വിവാഹ ശേഷവും രാത്രി ഒമ്പതുവരെ കൂട്ടുകാര്‍ക്കൊപ്പം ചെലവഴിക്കാം; മുദ്രപത്രത്തില്‍ കരാറെഴുതി വധു!

0
221

പാലക്കാട്:  വിവാഹം കഴിഞ്ഞാല്‍ പിന്നെ വൈകുന്നേരത്തെ സോറപറച്ചിലിന് കൂട്ടുകാരനെ കിട്ടില്ലെന്നത് സൗഹൃദങ്ങള്‍ക്കിടയില്‍ ഏറെ പ്രചാരമുള്ള ഒരു ‘പഴമൊഴി’യാണ്. പലപ്പോഴും ചെറുപ്പം മുതലുള്ള കൂട്ടുകാരാണെങ്കില്‍ പിന്നെ പറയുകയും വേണ്ട. കല്ല്യാണം കഴിഞ്ഞിട്ട് പിന്നെ കാണാനേയില്ലല്ലോയെന്ന പരിഭവമായിരിക്കും.  ‘ഇന്നലെ വന്ന ഭാര്യയ്ക്ക് വേണ്ടി നീ ഞങ്ങളെ വിട്ടല്ലേടാ….’ എന്നതായിരിക്കും ആദ്യ പരിഭവം. എന്നാല്‍, വിവാഹിതനായാലും തങ്ങളുടെ കൂട്ടുകാരനെ അത്ര പെട്ടെന്നൊന്നും ഭാര്യയ്ക്ക് വിട്ടുകൊടുക്കില്ലെന്ന് തീരുമാനിച്ചത് കഞ്ചിക്കോട്ടെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായ രഘുവിന്‍റെ ‘ചങ്ക് ബ്രോസാ’ണ്.  അതിനായി അവര്‍ ഒരു ‘ഉറപ്പ്’ വധുവിന്‍റെ കൈയില്‍ നിന്നും എഴുതി വാങ്ങി.

മലയക്കോട് വി എസ് ഭവനില്‍ എസ് രഘുവിന്‍റെയും കാക്കയൂര്‍ വടക്കേപ്പുര വീട്ടില്‍ എസ് അര്‍ച്ചനയുടെയും വിവാഹം കഴിഞ്ഞ ശനിയാഴ്ചയായിരുന്നു കഴിഞ്ഞത്. വിവാഹത്തിന് പിന്നാലെ രഘുവിന്‍റെ കൂട്ടുകാര്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കെവച്ച വിവാഹ ഉടമ്പടിയാണ് തരംഗമായത്. വിവാഹത്തിന് മുമ്പ് തന്നെ കൂട്ടുകാരോടൊത്ത് കൂടിയ ‘ആ കാലം’ നഷ്ടമാകാതിരിക്കാന്‍ രഘുവിന്‍റെ ഭാര്യയില്‍ നിന്നും കൂട്ടുകാര്‍ ഒരു ഉറപ്പ് എഴുതി വാങ്ങി. രാത്രി ഒമ്പത് മണി വരെ കൂട്ടൂകാരോടൊപ്പം ചെലവഴിക്കാന്‍ ഭര്‍ത്താവിനെ അനുവദിക്കുമെന്നും അതുവരെ ഫോണ്‍ വിളിച്ച് ശല്യം ചെയ്യില്ലെന്നുമാണ് 50 രൂപയുടെ മുദ്രപത്രത്തില്‍ രഘുവിന്‍റെ പേരില്‍ അര്‍ച്ചനയില്‍ നിന്നും ആ ചങ്ക് ബ്രോസ് എഴുതി വാങ്ങിയത്.

വിവാഹ സമ്മാനമായി വരന്‍റെ സുഹൃത്തുക്കള്‍ തന്നെയാണ് 50 രൂപയുടെ മുദ്രപത്രം വാങ്ങി വധുവിന്‍റെ അനുമതി തേടിയത്. പിന്നീടത് സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവച്ചു. രാത്രി ഒമ്പത് മണിവരെ കൂട്ടുകാര്‍ക്കൊപ്പം ചെലവഴിക്കാമെന്നും അതുവരെ ഭര്‍ത്താവിനെ ഫോണ്‍ ചെയ്ത് ശല്യം ചെയ്യില്ലെന്നും മൂന്ന് തവണ സത്യം ചെയ്യുന്ന മുദ്രപത്രം പെട്ടെന്ന് തന്നെ സാമൂഹിക മാധ്യമങ്ങളില്‍ തരംഗമായി. വിവാഹ ഉടമ്പടിയോടെ രഘുവും ഭാര്യ അര്‍ച്ചനയും നാട്ടിലെ താരങ്ങളായി. അര്‍ച്ചന ബാങ്ക് ജോലിക്കായുള്ള കോച്ചിങ്ങ് ക്ലാസുകളില്‍ പങ്കെടുക്കുന്നു. സാമൂഹികമാധ്യമങ്ങളില്‍ ഇരുവരെയും അഭിനന്ദിച്ച് പലരും രംഗത്തെത്തിയപ്പോള്‍, ഭര്‍ത്താവ് ഇതുപോലൊരു ഉടമ്പടി ഭാര്യയ്ക്കും എഴുതി നല്‍കുമോയെന്ന സന്ദേഹികളും രംഗത്തെത്തി.

LEAVE A REPLY

Please enter your comment!
Please enter your name here