800 കോടി മനുഷ്യർ പാർക്കുന്ന ലോകം; സുപ്രധാന നാഴികക്കല്ല് പിന്നിട്ട് ലോകജനസംഖ്യ

0
242

ന്യൂഡൽഹി: 800 കോടി പിന്നിട്ട് ലോകജനസംഖ്യ. ഐക്യരാഷ്ട്ര സഭയുടെ റിപ്പോർട്ട് പ്രകാരമാണ് മാനുഷിക വിഭവശേഷിയിൽ ലോകം ഇന്ന് സുപ്രധാന നാഴികക്കല്ല് പിന്നിട്ടിരിക്കുന്നത്. ജനസംഖ്യയിൽ ചൈനയെയും പിന്നിലാക്കി ഇന്ത്യ ഒന്നാം സ്ഥാനത്തേക്ക് കുതിക്കുകയാണെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. അടുത്ത വർഷം ഇന്ത്യ ചൈനയെ മറികടക്കുമെന്നാണ് കണക്കുകൂട്ടൽ.

എട്ടു ബില്യൻ ദിനം എന്നാണ് ഈ ദിവസത്തെ യു.എൻ വിശേഷിപ്പിച്ചത്. അഭൂതപൂർവമായ വളർച്ചയാണിതെന്ന് യു.എൻ റിപ്പോർട്ടിൽ പറയുന്നു. പൊതുജനാരോഗ്യം, പോഷകാഹാരം, വ്യക്തിശുചിത്വം, മരുന്നുകൾ തുടങ്ങിയ മേഖലകളിലുണ്ടായ കുതിച്ചുചാട്ടമാണ് മനുഷ്യായുസ്സിലും ഘട്ടംഘട്ടമായുള്ള കുതിപ്പുണ്ടാക്കിയിരിക്കുന്നത്. ചില രാജ്യങ്ങളിലെ ഉയർന്ന നിരക്കിലുള്ള പ്രത്യുത്പാദന നിരക്കും മറ്റൊരു കാരണമാണെന്ന് റിപ്പോർട്ടിൽ പറയുന്നു.

ആഫ്രിക്കൻ-ഏഷ്യൻ വൻകരയിലാണ് ജനസംഖ്യയിൽ വൻ കുതിച്ചുചാട്ടം റിപ്പോർട്ട് ചെയ്യുന്നത്. ഇന്ത്യ, കോംഗോ, ഈജിപ്ത്, എത്യോപ്യ, നൈജീരിയ, പാകിസ്താൻ, ഫിലിപ്പൈൻസ്, താൻസാനിയ എന്നിവയാണ് ആ രാജ്യങ്ങൾ. ഈ രാജ്യങ്ങളില്‍നിന്നാണ് അടുത്ത ബില്യന്‍ ജനസംഖ്യ വരികയെന്നാണ് കരുതപ്പെടുന്നത്. പട്ടികയിൽ ചൈനയില്ലെന്നതാണ് ശ്രദ്ധേയം. 1980ൽ നടപ്പാക്കിയ ജനസംഖ്യാ ആസൂത്രണ നയത്തിൽ 2016ൽ ഇളവ് വരുത്തിയെങ്കിലും ചൈനയിൽ ജനസംഖ്യ ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്. നിലവിൽ 142 കോടിയാണ് ചൈനീസ് ജനസംഖ്യ. ഇന്ത്യ 141 കോടിയും പിന്നിടുകയാണ്.

ജനസംഖ്യ 700ൽനിന്ന് 800 കോടിയിലെത്താൻ 12 വർഷമാണെടുത്തത്. എന്നാൽ, അടുത്തൊരു നൂറുകോടി കടക്കാൻ 15 വർഷമെടുക്കും. 2037ലായിരിക്കും ലോകജനസംഖ്യ 900 കോടി കടക്കുക. ജോക ജനസംഖ്യാ വളർച്ച കുറഞ്ഞുകൊണ്ടിരിക്കുകയാണെന്നതിന്റെ സൂചനയാണിതെന്നും യു.എൻ പറയുന്നു.

ലോകജനസംഖ്യയുടെ പകുതിയും ഏഴു രാജ്യങ്ങളിലാണ് കേന്ദ്രീകരിച്ചിട്ടുള്ളത്. ചൈനയും ഇന്ത്യയും തന്നെയാണ് മുന്നിൽ. യു.എസ്, ഇന്തോനേഷ്യ, പാകിസ്താൻ, നൈജീരിയ, ബ്രസീൽ എന്നിവയാണ് മറ്റു രാജ്യങ്ങൾ.

LEAVE A REPLY

Please enter your comment!
Please enter your name here