‘തകർന്ന ഹൃദയങ്ങൾ എവിടെ പോകുന്നു? അല്ലാഹുവിനെ കണ്ടെത്താൻ’; കുറിപ്പുമായി സാനിയ മിർസ

0
241

ഹൈദരാബാദ്: ലോകമെങ്ങും ഏറെ ആരാധകരുള്ള താരജോഡിയാണ് സാനിയ മിർസയും ശുഐബ് മാലിക്കും. അടുത്തിടെയാണ് ഇരുവരും വേർപിരിഞ്ഞതായുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നത്. എന്നാൽ, സോഷ്യൽ മീഡിയയിലെ അഭ്യൂഹങ്ങൾക്കിടെ കൂടുതൽ സംശയമുണർത്തുകയാണ് ഇന്ത്യയുടെ ഇതിഹാസ ടെന്നീസ് താരത്തിന്റെ സോഷ്യൽ മീഡിയ ഇടപെടലുകൾ.

കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പും സ്റ്റോറിയുമാണ് പുതിയ ചർച്ചകൾക്കിടയാക്കിയിരിക്കുന്നത്. ”തകർന്ന ഹൃദയങ്ങൾ എവിടെ പോകുന്നു? അല്ലാഹുവിനെ കണ്ടെത്താൻ”-സാനിയ ഏറ്റവും ഒടുവിൽ പങ്കുവച്ച ഇൻസ്റ്റഗ്രാം സ്‌റ്റോറിയാണിത്. ദിവസങ്ങൾക്കുമുൻപ് മകൻ ഇഷാനൊപ്പമുള്ള ചിത്രം പങ്കുവച്ചും നിലവിലെ ജീവിതസാഹചര്യത്തെക്കുറിച്ചുള്ള സൂചനകൾ നൽകിയിരുന്നു താരം. കഠിനമായ ദിനങ്ങളിൽ മുന്നോട്ടുപോകാൻ സഹായിക്കുന്ന നിമിഷങ്ങൾ എന്ന അടിക്കുറിപ്പായിരുന്നു കുഞ്ഞിനൊപ്പമുള്ള ചിത്രങ്ങൾക്കൊപ്പം കുറിച്ചിരുന്നത്.

ദിവസങ്ങൾക്കുമുൻപും നിലവിലെ മാനസികാവസ്ഥയെക്കുറിച്ച് സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തിയിരുന്നു സാനിയ മിർസ. മാനസികമായി തളർന്നിരിക്കുകയാണെന്നും പ്രത്യേക അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്നുമാണ് ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ താരം സൂചിപ്പിച്ചത്. എന്നാൽ, ദൈവത്തെ വിശ്വസിക്കണമെന്നും ഏറ്റവും നല്ല മാർഗത്തിലൂടെ അവൻ നമ്മെ നയിക്കുമെന്നും സാനിയ കുറിച്ചു.

”നിന്റെ ആത്മാവ് തളർന്നിരിക്കുകയാണെന്ന് അല്ലാഹുവിന് അറിയാം. ഇപ്പോൾ കടന്നുപോകുന്നതെല്ലാം നിനക്ക് ഉൾക്കൊള്ളാനാകുന്നില്ലെന്നും നീ ചോദിച്ചുകൊണ്ടിരിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നുണ്ടെന്നും അവന് അറിയാം. നീ ആശയക്കുഴപ്പത്തിലാണ്, സമാധാനം അന്വേഷിക്കുകയാണെന്നെല്ലാം അവന്റെ അറിവിലുണ്ട്. എന്നാൽ, നിനക്ക് ഏറ്റവും നല്ലതെന്താണെന്ന അറിവും അവനുണ്ട്. ആ ദിശയിലേക്ക് അവൻ നിന്നെ എപ്പോഴും നയിക്കും. അവനെ വിശ്വസിക്കുക.”-ഇൻസ്റ്റ സ്റ്റോറിയിൽ സാനിയ കുറിച്ചു.

മറ്റൊരു സ്റ്റോറിയിൽ സ്വന്തമായുള്ള ഇടങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും താരം സൂചിപ്പിച്ചു. ”നമ്മൾ എല്ലാവരെയും പോലെ ചിലപ്പോൾ ഒരു പ്രത്യേക ഇടം അവളും തേടുന്നുണ്ട്. നമ്മൾ നിശബ്ദമായിരിക്കുന്ന, പുറംലോകത്തെ ബഹളങ്ങളിൽനിന്ന് ഒഴിഞ്ഞുനിൽക്കുന്ന ഒരിടം. അവിടെ നമുക്ക് സ്വന്തം ആത്മാവിന്റെ മന്ത്രങ്ങൾ കേൾക്കാനാകും.”-സാനിയ സൂചിപ്പിച്ചു.

2010ലാണ് സാനിയയും പാക് ക്രിക്കറ്റ് താരം ശുഐബ് മാലിക്കും വിവാഹിതരാകുന്നത്. 2018ൽ ഇവർക്ക് ഒരു ആൺകുഞ്ഞും പിറന്നു. കഴിഞ്ഞയാഴ്ച ദുബൈയിൽ വച്ചാണ് സാനിയയും ശുഐബ് മാലിക്കും ഇഷാന്റെ നാലാം ജന്മദിനം ആഘോഷിച്ചത്.

ആഘോഷത്തിന്റെ ചിത്രങ്ങൾ പങ്കുവച്ച് ശുഐബ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത കുറിപ്പിനു താഴെയും ആരാധകർ കമന്റുകളുമായി രംഗത്തെത്തിയിരുന്നു. നമ്മൾ ഒരുമിച്ചല്ലെങ്കിലും എന്നും കണ്ടുമുട്ടുന്നില്ലെങ്കിലും ബാബ എപ്പോഴും നിന്നെക്കുറിച്ച് ചിന്തിക്കുന്നുണ്ടെന്നായിരുന്നു കുറിച്ച്. അതേസമയം, ജന്മദിന ആഘോഷത്തിന്റെ ചിത്രങ്ങളൊന്നും സാനിയ പങ്കുവച്ചിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here