പിഞ്ചു കുഞ്ഞുങ്ങളെ കൊലപ്പെടുത്തി അമ്മയുടെ ആത്മഹത്യ: ഞെട്ടലില്‍ നാട്

0
623

മലപ്പുറം: പിഞ്ചു പൈതങ്ങളെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്ത സംഭവം ഞെട്ടലോടെയാണ് നാട്ടുകാരറിഞ്ഞത്. ഭര്‍ത്താവ് ഉറങ്ങിക്കിടക്കെവെയാണ് പിഞ്ചുമക്കളെ കൊലപ്പെടുത്തി അമ്മ തൂങ്ങിമരിച്ചത്. കോട്ടക്കല്‍ ചെട്ടിയാംകിണറിലാണ് നാടിനെയും നാട്ടുകാരേയും ഞെട്ടിച്ച സംഭവം. ചെട്ടിയാംകിണര്‍ സ്വദേശി റാഷിദ് അലിയുടെ ഭാര്യ സഫ്‌വ, മക്കളായ ഫാത്തിമ മര്‍സീവ, മറിയം എന്നിവരാണ് മരിച്ചത്.

ഇന്ന് പുലര്‍ച്ചെ മക്കളെ കിടപ്പ് മുറിയില്‍ വിഷം അകത്ത് ചെന്ന് മരണപ്പെട്ട നിലയിലും അമ്മയെ തൂങ്ങിനില്‍ക്കുന്ന നിലയിലും കണ്ടെത്തുകയായിരുന്നു. ഫാത്തിമ മര്‍സീവക്ക് നാലും മറിയത്തിന് ഒരു വയസുമാണ് പ്രായം. 26 കാരിയാണ് സഫ്‌വ. ഭാര്യയുടെയും മക്കളുടെയും മരണം ഭര്‍ത്താവ് റാഷിദ് അലിയാണ് നാട്ടുകാരെ അറിയിച്ചത്. സഫ്‌വയും മക്കളും ഒരു മുറിയിലും റാഷിദ് അലി മറ്റൊരു മുറിയുമാണ് കിടന്നിരുന്നത്. സാധാരണ എഴുന്നേല്‍ക്കുന്ന സമയമായിട്ടും സഫ്‌വയെ കാണാതായതോടെ റാഷിദ് അലി സഫ്‌വയും മക്കളും കിടന്ന മുറിയിലെത്തിയപ്പോഴാണ് സംഭവം കണ്ടത്.

ഉടന്‍ നാട്ടുകാരുടെ സഹായത്തോടെ കോട്ടക്കലിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മൂന്നു പേരും മരണപ്പെട്ടിരുന്നു. വിദേശത്തായിരുന്ന റാഷിദ് അലി ഒരു വര്‍ഷമായി നാട്ടിലാണ്. അസ്വാഭാവിക മരണത്തിന് കല്‍പ്പകഞ്ചേരി പൊലീസ് കേസെടുത്തു. സംഭവത്തില്‍ മറ്റ് ദുരൂഹതകളില്ലെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. എന്നാല്‍, സംഭവത്തിന് പിന്നില്‍ ഭര്‍തൃവീട്ടിലെ പീഡനമെന്ന ആരോപണവുമായി യുവതിയുടെ കുടുംബം രംഗത്തെത്തി. പുലര്‍ച്ചെ സഫ്‍വ ഭര്‍ത്താവിന് സന്ദശമയച്ചിരുന്നെന്നും മര്‍ദനം സഹിക്കാം കുത്തുവാക്കുകള്‍ സഹിക്കാനാവില്ലെന്നുമുള്ള ഓഡിയോ സന്ദേശം സഫ്‍വയുടെ ഫോണ്‍ പരിശോധിച്ചപ്പോള്‍ കണ്ടെത്തിയെന്ന് സഹോദരന്‍ പറഞ്ഞു. താനിന്നലെ മറ്റൊരു മുറിയിലായിരുന്നു കിടന്നതെന്നും പുലര്‍ച്ചെയാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടതെന്നുമാണ് ഭര്‍ത്താവ് റഷീദലി പറയുന്നത്. താനൂര്‍ ഡിവൈഎസ്പിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here