അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ കുഞ്ഞാലിക്കുട്ടിക്കെതിരേ വെളിപ്പെടുത്തല്‍; അഭിഭാഷകനും സ്വകാര്യ ചാനലിനുമെതിരേ കേസ്

0
315

കണ്ണൂര്‍: അരിയില്‍ ഷുക്കൂര്‍ വധക്കേസുമായി ബന്ധപ്പെട്ട് പി കെ കുഞ്ഞാലിക്കുട്ടിക്കെതിരേ വെളിപ്പെടുത്തല്‍ നടത്തിയ അഭിഭാഷകനെതിരേയും വാര്‍ത്ത റിപോര്‍ട്ട് ചെയ്ത ചാനലിനെതിരേയും പോലിസ് കേസെടുത്തു. കണ്ണൂരിലെ പ്രമുഖ അഭിഭാഷകനായ ടി പി ഹരീന്ദ്രനെതിരെയും കണ്ണൂര്‍ വിഷന്‍ ചാനല്‍ മേധാവിക്കും റിപോര്‍ട്ടര്‍ക്കുമെതിരേയാണ് ഐപിസി 153ാം വകുപ്പ് പ്രകാരം പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്. മുസ്‌ലിം ലീഗിന്റെ അഭിഭാഷക സംഘടനയായ ലോയേഴ്‌സ് ഫോറം സംസ്ഥാന വൈസ് പ്രസിഡന്‍് അഡ്വ കെ എ ലത്തീഫ് നല്‍കിയ പരാതിയിലാണ് കേസെടുത്തത്.

സംസ്ഥാനത്താകെ 16 പോലിസ് സ്‌റ്റേഷനുകളില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകരും ലോയേര്‍സ് ഫോറം ഭാരവാഹികളും ഇതുപോലെ പരാതി നല്‍കിയിട്ടുണ്ട്. മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയെ തെറി വിളിച്ച് അധിക്ഷേപിക്കുകയും അപവാദം പ്രചരിപ്പിക്കുകയും ചെയ്തതിനെ തുടര്‍ന്ന് സമൂഹത്തില്‍ പ്രകോപനം സൃഷ്ടിക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്. ഷുക്കൂര്‍ വധക്കേസില്‍ പി ജയരാജനെതിരായ കൊലക്കുറ്റം ഒഴിവാക്കാന്‍ കുഞ്ഞാലിക്കുട്ടി ഇടപെട്ടെന്നായിരുന്നു അഭിഭാഷകനായ ടി പി ഹരീന്ദ്രന്റെ വെളിപ്പെടുത്തല്‍. ടി പി ഹരീന്ദ്രന്റെ ആരോപണം തെറ്റാണെന്ന് ഷുക്കൂര്‍ വധക്കേസ് അന്വേഷിച്ച ഡിവൈഎസ്പി സുകുമാരന്‍ പറഞ്ഞിരുന്നു.

ഒരുഘട്ടത്തിലും ഹരീന്ദ്രനുമായി ബന്ധപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന്‍തന്നെ ആരോപണത്തില്‍ കഴമ്പില്ലെന്ന് വ്യക്തമാക്കിയതോടെ അതിന്റെ പ്രസക്തി നഷ്ടപ്പെട്ടുവെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. ആരോപണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും അവര്‍ക്കെതിരേ ശക്തമായി തന്നെ മുന്നോട്ടുപോവുമെന്നുമാണ് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കിയിരുന്നത്. എന്നാല്‍, തനിക്ക് വ്യക്തിവൈരാഗ്യമില്ലെന്നും ആരോപണത്തിന് പിന്നില്‍ ഗൂഢാലോചനയില്ലെന്നുമാണ് ടി പി ഹരീന്ദ്രന്‍ പ്രതികരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here