ബംഗളൂരു: സംസ്ഥാനത്തെ എല്ലാ പ്രൈമറി, സെക്കൻഡറി സ്‌കൂളുകളിലും ദിവസവും 10 മിനിറ്റ് വീതം യോഗാഭ്യാസം നടത്തണമെന്ന് അധികൃതർക്ക് നിർദേശം നൽകി സംസ്ഥാന സർക്കാർ.
വിദ്യാർഥികളുടെ സ്ഥിരതയും ഏകാഗ്രതയും മെച്ചപ്പെടുത്തുന്നതിന്‍റെയും മാനസിക പിരിമുറുക്കം കുറക്കുന്നതിന്‍റെയും ഭാഗമായാണ് പുതിയ തീരുമാനം.
‘സംസ്ഥാനത്തെ വിദ്യാർഥികളുടെ ശാരീരികവും മാനസികവുമായ സമ്മർദം കുറക്കാനും ഏകാഗ്രതയും ആരോഗ്യവും ഉറപ്പാക്കാനും സ്‌കൂളുകളിൽ ദിവസവും യോഗ ചെയ്യേണ്ടത് ആവശ്യമാണ്. ഇത് വിദ്യാർഥികളിൽ നല്ല ശീലങ്ങൾ വളർത്തിയെടുക്കാനും അവരെ നല്ല പൗരന്മാരാകാനും സഹായിക്കുന്നു. ചില സ്‌കൂളുകളിൽ മുമ്പിത് നടപ്പിലാക്കിയിട്ടുണ്ട്’ -വിദ്യാഭ്യാസ മന്ത്രി ബി.സി.നാഗേഷ് പറഞ്ഞു.
കന്നഡ താരം പുനീത് രാജ്കുമാറിന്‍റെ ജീവിതകഥ സംസ്ഥാന ബോർഡിന്റെ സ്കൂൾ സിലബസിൽ ഉൾപ്പെടുത്തുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.