ബോംബില്‍ വച്ചിരുന്ന ആണി ഹൃദയത്തില്‍ തുളഞ്ഞു കയറി; കോയമ്പത്തൂർ സ്ഫോടനം നടത്തിയ ജമേഷ മരിച്ചത് ഇങ്ങനെ

0
177

കോയമ്പത്തൂർ: ദീപാവലി ദിനത്തില്‍ കോയമ്പത്തൂരില്‍  കാർ സ്ഫോടനം നടത്തിയ ജമേഷ മുബിൻ മരിച്ചത് ഹൃദയത്തിൽ ആണി തുളഞ്ഞു കയറിയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. സ്ഫോടക വസ്തുക്കള്‍ക്കൊപ്പം ആണികളും മാര്‍ബിള്‍ കഷ്ണങ്ങളും ഉപയോഗിച്ചിരുന്നു. ഇതേ ആണികള്‍ തന്നെയാണ് ജമേഷ മുബിന്‍റെ ഹൃദയത്തില്‍ തുളഞ്ഞു കയറിയത്.

നെഞ്ചിന്റെ ഇടതുവശത്തു കൂടി തുളഞ്ഞ‍ു കയറിയ ആണികളൊന്നാണ് ഹൃദയത്തിൽ തറച്ചത്. ഒട്ടേറെ ആണികൾ ജമേഷ മുബിന്‍റെ ശരീരത്തിൽ തുളഞ്ഞുകയറിയതായും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്. സ്ഫോടനത്തിൽ ജമേഷ മുബിന് ദേഹത്തൊട്ടാകെ  കടുത്ത പൊള്ളലേറ്റെങ്കിലും ശരീരം ചിന്നിച്ചിതറിയിരുന്നില്ല.

ഒക്ടോബര്‍ 23ന് പുലർച്ചെ 4.03നാണ് കോട്ടമേട് സംഗമേശ്വരർ ക്ഷേത്രത്തിനു മുന്നിൽ കാറിൽ രണ്ടു ചെറിയ സ്ഫോടനങ്ങളും ഒരു വൻ സ്ഫോടനവും നടന്നത്. ഡ്രൈവറുടെ സീറ്റിൽ നിന്ന് ഏതാനും അടി ദൂരെ ക്ഷേത്രത്തിനു മുന്നിൽ റോഡിലാണ് ജമേഷ മുബിന്റെ മൃതദേഹം കണ്ടെത്തിയത്.

അതിനിടെ കാർ സ്ഫോടന കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ആറുപേരെ ഇന്നലെ ചെന്നൈ പൂന്തമല്ലിയിലെ എൻഐഎ കോടതിയിൽ ഹാജരാക്കി. ആറുപേരെയും 22വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തതിനെ തുടർന്ന് കോയമ്പത്തൂർ ജയിലിലേക്ക് അയച്ചു.

അതേ സമയം കോയമ്പത്തൂർ ചാവേർ സ്ഫോ‌ടനക്കേസിലെ പ്രതി‌യുടെ വീട്ടിൽ സിറ്റി പൊലീസ് നടത്തിയ റെയ്ഡിൽ പെൻഡ്രൈവ് പിടിച്ചെടുത്തു. ചാവേർ സ്ഫോടനത്തിൽ കൊല്ലപ്പെട്ട ജമേഷ മുബീന്റെ വീട്ടിൽ നിന്നാണ് പെൻഡ്രൈവ് കണ്ടെടുത്തതെന്ന് പൊലീസ് അറിയിച്ചു. ഐഎസ് പ്രൊപ്പ​ഗാണ്ട വീഡിയോകളാണ് പെൻഡ്രൈവിലുണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഇയാളുടെ കഴിഞ്ഞ നാല് വർഷത്തെ നീക്കങ്ങളും ഇയാൾ ആരുമായൊക്കെ ബന്ധപ്പെട്ടുവെന്നതും പരിശോധിക്കുകയാണെന്നും പൊലീസ് പറഞ്ഞു.

പിടിച്ചെടുത്ത പെൻഡ്രൈവിൽ നൂറോളം വീഡിയോകളാണ് ഉള്ളത്. ഇതിൽ നാൽപതോളം വീഡിയോ  ശ്രീലങ്കൻ ഭീകരാക്രമണത്തിലെ മുഖ്യസൂത്രധാരൻ സെഹ്റാൻ ബിൻ ഹാഷിമിന്റേതാണ്. 15ഓളം വീഡിയോ സാക്കിർ നായിക്കിന്റെ പ്രഭാഷണങ്ങളും. ബാക്കി വീഡിയോ ഐഎസ് നടത്തിയ വീഡിയോകളുടേതാണെന്നും പൊലീസ് വ്യക്തമാക്കി. 2019ന് ശേഷം പെൻഡ്രൈവിൽ പുതി‌ വീഡിയോ ചേർത്തിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here