അർജന്‍റീനയുടെ വിക്‌ടറി പരേഡ് അലങ്കോലം; തുറന്ന ബസിലേക്ക് എടുത്തുചാടി ആരാധകർ, സംഘര്‍ഷം, പരിക്ക്, അറസ്റ്റ്

0
267

ബ്യൂണസ് അയേഴ്‌സ്: ഫിഫ ലോകകപ്പ് നേടിയ അർജന്‍റീന ടീമിന്‍റെ ബ്യൂണസ് അയേഴ്സിലെ വിക്‌ടറി പരേഡിനിടെ സംഘർഷം. ലിയോണല്‍ മെസിയുടെയും സംഘത്തിന്‍റെയും തുറന്ന ബസിലേക്ക് ആരാധകർ എടുത്തുചാടി. 18 പേർക്ക് പരിക്കേറ്റു എന്നാണ് റിപ്പോര്‍ട്ട്. സംഘര്‍ഷമുണ്ടാക്കിയ ആരാധകരെ അറസ്റ്റ് ചെയ്‌തതായും റിപ്പോര്‍ട്ടുകളുണ്ട്. ആരാധകരെ പിരിച്ചുവിടാന്‍ ശ്രമിച്ച പൊലീസിന് നേരെ കല്ലുകളും കുപ്പികളും എറിഞ്ഞതായും അര്‍ജന്‍റൈന്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ആരാധകരെ നിയന്ത്രിക്കാന്‍ കഴിയാതെ വന്നതോടെ ടീം വിക്‌ടറി പരേഡ് ഹെലികോപ്റ്ററിലാണ് പൂർത്തിയാക്കിയത്.

ലോക കിരീടവുമായി ബ്യൂണസ് അയേഴ്‌സില്‍ പറന്നിറങ്ങിയ അര്‍ജന്‍റീന്‍ ടീമിന്‍റെ വിക്‌ടറി പരേഡ് കാണാന്‍ 40 ലക്ഷം ആരാധകര്‍ തടിച്ചുകൂടിയെന്നാണ് റിപ്പോര്‍ട്ട്. മറഡോണയുടെയും മെസിയുടേയും ചിത്രങ്ങളുള്ള പതാകയുമായി പാട്ടും മേളവുമായി ആരാധകർ ലോകകപ്പ് ജയം ആഘോഷമാക്കി. രാജ്യത്താകെ പൊതു അവധി നൽകിയാണ് അർജന്‍റീന മൂന്നാം ലോകകപ്പ് വിജയം ആഘോഷിക്കുന്നത്. നഗരത്തിലെ ഫ്ലൈഓവറുകളിലും റോഡുകളിലും തെരുവുകളിലും ആളുകള്‍ തിങ്ങിനിറഞ്ഞതോടെ ജനത്തെ നിയന്ത്രിക്കാന്‍ കഴിയാതെ വരികയായിരുന്നു.

അവസാന നാലിൽ കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകളായ ക്രൊയേഷ്യയെ തകർത്ത് മുന്നേറിയ ലിയോണല്‍ മെസിയും കൂട്ടരും കലാശപ്പോരിൽ നിലവിലെ ചാമ്പ്യന്മാരായിരുന്ന ഫ്രാൻസിനെ മലര്‍ത്തിയടിച്ചാണ് ഖത്തറില്‍ കിരീടമുയര്‍ത്തിയത്. കിരീടം നിലനിര്‍ത്താനിറങ്ങിയ ഫ്രാന്‍സിനെ ഷൂട്ടൗട്ടില്‍ 4-2 തകര്‍ത്ത് ലിയോണല്‍ മെസിയുടെ അര്‍ജന്‍റീന മൂന്നാം ലോക കിരീടം ഉയര്‍ത്തുകയായിരുന്നു. എക്‌സ്ട്രാ ടൈമിലും മത്സരം 3-3ന് തുല്യത പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. ഷൂട്ടൗട്ടില്‍ നിര്‍ണായക സേവുമായി അര്‍ജന്‍റീനയുടെ എമി മാര്‍ട്ടിനസ് ശ്രദ്ധ നേടി. ഫ്രാന്‍സിനായി ഹാട്രിക് നേടിയ കിലിയന്‍ എംബാപ്പെയുടെ ഒറ്റയാള്‍ പ്രകടത്തിന് ഫലമില്ലാണ്ടുപോയി.

LEAVE A REPLY

Please enter your comment!
Please enter your name here