തിരുവനന്തപുരം: കാസർകോടും കണ്ണൂർ ജില്ലിയിലുമായി മൂന്നിടത്തുണ്ടായ വാഹനാപകടത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. കാസർകോട് ജില്ലയിലെ അഡൂരിലും കണ്ണൂരിലെ കണ്ണപുരത്തും തളിപ്പണ്പലുമാണ് അപകടം ഉണ്ടായത്. കാസർകോട് ഇന്നോവ കാർ മരത്തിലിടിച്ചപ്പോൾ, കണ്ണപുരത്ത് മിനി ലോറിയും സ്കൂട്ടറും കൂട്ടിമുട്ടി. തളിപ്പറമ്പിൽ സ്വിഫ്റ്റ് ബസ് ബൈക്കിലിടിച്ചുമായിരുന്നു അപകടം.
അമ്മയും പിഞ്ചുകുഞ്ഞുമാണ് കാസർകോട് കൊല്ലപ്പെട്ടത്. അഡൂർ പരപ്പയിൽ ഇന്നോവ കാർ നിയന്ത്രണം വിട്ടായിരുന്നു അപകടം. ഗ്വാളിമുഖം ഗോളിത്തടി സ്വദേശിയായ ഷാഹിന (28), മകൾ ഫാത്തിമ (രണ്ട്) എന്നിവരാണ് മരിച്ചത്. അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.
കണ്ണൂർ കണ്ണപുരം മൊട്ടമ്മലിലാണ് മിനി ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചത്. ഇരിണാവ് സ്വദേശി കപ്പള്ളി ബാലകൃഷ്ണൻ (74), കൂളിച്ചാൽ സ്വദേശി തറോൽ ജയരാജൻ(51) എന്നിവരാണ് മരിച്ചത്. തളിപ്പറമ്പ് എഴാംമൈലിലാണ് സ്വിഫ്റ്റ് ബസ് ബൈക്കിലിടിച്ച് അപകടം ഉണ്ടായത്. എംബിബിഎസ് വിദ്യാർത്ഥിയായിരുന്നു ഈ അപകടത്തിൽ മരിച്ച മിഫ്‌സലു റഹ്മാൻ. പരിയാരം മെഡിക്കൽ കോളേജിലെ നാലാം വർഷ എംബിബിഎസ് വിദ്യാർത്ഥിയായിരുന്നു. ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്.
എറണാകുളത്ത് ഇന്നലെ ട്രെയിനിൽ നിന്ന് വീണ യുവാവും മരിച്ചു. കേരള ബ്ലാസ്റ്റേഴ്സും ബെംഗളൂരു എഫ്‌സിയും തമ്മിലെ ഫുട്ബോൾ മൽസരം കണ്ട് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. കറുകുറ്റി പൈനാടത്ത് (ചാലക്കുടിക്കാരൻ ) വീട്ടിൽ പ്രകാശിന്റെ മകൻ ഡോൺ (24) ആണ് മരിച്ചത്. കറുകുറ്റി റെയിൽവേ സ്റ്റേഷനിലാണ് അപകടം നടന്നത്. അങ്കമാലിയിൽ ട്രെയിൻ എത്തിയപ്പോൾ ചേട്ടനെ വിളിച്ചിരുന്നു. റെയിൽവെ സ്റ്റേഷനിൽ തന്നെ കൂട്ടാൻ വരണമെന്നാണ് ഡോൺ ആവശ്യപ്പെട്ടത്. എന്നാൽ അങ്കമാലിയിൽ ട്രെയിൻ നിർത്തിയില്ല. തൃശൂരിലേ ട്രെയിനിന് സ്റ്റോപ്പുള്ളൂവെന്നും ഡോൺ പറഞ്ഞിരുന്നു. ട്രാക്ക് അറ്റകുറ്റപണി നടക്കുന്നതിനാൽ കറുകുറ്റി ഭാഗത്ത് ട്രെയിൻ വേഗത കുറച്ചിരുന്നു. ഈ സമയത്ത് ചാടി ഇറങ്ങിയപ്പോൾ അപകടം സംഭവിച്ചതാണെന്ന് കരുതുന്നു. ചേട്ടനും പിതാവും കറുകുറ്റി റെയിൽവേ സ്റ്റേഷനിൽ എത്തി അന്വേഷിച്ചുവെങ്കിലും കണ്ടെത്താനായില്ല. ഫോണിലും ലഭിക്കാതിരുന്നതിനെ തുടർന്ന് പോലീസിൽ പരാതി നൽകി. മൊബൈൽ ലൊക്കേഷൻ കറുകുറ്റിയിലെന്ന് കാണിച്ചതിനെ തുടർന്ന് പുലർച്ചെ നടത്തിയ തെരച്ചിലിലാണ് ഡോണിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. എറണാകുളത്ത് സിഎ വിദ്യാർത്ഥിയായിരുന്നു ഡോൺ. അമ്മ മോളി. ഡാലിൻ ഏക സഹോദരനാണ്.