കോഴിക്കോട്: സംസ്ഥാനത്ത് കെട്ടിട നിർമാണ സാമഗ്രികളുടെ വില കുതിച്ചുയരുന്നു. 20 ശതമാനം വർധനവാണ് നിർമാണ ചെലവിലുണ്ടായത്. സംസ്ഥാനത്ത് ഒരു മാസത്തിനിടെ സിമന്‍റിലുണ്ടായത് 60 രൂപയുടെ വർധനയാണ്. രണ്ട് ദിവസത്തിനുള്ളിൽ 50 രൂപ കൂടി കൂട്ടുമെന്നാണ് സിമന്‍റ് കമ്പനികൾ അറിയിച്ചിട്ടുള്ളത്. അങ്ങനെ വരുമ്പോൾ ചുരുങ്ങിയ കാലത്തിനിടെ 110 രൂപയാണ് ഒരു ചാക്ക് സിമന്‍റിന് കൂടുക. മണൽ, എം സാന്‍റ്, മെറ്റൽ തുടങ്ങിയവയ്ക്ക് 25 ശതമാനത്തിലധികം വില വർധിച്ചു. ടി.എം.ടി സ്റ്റീലിന് ഒരു വർഷത്തിനിടെ കൂടിയത് 25 രൂപയാണ്. മറ്റ് സാധനങ്ങളുടെ വിലയും അനിയന്ത്രിതമായി കൂടുകയാണെന്ന് കരാറുകാർ പറയുന്നു.
അസംസ്കൃത വസ്തുക്കളുടെ വില വർധിക്കുന്നത് സർക്കാർ മേഖലയിലെ നിർമാണങ്ങളെയും ബാധിക്കും. വില പിടിച്ച് നിർത്താനുള്ള ഇടപ്പെടൽ സർക്കാർ നടത്തണമെന്നാവശ്യപ്പെട്ട് സമരത്തിനൊരുങ്ങുകയാണ് നിർമാണ മേഖലയിലെ സംഘടനകളുടെ കൂട്ടായ്മയായ കോൺഫെഡറേഷൻ ഓഫ് കൺസ്ട്രക്ഷൻ ഇൻഡസ്ട്രി(സി.സി.ഇ). ഈ മാസം 9ന് സി.സി.ഇ സെക്രട്ടേറിയേറ്റ് മാർച്ച് നടത്തും.