കർണാടകയിൽ 2000 കോടി നിക്ഷേപിക്കാൻ ലുലു ഗ്രൂപ്പ്; ബെംഗളൂരുവിൽ പുതിയ ഷോപ്പിങ് മാൾ

0
207

ബെംഗളൂരു∙ കര്‍ണാടകയില്‍ 2000 കോടി രൂപയുടെ നിക്ഷേപവുമായി ലുലു ഗ്രൂപ്പ്. ബെംഗളൂരുവില്‍ പുതിയ ഷോപ്പിങ് മാളും ഫുഡ് എക്സ്പോര്‍ട്ട് യൂണിറ്റും തുടങ്ങും. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത നിക്ഷേപക സംഗമത്തിലാണ് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലിയുടെ പ്രഖ്യാപനം.

കര്‍ണാടകയില്‍ 2000 കോടി രൂപയുടെ കൂടി നിക്ഷേപത്തിനു സര്‍ക്കാരുമായി ലുലുഗ്രൂപ്പ് ധാരണാപത്രം ഒപ്പിട്ടു. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ യൂസഫലി കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണു ധാരണാപത്രം ഒപ്പിട്ടത്.
ബെംഗളൂരുവില്‍ പുതിയ വിമാനത്താവളത്തിനു സമീപമാണു ലുലു ഷോപ്പിങ് മാള്‍ തുടങ്ങുക. ബെംഗളൂരുവില്‍ ലുലുഗ്രൂപ്പിന്‍റെ രണ്ടാമത്തെ ഷോപ്പിങ് മാളാണിത്. ഇതിനുള്ള സ്ഥലം അനുവദിച്ചുകൊണ്ടും ധാരണയായി.

കൂടാതെ വിപുലമായ ഫുഡ് എക്സ്പോര്‍ട്ടിങ് യൂണിറ്റും കര്‍ണാടകയില്‍ തുടങ്ങുകയാണ്. കര്‍ണാടകയുടെ കാര്‍ഷിക മേഖലയിൽനിന്നുള്ള ശുദ്ധമായ പഴങ്ങളും പച്ചക്കറികളും ലുലു ഗ്രൂപ്പിന്‍റെ ലോജിസ്ടിക്സ് സെന്‍റര്‍ വഴി പ്രോസസ് ചെയ്തു കയറ്റുമതി ചെയ്യുന്ന ചെയിന്‍ പദ്ധതിയാണ് ഫുഡ് പ്രോസസിങ് ഫോര്‍ എക്സ്പോര്‍ട്ട് ഒറിയെന്‍റഡ് യൂണിറ്റ്. നേരത്തെ സ്വിറ്റ്സര്‍ലന്‍ഡിലെ ദാവോസില്‍ നടന്ന വേള്‍ഡ് ഇക്കണോമിക്സ് ഫോറത്തില്‍ യൂസഫലിയുമായി കര്‍ണാടക മുഖ്യമന്ത്രി നടത്തിയ ചര്‍ച്ചയുടെ ഭാഗമായാണ് ഈ നിക്ഷേപം.

കര്‍ണാടക സര്‍ക്കാരിന്‍റെ പ്രത്യേക ക്ഷണപ്രകാരമാണ് യൂസഫലി നിക്ഷേപകസംഗമത്തിന് എത്തിയത്. കേന്ദ്രധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍, കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍, കര്‍ണാടക ഗവര്‍ണര്‍ തവര്‍ചന്ദ് ഗെലോട്ട് തുടങ്ങി പ്രമുഖരും സംഗമത്തില്‍‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here