi_inc) December 9, 2022