ദുബൈയില്‍ ശൈഖ് സായിദ് റോഡ് നാളെ ഭാഗികമായി അടച്ചിടും

0
188

ദുബൈ: ദുബൈയിലെ പ്രധാന ഹൈവേയായ ശൈഖ് സായിദ് റോഡ് നാളെ ഭാഗികമായി അടച്ചിടുമെന്ന് ദുബൈ റോഡ്സ് ആന്റ് ട്രാന്‍സ്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചു. നവംബര്‍ ആറിന് രാവിലെ നാല് മണി മുതല്‍ ഒന്‍പത് മണി വരെയായിരിക്കും വാഹനങ്ങള്‍ക്ക് നിയന്ത്രണം.

ദുബൈയിലെ സ്വദേശികളും പ്രവാസികളും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ‘ദുബൈ റെഡിന്’ വേണ്ടിയാണ് ശൈഖ് സായിദ് റോഡില്‍ ഗതാഗത നിയന്ത്രണം കൊണ്ടുവരുന്നത്. ദുബൈ ഫിറ്റ്നസ് ചലഞ്ചിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെടുന്ന ദുബൈ റൈഡിന് ശൈഖ് സായിദ് റോഡിന്റെ ഇരു വശങ്ങളും ഉപയോഗിക്കും. ട്രേഡ് സെന്റര്‍ റൗണ്ട്എബൗട്ട് മുതല്‍ സഫ പാര്‍ക്ക് ഇന്റര്‍ചേഞ്ച് (സെക്കന്റ് ഇന്റര്‍ചേഞ്ച്) വരെയുള്ള ഭാഗമായിരിക്കും ഇതിനായി മാറ്റിവെയ്ക്കുകയെന്ന് റോഡ്സ് ആന്റ് ട്രാന്‍സ്‍പോര്‍ട്ട് അതോറ്റി അറിയിച്ചിട്ടുണ്ട്.

ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്ന സമയങ്ങളില്‍ മറ്റ് റോഡുകള്‍ ഉപയോഗിക്കണമെന്നാണ് നിര്‍ദേശം. ഇതിനായി അല്‍ വസ്‍ല്‍ സ്ട്രീറ്റ്, അല്‍ ഖലീല്‍ സ്ട്രീറ്റ്, അല്‍ മെയ്ദാന്‍ സ്ട്രീറ്റ്, അല്‍ അസായില്‍ സ്ട്രീറ്റ്, സെക്കന്റ് സാബീല്‍ സ്ട്രീറ്റ്, സെക്കന്റ് ഡിസംബര്‍ സ്ട്രീറ്റ്, അല്‍ ഹാദിഖ സ്ട്രീറ്റ് എന്നിവ ഉപയോഗിക്കാം.

ദുബൈയിലെ ഏറ്റവും വലിയ സൈക്ലിങ് ഇവന്റായ ദുബൈ റെഡില്‍ പങ്കെടുക്കുക വഴി ബുര്‍ജ് ഖലീഫ, മ്യൂസിയം ഓഫ് ഫ്യൂച്ചര്‍, ദുബൈ വാട്ടര്‍ കനാല്‍ എന്നിവയ്ക്ക് മുന്നിലൂടെ സൈക്കിളില്‍ യാത്ര ചെയ്യാന്‍ അവസരം ലഭിക്കും. ശൈഖ് സായിദ് റോഡിനെ അക്ഷാര്‍ത്ഥത്തില്‍ സൈക്ലിങ് ട്രാക്ക് ആക്കി മാറ്റുന്ന ദുബൈ റൈഡില്‍ കഴിഞ്ഞ വര്‍ഷം 33,000 പേരാണ് പങ്കെടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here