മലയാളി ഡോക്ടറുടെ പോരാട്ടം ഫലം കണ്ടു; പതഞ്ജലിയുടെ മരുന്നുകള്‍ക്കു വിലക്ക്; നിര്‍മ്മാണം നിര്‍ത്താന്‍ നിര്‍ദേശം

0
104

ബാബ രാംദേവിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന പതഞ്ജലിയുടെ മരുന്നുകളുടെ നിര്‍മ്മാണം നിര്‍ത്താന്‍ നിര്‍ദേശം. പതഞ്ജലി ഉത്പന്നങ്ങളുടെ നിര്‍മാതാക്കളായ ദിവ്യ ഫാര്‍മസിയോട് അഞ്ചു മരുന്നുകളുടെ ഉത്പാദനം നിര്‍ത്താനാണ് ഉത്തരാഖണ്ഡ് ആയുര്‍വേദ, യൂനാനി ലൈസന്‍സിങ് അഥോറിറ്റി നിര്‍ദേശിച്ചിരിക്കുന്നത്. കേരള സ്വദേശിയായ ഡോക്ടര്‍ കെവി ബാബു നല്‍കിയ പരാതിയിലാണ് നടപടി. ദിവ്യ ഫാര്‍മസിയില്‍ നിര്‍മിക്കുന്ന അഞ്ചുമരുന്നുകളുടെയും ചേരുവകളും നിര്‍മാണ ഫോര്‍മുലയും അറിയിക്കാന്‍ അഥോറിറ്റി ഉത്തരവിട്ടിട്ടുണ്ട്.

ബിപിഗ്രിറ്റ്, മധുഗ്രിറ്റ്, തൈറോഗ്രിറ്റ്, ലിപിഡോം, ഐഗ്രിറ്റ് എന്നിവയുടെ നിര്‍മാണ വിവരങ്ങള്‍ അറിയിക്കാനാണ്, ബാബ രാംദേവിന്റെ നേതൃത്വത്തിലുള്ള കമ്പനിക്ക് നിര്‍ദേശം. രക്തസമ്മര്‍ദം, പ്രമേഹം, ഗോയിറ്റര്‍, ഗ്ലൂക്കോമ, കൊളസ്ട്രോള്‍ എന്നിവയ്ക്കുള്ള മരുന്നുകള്‍ എന്ന പേരിലാണ് ഇവ വിപണിയില്‍ വിറ്റഴിച്ചിരുന്നത്. ഈ മരുന്നുകള്‍ വിദഗ്ദ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും നിര്‍മാണ വിവരങ്ങള്‍ അഥോറിറ്റി അംഗീകരിച്ചാല്‍ തുടര്‍ന്നും ഇവയുടെ ഉത്പാദനം നടത്താമെന്ന് നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ദിവ്യ ഫാര്‍മസി പുറത്തിറക്കുന്ന മരുന്നുകള്‍ നിര്‍മാണ ചട്ടങ്ങള്‍ ലംഘിക്കുന്നുവെന്നും. ഇതു പരിശോധിക്കണമെന്നും ഡോക്ടര്‍ കെവി ബാബു ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായി അദേഹം നടത്തിയ നിയമപോരാട്ടത്തിലൂടെയാണ് പതഞ്ജലിക്ക് നോട്ടീസ് അയച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here