കരിപ്പൂർ ∙ വായിൽ ഒളിപ്പിച്ചു കടത്തിയ എട്ടു കഷണം സ്വർണവുമായി യാത്രക്കാരൻ പിടിയിൽ. കാസർകോട് പെരുമ്പള വലിയമൂല സ്വദേശി അബ്ദുൽ അഫ്സൽ (24) ആണ് വായിൽ 8 സ്വർണ കഷണങ്ങളുമായി എത്തിയത്. ഷാർജയിൽനിന്ന് കോഴിക്കോട് വിമാനത്താവളത്തിൽ എത്തിയ അഫ്സൽ വിമാനത്താവളത്തിനുള്ളിലെ പരിശോധന കഴിഞ്ഞു പുറത്തിറങ്ങിയപ്പോൾ കരിപ്പൂർ പൊലീസ് പിടികൂടുകയായിരുന്നു. 233 ഗ്രാം (29 പവൻ) സ്വർണമാണ് നാവിനടിയിലും മറ്റും ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്. മാസ്ക് ധരിച്ച് ഒന്നുമറിയാത്ത പോലെ കസ്റ്റംസ് പരിശോധന പൂർത്തിയാക്കി പുറത്തിറങ്ങിയ അഫ്‌സലിനെ ജില്ലാ പൊലീസ് മേധാവി എസ്.സുജിത് ദാസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് കസ്റ്റഡിയിൽ എടുത്ത് പരിശോധിച്ചപ്പോഴാണ് സ്വർണം കണ്ടെത്തിയത്.
കോഴിക്കോട് വിമാനത്താവളത്തിലെത്തിയ മറ്റു 2 യാത്രക്കാരിൽനിന്നും സ്വർണം പിടികൂടി. ഇവരിൽ ഒരാളെ വിമാനത്താവളത്തിനു പുറത്തിറങ്ങിയപ്പോൾ പൊലീസും ഒരു യാത്രക്കാരനെ കസ്റ്റംസും ആണു പിടികൂടിയത്. ഷാർജയിൽ നിന്നെത്തിയ കോഴികോട് മാങ്കാവ് സ്വദേശി ഇബ്രാഹിം ബാദുഷയെ ആണ് ഷൂസിനുള്ളിൽ ഒളിപ്പിച്ച 214 ഗ്രാം സ്വർണ മിശ്രിതവുമായി പൊലീസ് വിമാനത്താവളത്തിനു പുറത്തുനിന്നു പിടികൂടിയത്.
സോക്സുകള്‍ക്കകത്ത് 215 ഗ്രാം സ്വര്‍ണം മിശ്രിത രൂപത്തിൽ രണ്ട് പാക്കറ്റുകളിലാക്കി ഒളിപ്പിച്ച് കടത്തുകയായിരുന്നു. വിമാനത്താവളത്തിനു പുറത്തിറങ്ങിയ ബാദുഷയെ നിരീക്ഷിച്ചുകൊണ്ട് പുറത്ത് പൊലീസ് നിലയുറപ്പിച്ചിരുന്നു. പുറത്തെത്തിയ ബാദുഷ തന്നെ കൊണ്ട് പോവാന്‍ വന്ന സുഹൃത്തുക്കളോടൊപ്പം കാറില്‍ കയറി പുറത്തേക്ക് പോകും വഴിയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ആദ്യഘട്ട ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിക്കാൻ ബാദുഷ വിസമ്മതിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ വിശദമായ ദേഹപരിശോധനയിലാണ് സ്വർണം കണ്ടെത്തിയത്.